|    Apr 27 Thu, 2017 1:05 am
FLASH NEWS

നിസാമുദ്ദീന്‍-കൊച്ചുവേളി പ്രതിവാര എസി എക്‌സ്പ്രസ് മൂന്നുമാസത്തേക്ക് കൂടി നീട്ടി

Published : 26th November 2016 | Posted By: SMR

കൊല്ലം: ഡല്‍ഹി നിസാമുദ്ദീനില്‍ നിന്നും കൊച്ചുവേളിയിലേക്കും (04425) കൊച്ചുവേളിയില്‍ നിന്നും നിസാമുദ്ദീനിലേക്കും (04426) ആഴ്ചയില്‍ ഒരു ദിവസം സര്‍വീസ് നടത്തുന്ന സ്‌പെഷ്യല്‍ എസി എക്‌സ്പ്രസ് ട്രെയിന്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഓടുന്നത് മൂന്നുമാസത്തേക്ക് കൂടി നീട്ടി. നേരത്തെ ഈ മാസം സര്‍വീസ് അവസാനിപ്പിക്കാനായിരുന്നു റെയില്‍വേ തീരുമാനം. എന്നാല്‍ യാത്രക്കാര്‍ക്ക് വളരെയധികം പ്രയോജനം ചെയ്യുന്ന ഈ ട്രെയിന്‍ മൂന്നു മാസത്തേക്ക് കൂടി പരീക്ഷണാടിസ്ഥാനത്തില്‍ ഓടിക്കുവാന്‍ റെയില്‍വേ ബോര്‍ഡ് തീരുമാനിക്കുകയായിരുന്നു.വരുന്ന മാസങ്ങളില്‍ ക്രിസ്മസ്, പുതുവല്‍സരം ആഘോഷങ്ങള്‍ക്കായി നൂറുക്കണക്കിന് യാത്രക്കാരാണ് ഡല്‍ഹിയില്‍ നിന്നും കേരളത്തിലേക്ക് യാത്ര ചെയ്യുവാന്‍ പോകുന്നത്. കൂടാതെ ശബരിമല തീര്‍ഥാടന കാലം ആരംഭിച്ചിരിക്കുന്നതിനാല്‍ മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, തമിഴ്‌നാട് എന്നിവിടങ്ങളില്‍ നിന്നും ആയിരക്കണക്കിന് അയ്യപ്പഭക്തര്‍ യാത്ര ചെയ്യുന്ന സമയമാണിതെന്നും കൊടിക്കുന്നില്‍ സുരേഷ് എംപി, റെയില്‍വേ മന്ത്രി സുരേഷ് പ്രഭുവിന് നല്‍കിയ നിവേദനത്തില്‍ ചൂണ്ടിക്കാണിച്ചു. ഫെബ്രുവരി മാസത്തില്‍ സ്‌കൂള്‍, കോളജ് വെക്കേഷനായതിനാല്‍ ഈ റൂട്ടില്‍ യാത്രക്കാരുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുമെന്നും എംപി പറഞ്ഞു. ഈ ട്രെയിന്‍ മൂന്നു മാസത്തേക്ക് കൂടി പരീക്ഷണാടിസ്ഥാനത്തില്‍ നീട്ടിയാല്‍ കേരളാ എക്‌സ്പ്രസ്സ് ട്രെയിനിന്റെ തിരക്ക് കുറയ്ക്കുവാനും എസി ട്രെയിനില്‍ യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്ന യാത്രക്കാര്‍ക്ക് അത്തരത്തില്‍ പൂര്‍ണ്ണമായും യാത്ര ചെയ്യുവാനും ഈ ട്രെയിന്‍ സഹായകരമാകുമെന്നും കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു.ഡല്‍ഹിയില്‍ നിന്നും തിരുവനന്തപുരത്തേക്ക് കേരളാ എക്‌സ്പ്രസ് ഓടുന്ന റൂട്ടില്‍ രാജധാനി എക്‌സ്പ്രസ് ട്രെയിന്‍ തുടങ്ങണമെന്ന് ആവശ്യം ഉന്നയിച്ചിരുന്നുവെങ്കിലും പരീക്ഷണാടിസ്ഥാനത്തില്‍ താല്‍ക്കാലികമായി ഫുള്‍ എസി ട്രെയിന്‍ അനുവദിച്ചത് രാജധാനി എക്‌സ്പ്രസ് ട്രെയിന്‍ ആരംഭിച്ചാല്‍ കിട്ടുന്ന യാത്രക്കാരുടെ എണ്ണത്തിന്റെ കണക്ക് എടുക്കാനാണെന്ന് റെയില്‍വേ അധികൃതര്‍ പറഞ്ഞിരുന്നു. ഈ ട്രെയിനില്‍ ഇപ്പോള്‍ 60ശതമാനത്തില്‍ കൂടുതല്‍ യാത്രക്കാര്‍ യാത്ര ചെയ്യുന്നുണ്ട്. മധ്യ ഇന്ത്യയിലെ മലയാളികളായ യാത്രക്കാര്‍ക്ക് ഏറെ സഹായകരമാകുന്ന ഈ സ്‌പെഷ്യല്‍ എസി എക്‌സ്പ്രസ് ട്രെയിന്‍ ആഴ്ചയില്‍ രണ്ട് പ്രാവിശ്യമെങ്കിലും സര്‍വീസ് നടത്തുന്ന ട്രെയിനായി ഓടിക്കണമെന്ന് കൊടിക്കുന്നില്‍ സുരേഷ് കേന്ദ്ര റെയില്‍വേ മന്ത്രിയോട് അഭ്യര്‍ഥിച്ചു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day