|    Apr 27 Fri, 2018 1:00 am
FLASH NEWS
Home   >  Pravasi  >  Gulf  >  

നിസമകാരത്തിന് കട അടച്ചിടുന്ന സമയം ചുരുക്കണമെന്ന് വ്യാപാരികള്‍

Published : 9th October 2016 | Posted By: SMR

നിഷാദ് അമീന്‍

ജിദ്ദ: വാണിജ്യ സമയം രാത്രി ഒമ്പത് വരെയാക്കുന്ന നിയമം സൗദിയില്‍ ഉടന്‍ നടപ്പിലായേക്കും. ഇതുസംബന്ധിച്ച് അടുത്ത് തന്നെ മന്ത്രിസഭയോ ഭരണാധികാരിയോ ഉത്തരവിറക്കുമെന്നാണ് സൂചന. വാണിജ്യസമയം രാത്രി ഒമ്പത് മണിവരെയാക്കി ചുരുക്കുന്നത് സംബന്ധിച്ച് തൊഴില്‍-സാമൂഹിക ക്ഷേമ മന്ത്രാലയം പൊതുസമൂഹങ്ങളില്‍ നിന്ന് അഭിപ്രായം തേടി ഉന്നതകേന്ദ്രങ്ങള്‍ക്ക് റിപോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്.
പൊതുജനാഭിപ്രായം സ്വരൂപിക്കുന്നതിന് മന്ത്രാലയം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശില്‍പശാലകള്‍ സംഘടിപ്പിച്ചിരുന്നു. ചേംബര്‍ ഓഫ് കൊമേഴ്‌സ് പ്രതിനിധികള്‍, സാമ്പ ത്തിക വിദഗ്ധര്‍ തുടങ്ങിയവരില്‍ നിന്നും അഭിപ്രായം തേടി. രാത്രി ഒമ്പതിന് കടകടളക്കുകയെന്ന ഉത്തരവ് നടപ്പാക്കുകയാണെങ്കില്‍ ഇപ്പോള്‍ നമസ്‌കാരത്തിന് വേണ്ടി നല്‍കുന്ന സമയം 15 മിനുട്ടാക്കി കുറക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ടെങ്കിലും ഇപ്പോള്‍ ന ല്‍കുന്ന സമയം തുടരുമെന്നാണ് ഉന്നതവൃത്തങ്ങള്‍ നല്‍കുന്ന സൂചന. രാ ത്രി ഒമ്പതിന് ശേഷം കടകളടക്കാത്തവര്‍ക്ക് 10,000 റിയാല്‍ പിഴ ചുമത്തുമെന്നും നിയമലംഘനം ആവര്‍ത്തിച്ചാല്‍ അടച്ചുപൂട്ടുന്നതടക്കമുള്ള നടപടികള്‍ കൈകൊള്ളുമെന്നും ഇതുസംബന്ധിച്ച കരടുരേഖയില്‍ പറയുന്നുണ്ട്.
അതേസമയം, ഷോപ്പിങ് മാളുകളും മറ്റു വ്യാപാര കേന്ദ്രങ്ങളും നമസ്‌കാര സമയത്ത് 25 മിനുട്ട് അടച്ചിടുന്നത് ഒഴിവാക്കണമെന്ന് വ്യാപാരികള്‍ ആവശ്യപ്പെട്ടു. ബാങ്ക് കൊടുത്ത് അഞ്ച് മിനിറ്റിനകം മാളുകളില്‍ നമസ്‌കാരം ആരംഭിക്കണം. വ്യാപാര സ്ഥാപനങ്ങളുടെ പ്രവര്‍ത്തിസമയം രാത്രി ഒമ്പത് മണിവരെയായി ചുരുക്കുന്നതിന്റെ ഗുണദോഷങ്ങളെ കുറിച്ച് തൊഴില്‍-സാമൂഹിക ക്ഷേമ മന്ത്രാലയവും വാണിജ്യ മന്ത്രാലയവും സംയുക്തമായി ജിദ്ദയില്‍ സംഘടിപ്പിച്ച ശില്‍പശാലയിലാണ് വാണിജ്യ മേഖലയിലെ പ്രമുഖര്‍ അഭിപ്രായങ്ങള്‍ പങ്കുവച്ചത്.
നാല് സമയത്തെ നമസ്‌കാരങ്ങള്‍ക്ക് മാത്രമായി ഏതാണ്ട് രണ്ടു മണിക്കൂറോളം ദിവസത്തില്‍ കടകള്‍ അടച്ചിടുന്നുണ്ട്. രാത്രി ഒമ്പതിന് കടകള്‍ അടയ്ക്കണമെന്ന നിയമം നടപ്പാക്കിയാല്‍ സ്ഥാപനങ്ങളുടെ പ്രവൃത്തിസമയം നന്നേ കുറയും. മാളുകളില്‍ അഞ്ചു മിനിറ്റും മറ്റുള്ളവയില്‍ 15 മിനുട്ട് മാത്രം നമസ്‌കാരത്തിന് കടകളടച്ചിരുന്ന വ്യവസ്ഥ കൊണ്ടുവരണമെന്നും വ്യാപാരികള്‍ ആവശ്യപ്പെട്ടു. പ്രവര്‍ത്തിസമയം കുറയ്ക്കുന്നതിലൂടെ ഉണ്ടാവുന്ന നഷ്ടം നികത്താന്‍ സ്ഥാപനങ്ങള്‍ക്ക് ഇതിലൂടെ ഒരു പരിധിവരെ സാധിക്കുമെന്നാണ് ഇവരുടെ വിലയിരുത്തല്‍. ബാങ്ക് കൊടുക്കുന്ന സമയം മുതല്‍ കടകള്‍ അടച്ച് പള്ളികളില്‍ എത്തുന്നതിനും അംഗശുദ്ധി വരുത്തുന്നതിനും നമസ്‌കാരത്തിനുമാണ് നിലവില്‍ 25 മിനിറ്റ് അനുവദിച്ചിട്ടുള്ളത്.
രാത്രി ഒമ്പതിന് കടകള്‍ അടച്ചിടുന്ന നിയമഭേദഗതി 2014 മുതല്‍ സൗദി ഭരണകൂടത്തിന്റെ പരിഗണനയിലുണ്ട്. തൊഴില്‍, ആഭ്യന്തരം ഉള്‍പ്പെടെ സര്‍ക്കാ ര്‍ മന്ത്രാലയങ്ങളും സൗദി മതപണ്ഡിതസഭയും ഇതിന് അനുകൂലമാണ്. തൊഴില്‍ മന്ത്രാലയം ഈ നിര്‍ദേശം ഉന്നത കേന്ദ്രങ്ങള്‍ക്ക് സമര്‍പ്പിച്ചിരുന്നുവെങ്കിലും വ്യാപാര-വ്യവസായ രംഗത്തുള്ളവരുടെ എതിര്‍പ്പിനെ തുടര്‍ന്ന് തീരുമാനം നീളുകയായിരുന്നു.
നേരത്തേ വ്യാപാര സമയം അവസാനിക്കുന്നതോടെ നേരത്തേ ഉറങ്ങാനും ഉറക്കമുണരാനും സാധിക്കും. രാത്രിയിലെ വൈദ്യുതി ഉപയോഗം കുറയ്ക്കാനും കുറ്റകൃത്യങ്ങളും വാഹനാപകടങ്ങളും കുറയാനും സഹായകമാണ്. ചെറുകിട വ്യാപാര മേഖലയില്‍ സ്വദേശികള്‍ക്ക് വന്‍ തൊഴിലവസരമാണുള്ളതെന്നും ഈ രംഗത്തേക്ക് അവരെ ആകര്‍ഷിക്കാന്‍ പ്രവര്‍ത്തിസമയം കുറയ്ക്കണമെന്നും നേരത്തേ നിരവധി പഠനറിപോര്‍ട്ടുകള്‍ ശുപാര്‍ശ ചെയ്തിരുന്നു. എന്നാ ല്‍ തീര്‍ത്ഥാടകരെത്തുന്ന മക്ക, മദീന എന്നിവിടങ്ങളെ ഇതില്‍ നിന്ന് ഒഴിവാക്കും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss