|    Oct 18 Thu, 2018 1:43 am
FLASH NEWS

നിസ്വാര്‍ഥ സേവനത്തിലൂടെ ജനമനസ്സ് കീഴടക്കിയ മൊയ്തുക്ക ഇനി ഓര്‍മയില്‍

Published : 26th September 2017 | Posted By: fsq

 

മാനന്തവാടി: മത ജാതി രാഷ്ട്രീയ വിത്യാസം മറന്ന് നിസ്വാര്‍ഥ സേവനം കൈമുതലാക്കി രണ്ട് പതിറ്റാണ്ടോളം മാനന്തവാടിയുടെ കര്‍മ്മരംഗത്ത് നിലയുറപ്പിച്ച കമ്മോം പൊയിലന്‍ മൊയ്തുഹാജി എന്ന മൊയ്തുക്ക ഇനി ഓര്‍മകളില്‍. ഒരു കാലത്ത് വിപ്ലവ ചിന്തകളും മനസ്സില്‍ സൂക്ഷിച്ച് നടന്ന് പിന്നീട് എടവക പഞ്ചായത്തില്‍ സിപിഎം ന് അടത്തറ പാകുന്നതില്‍ നിസ്തുല്യമായ പങ്കു വഹിക്കുകയും ഒന്നര പതിറ്റാണ്ട് മുമ്പ് മുസ്ലിംലീഗിലെത്തുകയും പിന്നീട് മരണം വരെ സേവനരംഗത്ത് നിലയുറപ്പിക്കുകയും ചെയ്ത മൊയ്തുഹാജിക്ക് സേവനമായിരുന്നു രാഷ്ട്രീയവും പൊതുപ്രവര്‍ത്തനവും. ഒരിക്കല്‍ പോലും അധികാരത്തിന് വേണ്ടി ഇവ ഉപോയഗപ്പെടുത്താന്‍ അദ്ദേഹം ശ്രമിച്ചിരുന്നില്ല. മുസ്ലിം ലീഗിലെത്തിയ മൊയ്തുഹാജി ഓഫിസ് സിക്രട്ടറി ചുമതല ഏറ്റെടുത്തതോടെയാണ് ജില്ലാ ആശുപത്രിയുമായുള്ള ബന്ധം ആരംഭിച്ചത്. പിന്നീട് ജില്ലാ ആശുപത്രിയോടനുബന്ധിച്ച് ബാഫഖി ഹോം സ്ഥാപിച്ചതോടെ ഇവിടത്തെ ജീവനക്കാരനായി നിയമിക്കപ്പെടുകയും കൂടുതല്‍ സമയം ആതുരസേവന രംഗത്ത് സജീവമാവുകയും ചെയ്തു. മിതഭാഷിയും സൗമ്യമായ പെരുമാറ്റവും കൊണ്ട് ഏവരുടെയും സ്‌നേഹം പിടിച്ചുപറ്റിയ മൊയ്തുവിന്റെ വിയോഗം സാധാരണക്കാര്‍ക്കും നിര്‍ധനര്‍ക്കുമാണ് ഏറെ നഷ്ടം. ജില്ലാ ആശു്പത്രിയിലെത്തുന്ന രോഗികള്‍ക്ക് മൊയ്തുവിന്റെ സഹായങ്ങള്‍ ഏറെ ഉപകാരപ്രദമായിരുന്നു ഡോക്ടറെ കാണാനായാലും ചെറുതും വലുതുമായി ഏത് ആവശ്യങ്ങള്‍ക്കായാലും രോഗികളോടൊപ്പം സഹായവുമായി മൊയ്തുവെന്ന പരോപകാരി  ഉണ്ടാവും. അപകടങ്ങളിലും മറ്റുമായി മരണപ്പെടുന്നവരുടെ ജില്ലാ ആശുപത്രിയില്‍ വെച്ച് നടത്തുന്ന പോസ്റ്റ്‌മോര്‍ട്ടത്തിന് വേണ്ട എല്ലാ സഹായങ്ങളും ചെയ്ത് കൊടുക്കുന്നതില്‍ അദ്ദേഹം മുന്‍പന്തിയിലുണ്ടാവും. നിരവധി സംഘടനകളുടെ ഭാരവാഹിത്വം വഹിച്ച മൊയ്തു സ്വന്തം ഉത്തരവാദിത്വങ്ങള്‍ കൃത്യമായി പാലിക്കുന്നതിലും ശ്രദ്ധേയനായിരുന്നു. പൊതു വിഷയങ്ങളില്‍ മദ്ധ്യസ്ഥം വഹിക്കുന്നതിലും മൊയ്തു നീതിമാനായി. അത് കൊണ്ട് തന്നെ നാട്ടിലും സമീപ പ്രദേശങ്ങളിലുമുള്ളവര്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും മദ്ധ്യസ്ഥത്തിനും എല്ലാവരുടെയും പ്രിയങ്കരനായ മൊയ്തുക്കയെയായിരുന്നു സമീപിച്ചിരുന്നത്. കുറച്ച് ദിവസങ്ങളായി രോഗബാധിതനായി കിടപ്പിലായിരുന്ന മൊയ്തുഹാജി തിങ്കളാഴ്ച പുലര്‍ച്ചെ 12.15 നാണ് മരണപ്പെട്ടത്. വിവിധ തുറകളിലുള്ള നൂറുകണക്കിന് സഹപ്രവര്‍ത്തകരുടെയും രാഷ്ട്രീയ,മത മേഖലകളിലെ പ്രമുഖരുടെയും നാട്ടുകാരുടെയും സാന്നിദ്ധ്യത്തില്‍ പള്ളിക്കല്‍ ജുമാ മസ്ജിദ് ഖബറിസ്ഥാനില്‍ മുതദേഹം ഖബറടക്കി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss