|    Jan 21 Sat, 2017 1:28 am
FLASH NEWS

നിളയുടെ ദുരന്തക്കാഴ്ചയുമായി സിനിമയൊരുങ്ങുന്നു

Published : 18th October 2016 | Posted By: SMR

സി കെ ശശി ചാത്തയില്‍

ആനക്കര: നിളാ തീര ദേശവാസികള്‍ കണ്ടറിഞ്ഞ, അനുഭവിച്ചറിഞ്ഞ പുഴയുടെ കഥയ്ക്ക് സിനിമാരൂപമൊരുങ്ങി.  ഒരു സിനിമയെടുക്കുക എന്ന പുതിയ തലമുറയുടെ സ്വപ്‌നം എന്നതിലപ്പുറം മാഞ്ഞു പോവുന്ന ഒരു സംസ്‌കാരത്തെ തിരിച്ചു പിടിക്കുക എന്ന ഒരു സാംസ്‌കാരിക ദൗത്യം കൂടിയാവുകയാണ് നിളാതീരത്ത് വസിക്കുന്ന ഒരുകൂട്ടം ചെറുപ്പക്കാര്‍ ചേര്‍ന്നൊരുക്കിയ ഈ ചലച്ചിത്രാവിഷ്‌കാരം.
സിനിമയുടെ പതിവു വര്‍ണ്ണക്കൂട്ടുകളേക്കാള്‍ പച്ചയായ ജീവിതംതന്നെ പകര്‍ത്തിയിരിക്കുകയാണ് ഈ കലാസൃഷ്ടിയിലൂടെ. പുഴ തഴുകി ഒഴുകുന്ന തീരത്ത് വസിക്കുന്നവര്‍, അവരുടെ ജീവിതത്തെ സ്വാധീനിക്കുന്ന പുഴ, അതിന്റെ സമൃദ്ധിയുടെ കാലം, വരള്‍ച്ചയുടെ കാലം എന്നുതുടങ്ങി പുഴയുടെ സമസ്ത ഭാവങ്ങളെയും സിനിമയില്‍ ദൃശ്യവല്‍ക്കരിക്കുന്നു.
പുഴയെ സ്‌നേഹിച്ച് ജീവിക്കുന്നവരുടെ കഥയാണ് ഇത്.  കേവലം നിളയുടെ കഥ മാത്രമാക്കി ഇതിനെ ചുരുക്കാതെ ലോകത്ത് നശിച്ചു കൊണ്ടിരിക്കുന്ന എല്ലാ പുഴയുടെയും കൂടി കഥയായി മാറുന്നുണ്ട് ‘ഓരോ പുഴയും പറയുന്നത്’ എന്ന സിനിമയുടെ പ്രമേയം.
സുഹൃത്തുക്കളായ  നാടകപ്രവര്‍ത്തകര്‍, മറ്റു കലാകാരന്മാര്‍, സഹൃദയരായ നാട്ടുകാര്‍ തുടങ്ങിയവര്‍ ഒന്നിച്ച് ചേര്‍ന്നാണ് സിനിമ നിര്‍മിച്ചിരിക്കുന്നത്. ഓണ്‍ലൈനില്‍ സജീവമായ തൃത്താലക്കാരുടെ കൂട്ടായ്മയായ  തൃത്താലപ്പെരുമയിലൂടെയായിരുന്നു മുഖ്യമായും സിനിമയ്ക്കുള്ള പണം കണ്ടെത്തിയിരുന്നത്. ഷബീര്‍ തുറക്കല്‍, സജി എന്നിവരാണ് മുഖ്യമായും  ദൃശ്യങ്ങള്‍ പകര്‍ത്തിയിട്ടുള്ളത്.
അലിഫ് ഷാ, ലത്തീഫ് കുറ്റിപ്പുറം അബു വളയംകുളം തുടങ്ങിയവര്‍ക്കൊപ്പം ചെറിയ വേഷങ്ങളില്‍ മുഖം കാണിക്കുന്ന കഥാപാത്രങ്ങള്‍വരെ പുഴയോട് ചേര്‍ന്ന് നില്‍ക്കുന്നവരാണ്. സംഗീതം പ്രസാദ് പൊന്നാനിയും സാന്ദീപന്‍ കൂറ്റനാടും ചേര്‍ന്നാണ്. എഡിറ്റിങ് വിപിന്‍.  സഹസംവിധാനം വിജേഷ് ആര്‍ മലിക്.
പ്രതിഫലം വാങ്ങാതെ ഈ ദേശത്തിന്റെ സാംസ്‌കാരിക അടയാളപ്പെടുത്തലിനൊപ്പം ചേര്‍ന്ന് നില്‍ക്കുകയായിരുന്നു ഇവരെല്ലാം. ഭൂതകാലത്തിലെ ഒരു പുഴയെ വര്‍ത്തമാന കാലത്തിലേക്ക് ഒഴുക്കി സമ്പന്നമായ ഒരു സംസ്‌കാരത്തെ തിരിച്ചുപിടിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് സംവിധായകന്‍ അലിഫ് ഷാ വ്യക്തമാക്കുന്നു
ആദ്യ പ്രദര്‍ശനം ഇടം കൂറ്റനാട് , പെരിങ്ങോട് നാടക കൂട്ടായ്മ, തൃത്താലപ്പെരുമ ഓണ്‍ലൈന്‍ കമ്യൂണിറ്റി എന്നിവ ചേര്‍ന്ന് കൂറ്റനാട് വട്ടേനാട് ജിഎല്‍പി സ്‌കൂള്‍  ഓഡിറ്റോറിയത്തില്‍ ഈമാസം 23ന്  ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമലിന്റെ സാന്നിധ്യത്തിലാണ് ഒരുക്കുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 21 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക