|    Dec 13 Thu, 2018 10:31 am
FLASH NEWS
Home   >  Editpage  >  Lead Article  >  

നിശ്ചയദാര്‍ഢ്യത്തോടെ മുന്നോട്ട്

Published : 25th May 2018 | Posted By: kasim kzm

പിണറായി   വിജയന്‍
(മുഖ്യമന്ത്രി)
കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി മന്ത്രിസഭ അധികാരമേറ്റെടുത്തിട്ട് രണ്ടുവര്‍ഷം തികയുകയാണ്. കഴിഞ്ഞ രണ്ടുവര്‍ഷം സമാധാനവും ജനക്ഷേമവും വികസനവും ഉറപ്പുവരുത്തി മുന്നേറാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്.
ഹ്രസ്വകാലാടിസ്ഥാനത്തില്‍ ജനങ്ങളുടെ അടിയന്തര പ്രശ്‌നങ്ങളില്‍ ആശ്വാസം പകരുകയും ദീര്‍ഘകാലാടിസ്ഥാനത്തി ല്‍ അവരുടെ ക്ഷേമത്തിനും നാടിന്റെ വികസനത്തിനും വേണ്ട ഭാവനാപൂര്‍ണമായ പദ്ധതികള്‍ നടപ്പാക്കുകയും ചെയ്യുന്ന ദ്വിമുഖ രീതിയുമായാണ് സര്‍ക്കാര്‍ മുമ്പോട്ടുപോവുന്നത്. ഇത് ഫലം കാണുന്നുണ്ടുതാനും.
സര്‍ക്കാരിന് വിഭവപരിമിതിയുണ്ട്. എന്നാല്‍, ഓഖി പോലുള്ള ദുരന്തമുണ്ടായപ്പോഴോ അതിദുര്‍ബല വിഭാഗങ്ങള്‍ ജീവിതവൈഷമ്യങ്ങള്‍ നേരിട്ടപ്പോഴോ ആശ്വാസമെത്തിക്കുന്നതിന് സാമ്പത്തിക ബുദ്ധിമുട്ട് തടസ്സമായില്ല. അത് തടസ്സമായിക്കൂടാ എന്ന കാര്യത്തില്‍ സര്‍ക്കാരിന് നിഷ്‌കര്‍ഷയുണ്ടായിരുന്നു. അടിസ്ഥാന വികസനം അടക്കമുള്ള പൊതുവികസനത്തിന്റെ കാര്യത്തില്‍ നടപ്പുരീതിയിലുള്ള വിഭവസമാഹരണം മതിയാവില്ല എന്നു സര്‍ക്കാരിന് ബോധ്യമുണ്ടായിരുന്നു.
അതുകൊണ്ടുതന്നെ കേരളത്തിന്റെ ചരിത്രത്തിലാദ്യമായി വിഭവസമാഹരണത്തിന് മൗലികമായ രീതികള്‍ ആവിഷ്‌കരിച്ചു. അതിന്റെ ദൃഷ്ടാന്തമാണ് ബജറ്റിനു പുറത്ത് അഞ്ചുവര്‍ഷം കൊണ്ട് അമ്പതിനായിരം കോടി രൂപ കണ്ടെത്തുന്നതിനായി ആവിഷ്‌കരിച്ച സംവിധാനം. അതിലൂടെ ആദ്യ രണ്ടുവര്‍ഷം കൊണ്ടുതന്നെ ഇരുപതിനായിരം കോടിയിലധികം രൂപയുടെ പദ്ധതികള്‍ക്ക് തുടക്കം കുറിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഇത് രാജ്യത്തിനു തന്നെ മാതൃകയാണ്.
