|    Jan 22 Sun, 2017 7:56 pm
FLASH NEWS

നിശ്ചലമായിട്ട് 15 വര്‍ഷം; ഉപകാരമില്ലാതെ കുടിവെള്ളപദ്ധതി

Published : 18th October 2016 | Posted By: Abbasali tf

മുക്കം: കാരശേരി ഗ്രാമപഞ്ചായത്തിലെ നെല്ലിക്കാപറമ്പ് സര്‍ക്കാര്‍ പറമ്പിലെ വല്ലരികോട് കുടിവെള്ള പദ്ധതി നിശ്ചലമായിട്ട് 15 വര്‍ഷം. പഞ്ചായത്തിലെ കക്കാട്, നെല്ലിക്കാപറമ്പ് വാര്‍ഡുകളിലെ കുടിവെള്ള പ്രശ്‌നത്തിന് പരിഹാരം കാണുന്നതിനായി നിര്‍മ്മിച്ച പദ്ധതിയുടെ കിണര്‍, പമ്പ്ഹൗസ് എന്നിവ ഉപയോഗശൂന്യമായി കിടക്കുകയാണ്. 2001 ഫെബ്രുവരിയില്‍ ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിച്ച പദ്ധതി  ഉദ്ഘാടനം ചെയ്തനാള്‍ മുതല്‍ കുറച്ച് ദിവസം ഉപഭോക്താക്കള്‍ക്ക് വെള്ളം നല്‍കിയിരുന്നു. വൈദ്യുതി കണക്ഷന്‍ ലഭിക്കാത്തതിനാല്‍ ഡീസല്‍ മോട്ടോര്‍ ഉപയോഗിച്ചാണ് പദ്ധതി പ്രവര്‍ത്തിപ്പിച്ചിരുന്നത്. മോട്ടോര്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് ഡീസല്‍ ലഭിക്കാത്തതുള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ പദ്ധതി അവതാളത്തിലാവാന്‍ കാരണമായി. സര്‍ക്കാര്‍ പറമ്പ്, മാടകശേരി കോളനി, കരിമ്പനകണ്ടി, കൊത്തനാപറമ്പ് തുടങ്ങിയ സ്ഥലങ്ങളിലെ രൂക്ഷമായ കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണുന്നതിനായി ആരംഭിച്ച പദ്ധതിയാണിത്. സര്‍ക്കാര്‍ പറമ്പ് വയലിനോട് ചേര്‍ന്ന് നിര്‍മിച്ച വലിയ കുളവും പമ്പ് ഹൗസും ഇപ്പോള്‍ കാട് മൂടി നശിച്ചു കൊണ്ടിരിക്കുകയാണ്. അതിനിടെ പദ്ധതിക്കായി നിര്‍മ്മിച്ച കുളം ഉപയോഗിച്ച് ഒരു ജലനിധി പദ്ധതി കാര്യക്ഷമമായി നടക്കുന്നു എന്നത് മാത്രമാണ് മെച്ചം. നേരത്തെ വൈദ്യുതി ലഭ്യമായിരുന്നില്ലെങ്കിലും ഇന്ന് പദ്ധതിയുടെ അടുത്തായി രണ്ട് ട്രാന്‍സ്‌ഫോര്‍മറുകള്‍ സ്ഥാപിച്ചിടുണ്ട്. ഇതോടെ ഡീസല്‍ മോട്ടോര്‍ ഉപയോഗിക്കാതെ തന്നെ പദ്ധതി കാര്യക്ഷമമായി നടത്താന്‍ കഴിയുമെന്നാണ് ഉപഭോക്താക്കള്‍ പറയുന്നത്. കടുത്ത വരള്‍ച്ച വരാനിരിക്കേ പദ്ധതിയുടെ പ്രവര്‍ത്തനം ആരംഭിക്കാന്‍ അധികൃതര്‍ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപെടുന്നത്. 250ഓളം കുടുംബങ്ങള്‍ക്ക് ആശ്വാസമായ പദ്ധതിയാണിത്. 1998ല്‍ പി മോഹനന്‍ ജില്ലാ പഞ്ചായത്ത് മെമ്പറായിരിക്കേ തുടക്കം കുറിച്ച പദ്ധതി നിലവിലെ പഞ്ചായത്ത് പ്രസിഡന്റ് വി കെ വിനോദ് മെമ്പറായിരുന്ന സമയത്താണ് ഉദ്ഘാടനം ചെയ്തത്. പദ്ധതി പ്രദേശത്തെ ഉപഭോക്താക്കള്‍ പ്രസിഡന്റില്‍ പ്രതീക്ഷയര്‍പ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ വേനലില്‍ ടാങ്കറുകളില്‍ കുടിവെളളമെത്തിച്ചു നല്‍കിയ പ്രദേശമാണിത്.പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ജലസുരക്ഷാ പദ്ധതിയടക്കം ആരംഭിക്കാനിരിക്കേ പദ്ധതി പ്രവര്‍ത്തനസജ്ജമാവുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 10 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക