|    May 30 Tue, 2017 7:04 am
FLASH NEWS

നിളയില്‍ വലയെറിഞ്ഞ് മൈസൂരൂ കുടുംബങ്ങള്‍

Published : 21st March 2017 | Posted By: fsq

 

തിരൂര്‍: ജീവിക്കാനായി നിളയില്‍ വലയെറിഞ്ഞ് മൈസൂര്‍ കുടുംബങ്ങള്‍. കര്‍ണാടകയിലെ മൈസൂര്‍ ഹുന്‍സൂറില്‍ നിന്നെത്തിയ മൂന്നു കുടുംബത്തിലെ പത്തുപേരാണ് കഴിഞ്ഞ രണ്ടുമാസമായി തിരുനാവായ നിളാനദിയിലെ ബന്ദര്‍ കടവിലെത്തി മീന്‍ പിടിച്ച് ജീവിക്കുന്നത്. ഇവരുടെ മീന്‍പിടിത്ത രീതി വീക്ഷിക്കാന്‍ നിരവധി പേര്‍ എത്തുന്നുണ്ട്. കോഴിക്കോട് വടകര കോരപ്പുഴയിലെ മീന്‍ പിടിത്തത്തിന് ശേഷമാണ്  സംഘം തിരുനാവായയിലെത്തിയത്. കഴിഞ്ഞ മൂന്നു വര്‍ഷമായി ഇവര്‍ ബന്ദര്‍ കടവില്‍ വരാറുണ്ട്. കൂടുംബ സമേതമാണ് മീന്‍ പിടിത്തം. നാലു മാസം മാത്രം പ്രായമുള്ള കൈക്കുഞ്ഞിനെയും പുഴയിലേക്ക് കൊണ്ടുപോവുന്നു. രാത്രിയില്‍ പുഴയില്‍ വലവിരിക്കും. പുലര്‍ച്ചെ നാലോടെ വിരിച്ച വല വലിക്കാനായി പുഴയിലിറങ്ങും. രാവിലെ ആറോടെ  മല്‍സ്യവുമായി കരയിലെത്തും. അപ്പോഴേക്കും  വാങ്ങാന്‍ ആവശ്യക്കാര്‍ കാത്തുനില്‍ക്കുന്നുണ്ടാവും. കരിമീന്‍, വാള, തുടങ്ങിയ  മല്‍സ്യങ്ങള്‍ക്കാണ് ആവശ്യക്കാരേറെ. കച്ചവടം കഴിഞ്ഞാല്‍ പിന്നെ വിശ്രമമാണ്. തോണിയായി ഉപയോഗിച്ച കുട്ട ചരിച്ചു വച്ച് പങ്കായം കുത്തിവെച്ച് അതിന്റെ തണലിലാണ് വിശ്രമവും ഉച്ചമയക്കവും. രാത്രിയില്‍ തുണി മറച്ചുണ്ടാക്കിയ ടെന്റുകളിലാണ് താമസം. പുഴയില്‍ നിന്നും പിടിക്കുന്ന മല്‍സ്യം ഉണക്കിയെടുത്തത് പാകം ചെയ്തതും ചോറുമാണ് ഭക്ഷണം. പ്രത്യേക രീതിയില്‍ നിര്‍മിച്ച കുട്ടകളിലാണു സംഘം മീന്‍ പിടിക്കാന്‍ പുഴയിലിറങ്ങുന്നത്. ഇത്തരത്തില്‍ ഒരു കുട്ട നിര്‍മിക്കാന്‍ രണ്ടായിരം രൂപയാണു ചെലവ്. ഇത്തരത്തില്‍ 400 കുട്ടകളുമായി നിരവധി സംഘങ്ങള്‍ കേരളത്തിലെ വിവിധ പുഴകളില്‍ ഇപ്പോള്‍ മല്‍സ്യം പിടിക്കുന്നുണ്ട്. മൈസൂരിലെ ഹുന്‍സൂറില്‍ ഇവര്‍ക്ക് സ്വന്തമായി സര്‍ക്കാര്‍ നല്‍കിയ വീടും മൂന്ന് സെന്റ്് സ്ഥലവുമുണ്ട്. തിരിച്ചറിയല്‍ രേഖകളുമുണ്ട്. എന്നാല്‍, ഇവര്‍ വര്‍ഷത്തില്‍ ഒന്നര മാസക്കാലം മാത്രമേ അവിടെ താമസിക്കാറുള്ളൂ. ബാക്കി പത്തര മാസവും കേരളത്തില്‍ മല്‍സ്യബന്ധനത്തിലേര്‍പ്പെട്ടു കഴിയുകയാണ്. ഇവരില്‍ ചിലരില്‍ 18 വര്‍ഷമായി ഈ തൊഴിലുമായി കേരളത്തിലെത്തിയവരാണ്. സ്ത്രീകളും മീന്‍ പിടിക്കുന്നതില്‍ വിദഗ്ധരാണ് എന്ന പ്രത്യേകതയുമുണ്ട്. കൊച്ചു കുട്ടികള്‍ ഉള്‍പ്പടെ കുടുംബസമേതമാണ് ഇവരുടെ സഞ്ചാരവും തൊഴിലും. ബാലാവകാശ നിയമമനുസരിച്ച് കുട്ടികള്‍ തൊഴിലെടുക്കാന്‍ പാടില്ലെന്നതിനാല്‍ ഒരിക്കല്‍ ഒരു കുട്ടിയെ അധികൃതര്‍ പിടിച്ച് തവനൂരിലെ ബാലസദനത്തില്‍ നിര്‍ത്തിയിരുന്നു. വ്യവസ്ഥകള്‍ക്കു വിധേയമായാണ് പിന്നീട് തിരിച്ചേല്‍പ്പിച്ചത്

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day