ആഗോളവല്‍ക്കരണ സാമ്പത്തികനയത്തിന്റെയും അതിന്റെ ചുവടുപിടിച്ചുള്ള കേന്ദ്ര വ്യവസ്ഥകളുടെയും പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ടാണ് സര്‍ക്കാര്‍ പ്രവര്‍ത്തിച്ചത്. ഈ പരിമിതികള്‍ മൂലം ഒന്നും ചെയ്യാനാവില്ല എന്നു കരുതി പിന്‍വാങ്ങുകയല്ല മറിച്ച്, പരിമിതികളെ ബദല്‍ ജനകീയനയങ്ങള്‍ കൊണ്ട് മറികടക്കാന്‍ ശ്രമിക്കുകയാണ് ചെയ്തത്. നോട്ട്‌നിരോധനത്തിന്റെയും തുടര്‍ന്ന് സഹകരണ സാമ്പത്തിക സ്ഥാപനങ്ങളെ ഞെരുക്കിയതിന്റെയും ഘട്ടത്തില്‍ എങ്ങനെയാണ് പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് ബദല്‍ നയങ്ങളാല്‍ പ്രതിസന്ധികളെ മറികടക്കുക എന്നതിന്റെ പുതിയ മാതൃകകള്‍ സൃഷ്ടിക്കാന്‍ നമുക്ക് കഴിഞ്ഞു. രാജ്യമാകെ അത് ശ്രദ്ധിക്കുകയും ചെയ്തു.
പൊതുവെ നാലു കാര്യങ്ങളില്‍ ഊന്നിനിന്നുകൊണ്ട് മുന്നോട്ടുപോവാനാണ് ഞങ്ങള്‍ ശ്രമിച്ചിട്ടുള്ളത്: ഒന്ന്, അധികാരവും അഴിമതിയും അനാശാസ്യതയും ഒക്കെ കൂടിക്കലര്‍ന്ന് രാഷ്ട്രീയാന്തരീക്ഷം ജീര്‍ണിക്കുന്ന സാഹചര്യത്തിലാണ് ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നത്. അതിലൊക്കെ വ്യാപരിക്കുന്നവര്‍ അധികാരത്തെ ഉപകരണമാക്കി രക്ഷപ്പെടുന്ന അവസ്ഥയും ഉണ്ടായിരുന്നു. എന്നാല്‍, കേരള സമൂഹത്തെ അത്തരം ജീര്‍ണതകളില്‍ നിന്ന് മോചിപ്പിച്ച് പുതിയൊരു രാഷ്ട്രീയ സംസ്‌കാരം കൊണ്ട് പകരംവയ്ക്കാന്‍ കഴിഞ്ഞു എന്നതാണ് ഏറ്റവും പ്രധാനം.  ജീര്‍ണിച്ച ഭരണസംവിധാനത്തെ നവീകരിച്ച് അതിനെ സുതാര്യവും ശക്തവുമാക്കി. സിവില്‍ സര്‍വീസ് ജനക്ഷേമകരവും വികസനോന്മുഖവുമായ രീതിയില്‍ നവീകരിച്ച് ശക്തിപ്പെടുത്തുന്നതിന് തുടക്കംകുറിച്ചു. കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് അടക്കമുള്ള വിഷയങ്ങളില്‍ ശരിയും ശക്തവുമായ തീരുമാനങ്ങള്‍ എടുത്തു. കെട്ടിക്കിടന്ന ജനകീയപ്രശ്‌നങ്ങളില്‍ കൃത്യമായി ഇടപെടാനും ഇച്ഛാശക്തിയോടെ മുന്നോട്ടുപോകാനും ഉദ്യോഗസ്ഥര്‍ക്ക് ആത്മവിശ്വാസം പകര്‍ന്നു.
രണ്ട്, തടസ്സപ്പെട്ടുകിടന്നിരുന്ന അടിസ്ഥാനസൗകര്യ വികസനം അടക്കമുള്ള പൊതുവികസന പ്രവര്‍ത്തനങ്ങള്‍ നേരിടുന്ന തടസ്സങ്ങള്‍ നീക്കി ദ്രുതഗതിയില്‍ മുന്നോട്ടുകൊണ്ടുപോകാന്‍ ശ്രമമാരംഭിച്ചു. നാഷനല്‍ ഹൈവേയും മെട്രോ റെയിലും കണ്ണൂര്‍ വിമാനത്താവളവും വിഴിഞ്ഞം പദ്ധതിയും ഗെയില്‍ പൈപ്പ്‌ലൈനും കൂടംകുളം ലൈനും എല്ലാം വേഗത്തില്‍ തീര്‍ക്കുമെന്ന് ഉറപ്പുവരുത്താനും പുതിയ നിരവധി പദ്ധതികള്‍ ഏറ്റെടുക്കാനും കഴിഞ്ഞു. പൊതുമേഖല ശക്തിപ്പെടുത്തുന്ന നിലപാടുകള്‍ എടുത്തു. അതിന്റെ ഫലമായി കഴിഞ്ഞ കാലത്ത് 131.6 കോടി മൊത്തം നഷ്ടം ഉണ്ടായിരുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ 104  കോടി ലാഭം ഉണ്ടാക്കുന്ന സ്ഥിതിയിലേക്കു മാറി. തൊഴിലാളി സംഘടനകളുടെ പിന്തുണ ഉറപ്പാക്കിക്കൊണ്ട് നോക്കുകൂലി നിര്‍ത്തലാക്കി.
മൂന്ന്, സാമൂഹിക സുരക്ഷാ പദ്ധതികളാകെ വെട്ടിക്കുറയ്ക്കുക എന്ന കേന്ദ്രസര്‍ക്കാര്‍ സമീപനത്തിന് വിരുദ്ധമായി സാമൂഹികക്ഷേമ മേഖലയില്‍ ശ്രദ്ധ ചെലുത്താനും അടിസ്ഥാനവര്‍ഗത്തിന് പ്രയോജനകരമാകുന്ന തീരുമാനങ്ങളെടുക്കാനും സാധിച്ചു. സാമൂഹികക്ഷേമ പെന്‍ഷന്‍ 1100 രൂപയായി വര്‍ധിപ്പിച്ചു. കുടിശ്ശിക കൊടുത്തുതീര്‍ക്കുകയും കൃത്യമായി വിതരണം ചെയ്യുകയും ചെയ്തു. പൂട്ടിക്കിടന്ന കശുവണ്ടി ഫാക്ടറികള്‍ തുറന്നുപ്രവര്‍ത്തിപ്പിച്ചു. കശുവണ്ടി-മല്‍സ്യമേഖലയിലെ തൊഴിലാളികളെ സംരക്ഷിക്കുന്നതില്‍ ഉപേക്ഷയില്ലാത്ത പ്രവര്‍ത്തനങ്ങള്‍ നടത്തി. പരമ്പരാഗത വ്യവസായങ്ങളുടെ വികസനത്തിനായുള്ള ശ്രമങ്ങള്‍ എല്‍പി, യുപി കുട്ടികള്‍ക്ക് സൗജന്യ യൂനിഫോം വിതരണം ചെയ്യുന്നതിന് സഹായകമായി. അതിഥി തൊഴിലാളികള്‍ക്ക് ‘ആശ്വാസ്’ എന്ന ഹെല്‍ത്ത് ഇന്‍ഷുറന്‍സ് സ്‌കീമും താമസത്തിനായി ‘അപ്‌നാഘര്‍’ എന്ന പദ്ധതിയും ആവിഷ്‌കരിച്ചു.
നാല്, കേരള മോഡല്‍ സാമൂഹിക വികസനം പുതിയ സാഹചര്യങ്ങളില്‍ നേരിടുന്ന പ്രതിസന്ധികളുടെ പശ്ചാത്തലത്തില്‍ അവയെ മറികടന്ന് ദീര്‍ഘവീക്ഷണത്തോടെ നവകേരളം കെട്ടിപ്പടുക്കാനുള്ള ശ്രമങ്ങള്‍ മുമ്പോട്ടുകൊണ്ടുപോയി. അതിനായി വിഭാവന ചെയ്തു നടപ്പാക്കിയവയാണ് പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം, ആര്‍ദ്രം, ലൈഫ്, ഹരിതകേരളം എന്നീ മിഷനുകള്‍. സാര്‍വദേശീയ സാമ്പത്തിക സമ്മര്‍ദ ഘട്ടത്തില്‍ ഈ മിഷനുകള്‍ വഴി കൂടിയാണ് കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ അതിന്റെ ബദല്‍ മുമ്പോട്ടുവച്ചതും മുന്നോട്ടുകൊണ്ടുപോകുന്നതും.
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം എന്ന മിഷനിലൂടെ പൊതുവിദ്യാഭ്യാസ രംഗത്തെയാകെ നവീകരിച്ചു. ഏതാണ്ട് 45,000 സ്മാര്‍ട്ട് ക്ലാസുകള്‍ സ്ഥാപിച്ചു. പതിമൂവായിരം സര്‍ക്കാര്‍ സ്‌കൂളുകളുടെ മുഖച്ഛായ തന്നെ മാറ്റി വിശിഷ്ട വിദ്യാഭ്യാസം സാധാരണക്കാരായ വിദ്യാര്‍ഥികള്‍ക്കു പ്രദാനം ചെയ്യുന്നു.
മുതലാളിത്തത്തിന്റെ സഹജ സ്വഭാവമായ രൂക്ഷമായ പ്രകൃതിവിഭവ ചൂഷണം കൊണ്ടും ഉദാരവല്‍ക്കരണത്തിന്റെ തള്ളിക്കയറ്റം കൊണ്ടും രോഗാതുരമായ നമ്മുടെ മണ്ണിനെയും ജലത്തെയും കൃഷിയെയും തിരിച്ചുപിടിക്കാന്‍ ലക്ഷ്യമിട്ടുകൊണ്ടുള്ള ജനകീയ ബദലായാണ് ഹരിതകേരളം മിഷന്‍ അവതരിപ്പിക്കപ്പെട്ടത്. പുതിയ മാലിന്യ ശുചീകരണ രീതികള്‍ സ്വീകരിച്ചും ജലവും മണ്ണും സംരക്ഷിച്ചും പ്രകൃതിക്കനുകൂലമായ കൃഷിരീതികള്‍ അവലംബിച്ചും മരങ്ങള്‍ വച്ചുപിടിപ്പിച്ചും ജനപങ്കാളിത്തത്തോടെ നടപ്പാക്കുന്ന പുതുപരീക്ഷണമാണിത്. വരട്ടാറും മീനച്ചിലാറും കാനാമ്പുഴയും ഉള്‍പ്പെടെ കേരളത്തിലെ നിരവധി പുഴകളും തോടുകളും കുളങ്ങളും കിണറുകളും വൃത്തിയാക്കാനും ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടത്താനും കഴിഞ്ഞു.
ഒന്നും ശരിയാവില്ലെന്നും അതുകൊണ്ടുതന്നെ ഇങ്ങനെയൊക്കെ മതിയെന്നുമുള്ള നിഷ്‌ക്രിയത്വവും നിസ്സംഗതയും ഭരണതലത്തിലും സാമൂഹികതലത്തിലും വ്യാപകമായ ഘട്ടത്തിലാണ് കാര്യങ്ങള്‍ ശരിയാക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസവുമായി ഈ സര്‍ക്കാര്‍ അധികാരമേല്‍ക്കുന്നത്. ഇച്ഛാശക്തിയും കൃത്യമായ പ്രവര്‍ത്തനവുമുണ്ടെങ്കില്‍ പലതും ശരിയാക്കിയെടുക്കാന്‍ കഴിയുമെന്ന് കഴിഞ്ഞ രണ്ടുവര്‍ഷത്തെ പ്രവര്‍ത്തനം കൊണ്ട് സര്‍ക്കാര്‍ തെളിയിച്ചു. ഉല്‍പാദനം, സേവനം, പശ്ചാത്തല സൗകര്യം തുടങ്ങി മിക്ക പ്രധാന മേഖലകളിലും ഉണ്ടായിരുന്ന മരവിപ്പും മുരടിപ്പും മാറിക്കൊണ്ടിരിക്കുകയാണ്.  ഭരണത്തിന്റെ ഉന്നതതലങ്ങളിലെ രാഷ്ട്രീയ അഴിമതി തീര്‍ത്തും ഇല്ലാതാക്കാന്‍ സാധിച്ചു. മാധ്യമങ്ങളും പ്രതിപക്ഷവും കണ്ണിലെണ്ണയൊഴിച്ച് കാത്തിരുന്നിട്ടും ഒരു ആരോപണം ഉന്നയിക്കാന്‍ പോലും കഴിഞ്ഞിട്ടില്ല എന്നത് ഭരണത്തിന്റെ സുതാര്യതയും ബദല്‍ രാഷ്ട്രീയത്തിന്റെ കരുത്തുമാണ് കാണിക്കുന്നത്.                              ി

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss