നിസാം ഫോണില്‍ സംസാരിച്ചത് യാത്രയ്ക്കിടെ: മുഖ്യമന്ത്രി
Published : 27th October 2016 | Posted By: SMR
തിരുവനന്തപുരം: ചന്ദ്രബോസ് കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട് കണ്ണൂര്‍ ജയിലില്‍ കഴിയവെ മുഹമ്മദ് നിസാം മാധ്യമപ്രവര്‍ത്തകനുമായി നേരിട്ട് ഫോണില്‍ സംസാരിച്ചെന്ന ആക്ഷേപം പരിശോധിച്ച് ആവശ്യമായ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയെ അറിയിച്ചു. ഇക്കാര്യം സര്‍ക്കാര്‍ ഗൗരവമായാണ് കാണുന്നത്. അനാവശ്യമായി വഴിവിട്ടതരത്തില് നിസാമിന് സൗകര്യം നല്‍കുന്നതിനോട് സര്‍ക്കാരിന് യാതൊരു യോജിപ്പുമില്ലെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ സബ്മിഷന് മറുപടിയായി മുഖ്യമന്ത്രി വ്യക്തമാക്കി.
അതേസമയം, നിസാം സഹോദരങ്ങളുമായി സംസാരിച്ചത് ബംഗളൂരു സെഷന്‍സ് കോടതിയില്‍ ഹാജരാക്കാനായി കൊണ്ടുപോവുംവഴിയാണ്. ജയില്‍ ഡിജിപിയുടെ നിര്‍ദേശപ്രകാരം കണ്ണൂര്‍ സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി നടത്തിയ പ്രാഥമികാന്വേഷണത്തില്‍ സഹോദരങ്ങളായ അബ്ദുല്‍നിസാര്‍, അബ്ദുല്‍റസാഖ് എന്നിവരുടെ മൊബൈല്‍ ഫോണിലേക്കാണ് നിസാം വിളിച്ചതെന്ന് കണ്ടെത്തിയിരുന്നു. നിസാം ഭീഷണിപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി സഹോദരങ്ങള്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അന്തിക്കാട് പോലിസ്സ്റ്റേഷനില്‍ രണ്ടു കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
പോലിസ് കസ്റ്റഡിയിലിരിക്കെ നിസാമിന് ഫോണ്‍ വിളിക്കാന്‍ സൗകര്യമൊരുക്കിയതിന്റെ പേരില്‍ സീനിയര്‍ സിപിഒ അജിത്, സിപിഒമാരായ വിജേഷ്, രതീഷ് എന്നിവരെ ഡിജിപി അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തിരുന്നു. പുറത്തുവച്ചുനടന്ന സംഭവമായതിനാല്‍ ഇക്കാര്യത്തില്‍ ജയില്സുരക്ഷയില് പാളിച്ചയോ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ചയോ ഉണ്ടായിട്ടില്ലെന്നാണ് അന്വേഷണ റിപോര്‍ട്ട്. ബംഗളൂരുവിലേക്കുള്ള യാത്രയ്ക്കിടെ നിസാമിന്റെ രണ്ടു കൂട്ടാളികള്‍ ഒപ്പം ബസ്സിലുണ്ടായിരുന്നുവെന്ന് കരുതി നടപടിയെടുക്കാനാവില്ല. വഴിവിട്ട സൗകര്യം ചെയ്തിട്ടുണ്ടെങ്കില്‍ പരിശോധിക്കും. അല്ലാതെ മറ്റാരും ബസ്സില്‍ കയറാന്‍ പാടില്ലെന്ന് പറയാന്‍ കഴിയില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.