|    Apr 30 Sun, 2017 2:54 am
FLASH NEWS

നിഷാമിന്റെ ഫോണ്‍വിളി; മൂന്ന് പോലിസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

Published : 24th October 2016 | Posted By: SMR

കണ്ണൂര്‍: ചന്ദ്രബോസ് വധക്കേസ് പ്രതി മുഹമ്മദ് നിഷാമിനു ഫോണ്‍ചെയ്യാന്‍ സൗകര്യം നല്‍കിയതുമായി ബന്ധപ്പെട്ട വിവാദത്തില്‍ കണ്ണൂര്‍ എആര്‍ ക്യാംപിലെ മൂന്ന് പോലിസുകാരെ ജില്ലാ പോലിസ് മേധാവി കെ സഞ്ജയ്കുമാര്‍ ഗുരുദിന്‍ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തു. എആര്‍ ക്യാംപിലെ സീനിയര്‍ സിവില്‍ പോലിസ് ഓഫിസര്‍ അജിത്ത് കുമാര്‍, സിവില്‍ പോലിസ് ഓഫിസര്‍മാരായ വിനീഷ്, രതീഷ് എന്നിവര്‍ക്കെതിരേയാണ് നടപടി.
ജയിലില്‍ നിഷാം ഫോണ്‍ ഉപയോഗിക്കുന്നതിന്റെ തെളിവുകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. രണ്ടു സഹോദരങ്ങള്‍ക്ക്‌നേരെ ഭീഷണി മുഴക്കുന്നതിന്റെ ശബ്ദരേഖയാണു പുറത്തായത്. നിഷാമില്‍നിന്ന് വധഭീഷണി ഉണ്ടെന്നു കാട്ടി സഹോദരങ്ങള്‍ പോലിസില്‍ പരാതി നല്‍കിയിരുന്നു. സംഭവം വിവാദമായതോടെ ഇതേക്കുറിച്ച് അന്വേഷിക്കാന്‍ ജയില്‍ ഡിജിപി അനില്‍കാന്ത് ഉത്തരവിടുകയും കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെത്തിയ ഡിഐജി ശിവദാസന്‍ തൈപ്പറമ്പില്‍ നിഷാമില്‍നിന്ന് മൊഴിയെടുക്കുകയും ചെയ്തു.
എന്നാല്‍ നിഷാം ജയിലിനുള്ളില്‍ ഫോണ്‍ ഉപയോഗിച്ചിട്ടില്ലെന്നാണ് ജയില്‍ ഡിഐജിയുടെ റിപോര്‍ട്ട്. തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് മറ്റൊരു കേസില്‍ ഹാജരാക്കാനായി നിഷാമിനെ പോലിസ് അകമ്പടിയില്‍ ബംഗളൂരുവിലേക്ക് കൊണ്ടുപോകവേ ഫോണില്‍ സംസാരിച്ചതായി വ്യക്തമായത്.
20നു വൈകീട്ടു ഏഴിന് കണ്ണൂര്‍ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍നിന്നാണ് പ്രതിയെ ബംഗളൂരുവിലേക്ക് കൊണ്ടുപോയത്. 22ന് രാവിലെ തിരികെ എത്തിച്ചു. ഇതിനിടെയാണു ഫോണ്‍ ഉപയോഗിച്ചത്.
നിഷാമിന്റെ ഓഫിസിലെ ജീവനക്കാരായ ഷിബിനും രതീഷും ഒപ്പമുണ്ടായിരുന്നുവെന്നാണ് സൂചന. യാത്രയ്ക്കു മുമ്പ് ഇവര്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെത്തി നിഷാമിനെ കണ്ടിരുന്നതായും തെളിഞ്ഞിട്ടുണ്ട്. തുടര്‍ന്നാണ് മൂന്നു പോലിസുകാര്‍ക്കെതിരേ വകുപ്പുതല നടപടി സ്വീകരിച്ചത്. അതേസമയം, പുറത്തുവന്ന സംഭാഷണത്തിന്റെ ഭാഗങ്ങള്‍ പൂര്‍ണമായും തന്റേതല്ലെന്നും അനുജനോട് സംസാരിച്ച ഭാഗം മാത്രമാണ് തന്റേതെന്നും നിഷാം പറഞ്ഞതായും ഡിഐജിയുടെ റിപോര്‍ട്ടിലുണ്ട്.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day