|    Apr 25 Wed, 2018 2:31 pm
FLASH NEWS

നിഷാറാണി സങ്കേതത്തില്‍ നിന്നും പിതാവിനോടൊപ്പം യാത്രയായി

Published : 28th November 2016 | Posted By: SMR

കൊട്ടാരക്കര:എട്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്റെ ജീവിതത്തില്‍ നടന്നതൊന്നും ഓര്‍ത്തെടുക്കാന്‍ നിഷാറാണിയ്ക്ക് താല്‍പ്പര്യമില്ല, കാരണം ഇനിയുള്ള കാലം അച്ഛന്റെ സ്‌നേഹത്തണലില്‍ മറ്റ് ബന്ധുമിത്രാദികളോടൊപ്പം കഴിയാമെന്ന സന്തോഷത്തിലാണ്.നെടുവത്തൂര്‍, കുറുമ്പാലൂര്‍ സ്വദേശിനിയായ നിഷാറാണി അച്ഛന്‍ ശശിധരനും അമ്മ സരസമ്മയുമോടൊപ്പം ഡല്‍ഹിയിലായിരുന്നു താമസം. സന്തോഷത്തിന്റെ സുന്ദര നാളുകളായിരുന്നു അന്ന് പക്ഷെ  ഭര്‍ത്താവിന് മറ്റൊരു ബന്ധമുണ്ടെന്നറിഞ്ഞതോടെ ആ കുടുംബബന്ധം തകര്‍ന്നു. സരസമ്മ മകളെയും കൂട്ടി നാട്ടിലേയ്ക്കു വന്നു. നഷ്ടപ്പെട്ടുപോയ ദാമ്പത്യബന്ധത്തിന്റെ ആഘാതം സരസമ്മയെ മനോവിഭ്രാന്തമായ അവസ്ഥയിലെത്തിച്ചു. ഒപ്പംസ്വപ്‌നങ്ങളോരോന്നും കണ്‍മുന്നില്‍ കരിഞ്ഞുണങ്ങുന്ന കാഴ്ച നിഷാറാണിയെക്കൂടി മാനസികരോഗത്തിന്റെ തടവറയില്‍ കൊണ്ടെത്തിച്ചു. ആ സമയങ്ങളില്‍ ശരിയായ ചികില്‍സയും പരിചരണവും നല്‍കാന്‍ ബന്ധുക്കളാരും മുന്നോട്ടുവരാത്തതിനാല്‍ ഇരുവരുടെ മാനസികനിലയെ അത് കൂടുതല്‍ തകരാറിലാക്കി. എട്ടുവര്‍ഷങ്ങള്‍ക്കുമുമ്പ് ശരീരത്ത് ശരിയാംവിധം വസ്ത്രം പോലുമില്ലാതെ കൊട്ടാരക്കരയിലൂടെ ഭ്രാന്തമായി അലയുന്ന നിഷാറാണിയെയും അമ്മ സരസമ്മയെയും കൊട്ടാരക്കര പോലിസ് കലയപുരം സങ്കേതത്തിലെത്തിക്കുമ്പോള്‍ പരിസരബോധമൊന്നുമില്ലാതെ എല്ലാവരെയും ചീത്തവിളിച്ചുകൊണ്ടിരിക്കുകയായിരുന്നു. സങ്കേതത്തിലെ  മനോരോഗ വിദഗ്ധരുടെ ചികില്‍സയും കൗണ്‍സലിങും മറ്റ് പരിചരണവുമെല്ലാം ആ അമ്മയെയും മകളെയും സാധാരണ ജീവിതത്തിലേയ്ക്ക് തിരികെ കൊണ്ടുവന്നു.അതോടെ നിഷാറാണി സങ്കേതത്തിലെ പ്രാര്‍ഥനകള്‍ക്ക് നേതൃത്വം നല്കുകയും അവശരായ മറ്റ് അന്തേവാസികളെ ശുശ്രൂഷിക്കുന്നതിന് സഹായിയാവുകയും ചെയ്തു. ഇതിനിടയിലാണ് രണ്ടാഴ്ച മുമ്പ് നിഷാറാണിയുടെ അമ്മ സരസമ്മ സങ്കേതത്തില്‍ വച്ച് ശാരീരികാസ്വസ്ഥ്യങ്ങല്‍ നിമിത്തം മരണപ്പെട്ടത്. തുടര്‍ന്ന് മൃതദ്ദേഹം സംസ്‌കരിക്കുന്നതിന് ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. ആ ചടങ്ങുകളില്‍  പങ്കെടുക്കുമ്പോഴാണ് വര്‍ഷങ്ങള്‍ക്ക് മുമ്പ് നഷ്ടപ്പെട്ടുപോയ അച്ഛനെ നിഷാറാണി കാണുന്നത്.  വിശേഷങ്ങള്‍ പലതും പരസ്പരം പങ്കുവച്ചു. അച്ഛന്റെ രണ്ടാംവിവാഹത്തിലെ ഭാര്യ മരിച്ചുപോയെന്നും അതില്‍ ഒരു മകനുണ്ടെന്നറിഞ്ഞ നിഷാറാണി കൂടുതല്‍ സന്തോഷവതിയായി കാരണം തനിക്കൊരു സഹോദരന്‍ കൂടിയുണ്ടെന്ന തിരിച്ചറിവ്. മകളെ തന്റെ വീട്ടിലേയ്ക്ക് കൂട്ടിക്കൊണ്ടുപോവണമെന്ന ആഗ്രഹം പ്രകാരം കൊട്ടാരക്കര പോലിസില്‍ നിന്നുള്ള സമ്മതത്തോടെ ശശിധരന്‍  നെടുവത്തൂര്‍ ഗ്രാമപ്പഞ്ചായത്തംഗം സിന്ധു, മറ്റ് ബന്ധുമിത്രാദികള്‍ എന്നിവരോടൊപ്പം സങ്കേതത്തില്‍ എത്തി നിഷാറാണിയെ കൂട്ടിക്കൊണ്ടുപോയി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss