|    Nov 17 Sat, 2018 3:34 am
FLASH NEWS
Home   >  Todays Paper  >  page 12  >  

നിലാവ് പെയ്ത പാട്ടിലെ ചിരി

Published : 2nd August 2018 | Posted By: kasim kzm

ശ്രീകുമാര്‍ നിയതി

കോഴിക്കോട്: ജീവിതം എന്നാല്‍ അവസാന സ്പന്ദനം വരെയുള്ള സമയദൈര്‍ഘ്യമെല്ലന്നും മരണം എന്നാല്‍ പ്രവര്‍ത്തന മണ്ഡലങ്ങളില്‍ ഉപയോഗശൂന്യമാകുന്ന അവസ്ഥയാണെന്നും വളരെ മുമ്പ് സംസാരത്തിനിടയില്‍ ഉമ്പായിയുടെ ചുണ്ടില്‍ നിന്ന് ഉതിര്‍ന്നുവീണത് ഓര്‍മയുണ്ട്. ഉമ്പായി, ഉമ്പായി ആകുന്നതിനു മുമ്പുള്ള ജീവിതം അദ്ദേഹം തന്നെ പറഞ്ഞുതന്നിരുന്നു. അത്രയും മോശപ്പെട്ട ജീവിതത്തില്‍ നിന്ന് ഒരു ഫീനിക്‌സ് പക്ഷിയായി പറന്ന കഥയാണത്. കൊച്ചിക്കാര്‍ക്ക് എക്കാലത്തെയും മികച്ച ഗായകന്‍ മെഹ്ബൂബ്ക്കയായിരുന്നു. ഉമ്പായിയേക്കാളേറെ സംഗീതലോകത്ത് അറിയപ്പെട്ടിരുന്ന മെഹ്ബൂബ്ക്കയുടെ ജീവിത പരാജയം ഒരു പാഠമായി എടുത്തായിരുന്നു ഉമ്പായി തന്റെ അലസജീവിതത്തെ ഖബറടക്കി പുതിയൊരു പിറവി കൊണ്ടത്.
മലയാളികള്‍ക്കിടയില്‍ വര്‍ഷങ്ങളായി ഗസല്‍ സംഗീതാരാധനയുണ്ട്. എന്നാല്‍, അത് ജനകീയമാക്കാന്‍ ആദ്യ ചുവടുവച്ചത് കോഴിക്കോട് അബ്ദുല്‍ ഖാദറിന്റെ മകന്‍ നജ്മല്‍ ബാബുവായിരുന്നു. അതിന്റെ പിറകില്‍ കടന്നുവന്ന ഉമ്പായിയാണ് ഗസലിനെ സാധാരണക്കാരന്റെ ചുണ്ടുകളിലേക്ക് എത്തിച്ചത്. ഉമ്പായിക്കെന്നും ഭക്തിയും ബഹുമാനവുമായിരുന്നു കോഴിക്കോട്ടെ സംഗീത രാജകുമാരന്‍മാരായിരുന്ന ബാബുക്കയോടും കോഴിക്കോട് ഖാദര്‍ക്കയോടും. ഒടുവില്‍ കോഴിക്കോട്ട് വന്നപ്പോഴും മാധ്യമ സുഹൃത്തുക്കളോട് പറഞ്ഞതൊക്കെയും കോഴിക്കോടിന്റെ സംഗീതസാമ്രാജ്യത്തിലെ അപചയങ്ങളെക്കുറിച്ചായിരുന്നു. ഒരിടത്തും എത്താത്തവര്‍ എന്നൊക്കെ കോഴിക്കോടന്‍ കലാകാരന്‍മാരെക്കുറിച്ച് പറയാറുണ്ടെങ്കിലും സത്യത്തില്‍ അവരാണ് എവിടെയെങ്കിലും എത്തിപ്പെട്ടവരെന്നു തിരിച്ചുപറയുകയാണ് ഞാന്‍- ഉമ്പായി പറഞ്ഞു.
പ്രണയാതുരവും വിരഹാര്‍ദ്രവുമായ ഹിന്ദുസ്ഥാനി ഗസല്‍ സംഗീതാലാപനത്തിനു ചേര്‍ന്ന ഒരു ശബ്ദമായിരുന്നു ഉമ്പായിയുടേത്. ഉമ്പായിയുടെ ശബ്ദവും സംഗീതവും ഒഎന്‍വിയുടെ വരികളും ചേര്‍ന്ന രസതന്ത്രത്തില്‍ പിറന്ന മലയാളം ഗസലുകള്‍ കേരളം ഒരുമിച്ചു പാടി. മലയാളം ഗസലിനെ പലരും “ഓ, ദേശീയ ഗാനം’ എന്നു പറഞ്ഞു കളിയാക്കിയിരുന്നു. അത്രയേറെ ജനകീയമായിരുന്നു അവ.
വാഹനങ്ങളിലും പൊതുഇടങ്ങളിലുമെല്ലാം ഉമ്പായിയുടെ ഗസലുകള്‍ കേട്ടിരുന്ന ഒരു കാലമുണ്ടായിരുന്നു. എന്താണ് സംഗീതം എന്നാരോ ഒരിക്കല്‍ ചോദിച്ചപ്പോള്‍ ഉടനെ മറുപടി വന്നു:‘“”സംഗീത്’എന്ന ശബ്ദം ‘ഗീത്’ എന്ന പദത്തിനു ‘സം’ എന്ന ഉപസര്‍ഗം ചേര്‍ത്തുകൊണ്ടുണ്ടായി.’’ ആ രാത്രിയില്‍ സംഘത്തില്‍ ഉണ്ടായിരുന്നവര്‍ ഉറക്കെ ചിരിച്ചപ്പോള്‍ ഉമ്പായി പറഞ്ഞു: “”മോനേ, ഉമ്പായിയെ പാട്ട് പഠിപ്പിക്കണ്ട.’’ കലാകാരന്‍മാരുടെ ദുര്‍നടപ്പിനെക്കുറിച്ച് ഏറെ വേദനിച്ചിരുന്നു ഉമ്പായി.
കഴിവുള്ള കലാകാരന്‍മാര്‍ കൂട്ടംതെറ്റി പുതിയ മേച്ചില്‍പ്പുറം തേടുന്നതു കണ്ട് ഉമ്പായി ദുഃഖിച്ചു. ഉമ്പായിയുടെ എക്കാലത്തെയും വേദനയായിരുന്നു മെഹ്ബൂബ്. ആ ഗായകന്റെ ഓര്‍മയില്‍ പിറന്ന വേദനച്ചിന്ത് ആയിരുന്നു “പ്രണാമം മെഹബൂബ് ഒരോര്‍മ.’ അകം നിറയെ മെഹ്ബൂബ് നിറഞ്ഞുനില്‍ക്കുന്ന പ്രതീതിയിലായിരുന്നു അതിലെ ഓരോ വരികളും പാടിപ്പതിപ്പിച്ചത്. ഉമ്പായി ഇല്ലെന്നേയുള്ളൂ. ഉമ്പായിയുടെ പാട്ടുകള്‍ ബാക്കിയുണ്ട്. പാടുക സൈഗാള്‍ പാടൂ, നന്ദി പ്രിയ സഖീ നന്ദി, ഒരു മുഖം മാത്രം തുടങ്ങിയ ഉമ്പായിയുടെ പാട്ടുകള്‍ കാംപസുകളില്‍ പാറിനടക്കുന്നു ഇന്നും.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss