|    Oct 24 Wed, 2018 8:07 am
FLASH NEWS
Home   >  Todays Paper  >  page 12  >  

നിശ്ശബ്ദത തോറ്റു; 19,000 കിലോമീറ്റര്‍ പിന്നിട്ട് അബു ഷിനാന്റെ ബുള്ളറ്റ്

Published : 29th September 2017 | Posted By: fsq

 

കെ എം അക്ബര്‍

ചാവക്കാട്: നിശ്ശബ്ദതയെ തോല്‍പിച്ച്, മൂന്നു രാജ്യങ്ങളിലായി 19,000 കിലോ മീറ്റര്‍ പിന്നിട്ട അബു ഷിനാന്റെ ബുള്ളറ്റ് ഒടുവില്‍ ചാവക്കാട്ട് ബ്രേക്കിട്ടു. ബധിരരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്കു കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയായിരുന്നു ജന്മനാ ബധിരനായ പിള്ളക്കാട് പുതുവാടത്തയില്‍ ഷംസുദ്ദീന്‍-നൂര്‍ജഹാന്‍ ദമ്പതികളുടെ മകന്‍ അബു ഷിനാന്‍ തന്റെ റോയല്‍ എന്‍ഫീല്‍ഡ് ബൈക്കില്‍ കഴിഞ്ഞ ജൂലൈ 30നു തൃശൂരില്‍നിന്ന് യാത്ര ആരംഭിച്ചത്. ഗോവ, മഹാരാഷ്ട്ര, ഗുജറാത്ത്, രാജസ്ഥാന്‍, ഡല്‍ഹി, കശ്മീര്‍, ഭൂട്ടാന്‍, നേപ്പാള്‍, ബംഗാള്‍, ഒഡിഷ, ആന്ധ്രപ്രദേശ്, കര്‍ണാടക, തമിഴ്‌നാട് എന്നിവിടങ്ങള്‍ കടന്നു ബധിരസമൂഹത്തിന് ആത്മവിശ്വാസം പകര്‍ന്ന ആ യാത്ര ഇന്നലെ സമാപിച്ചു. ജീവന്‍ പണയംവച്ച് ഇത്തരമൊരു യാത്ര നടത്തി തിരിച്ചെത്തിയ അബു ഷിനാനെ ചാവക്കാട് പോലിസിന്റെ നേതൃത്വത്തില്‍ ആവേശത്തോടെയാണു വരവേറ്റത്. അഡീഷനല്‍ എസ്‌ഐ മുഹമ്മദ് റഫീഖ് പൂമാല ചാര്‍ത്തി അബു ഷിനാനെ സ്വീകരിച്ചു. സീനിയര്‍ സിപിഒ ഡേവിസ്, ഷജീര്‍, ചാവക്കാട് ക്ലബ്ബ് ഫോര്‍ ഡഫ് ഭാരവാഹികളായ മുഹമ്മദാലി, റാഫി, വഹാബ് സംബന്ധിച്ചു. കേള്‍വിശക്തി ഇല്ലാത്തത് ഒരു ന്യൂനതയല്ലെന്ന സന്ദേശം സമൂഹത്തിലെത്തിക്കാനാണു താന്‍ ബുള്ളറ്റില്‍ പര്യടനത്തിനിറങ്ങിയതെന്നു ഷിനാന്‍ പറഞ്ഞു. ബധിരര്‍ക്കു ഡ്രൈവിങ് ലൈസന്‍സ് നല്‍കാന്‍ അധികൃതര്‍ തയ്യാറാവണം. യാത്രയ്ക്കു ജനങ്ങളില്‍ നിന്നു ലഭിച്ച പ്രോല്‍സാഹനം കൂടുതല്‍ കരുത്തു പകരുന്നതായും യാത്രയ്ക്കിടെ ഒരിടത്തും പ്രശ്‌നങ്ങള്‍ ഉണ്ടായില്ലെന്നും ഷിനാന്‍ പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss