|    Apr 19 Thu, 2018 3:36 pm
FLASH NEWS
Home   >  Editpage  >  Article  >  

നിലാവ് കാണുന്നത് പോലിസിന് ഇഷ്ടമല്ല

Published : 17th January 2016 | Posted By: SMR

ബാബുരാജ് ബി എസ്

അങ്ങനെ അവര്‍ ഒത്തുചേര്‍ന്നു. ഡിസംബര്‍ 23ന് വൈകീട്ട്. അവരുടെ ഭാഷയില്‍ പറഞ്ഞാല്‍, അലോസരപ്പെടുത്തുന്ന അസഹിഷ്ണുതകള്‍ക്കിടയില്‍, ഭീതിവിതയ്ക്കുന്ന ശുദ്ധതാവാദങ്ങള്‍ക്കിടയില്‍, വൈവിധ്യങ്ങളോട് വാതിലടയ്ക്കുന്ന അമിതാധികാരത്തിന്റെ അച്ചടക്കവാഴ്ചയ്ക്കിടയില്‍ ചെറുതിന്റെ സൗന്ദര്യം തേടിയിറങ്ങിയ കുറേപേര്‍… നിലാവ് കൂട്ടായ്മ എന്നായിരുന്നു അവരുടെ കൂട്ടിരിപ്പിന്റെ പേര്. പൗര്‍ണമിദിവസമോ അതിനടുത്ത ദിവസങ്ങളിലോ തിരക്കൊഴിഞ്ഞ ഏതെങ്കിലും തുറന്ന പ്രദേശത്ത് പാട്ടും സൗഹൃദവും ചര്‍ച്ചകളുമായി ഒരു രാത്രിയില്‍ സുഹൃത്തുക്കള്‍ ഒത്തുകൂടുന്ന പരിപാടിയാണ് നിലാവ് കൂട്ടായ്മ. തൃശൂരിലെ കേരളീയം മാസികയുടെ പ്രവര്‍ത്തകരും സുഹൃത്തുക്കളുമാണ് അവര്‍. അതില്‍ സ്ത്രീകളുണ്ട്, കുട്ടികളുണ്ട്, മധ്യവയസ്‌കരും വൃദ്ധരുമുണ്ട്. ജീവിതത്തിന്റെ നാനാതുറകളില്‍നിന്നുള്ളവരും അവിടെ ഒത്തുചേരുന്നു.
അടാട്ട് പഞ്ചായത്തിലെ പുഴയ്ക്കല്‍ വില്ലേജിലെ ഒരു സ്വകാര്യ പറമ്പായിരുന്നു ഇത്തവണ അവര്‍ ഇതിനായി തിരഞ്ഞെടുത്തത്. പരിപാടിയെക്കുറിച്ച് പ്രവര്‍ത്തകനായ ശരത് എഴുതി: മൂന്നു കാര്യങ്ങള്‍ പരിഗണിച്ചായിരുന്നു ഇത്തവണത്തെ പരിപാടി. വര്‍ധിച്ചുവരുന്ന അസഹിഷ്ണുതകള്‍ക്കെതിരേ ഒരുമിച്ചിരിക്കേണ്ടതിന്റെ ആവശ്യകത, കേരളീയത്തിന്റെ 18ാം പിറന്നാള്‍, 2014 ഡിസംബര്‍ 22 അര്‍ധരാത്രിയില്‍ കേരളീയം ഓഫിസിലുണ്ടായ റെയ്ഡിന്റെ വാര്‍ഷികത്തില്‍ അന്ന് അതിനെതിരേയുണ്ടായ ജാഗ്രതകളെ ഓര്‍മിച്ചെടുക്കല്‍.
ധനുമാസത്തിലെ നിലാവിന്റെ കുളിരില്‍ അവര്‍ ഇതുപോലെ കഞ്ഞിയും പയറും കട്ടന്‍കാപ്പിയുമായി ഒരുപാട് ഇടങ്ങളില്‍ കഴിഞ്ഞിട്ടുണ്ട്. അതില്‍നിന്ന് വ്യത്യസ്തമായിരുന്നില്ല ഇത്തവണത്തെ പരിപാടി. ഫോണ്‍ ചെയ്തും നേരിട്ടുമായിരുന്നു പലരെയും അറിയിച്ചത്. തൃശൂര്‍ ടൗണില്‍ നോട്ടീസും വിതരണം ചെയ്തു. സാമൂഹികമാധ്യമങ്ങളില്‍ കുറിപ്പുകളിട്ടു.
വൈകീട്ട് നാലു മണി മുതല്‍ സുഹൃത്തുക്കള്‍ ഓരോരുത്തരായി പുഴയ്ക്കല്‍പ്പാടത്ത് എത്തിച്ചേര്‍ന്നു. ആറുമണിയോടെ മറ്റു ജില്ലകളില്‍നിന്നുള്ളവരും എത്തി. പതുക്കെപ്പതുക്കെ ഇരുട്ടുപരക്കാന്‍ തുടങ്ങി. ഇരുട്ടിനെ മാടിയൊതുക്കി നിലാവും തെളിഞ്ഞതോടെ അവര്‍ ആഹ്ലാദഭരിതരായി. അനില്‍ പ്രദേശത്തിന്റെ പരിസ്ഥിതിയും ഭൂമിശാസ്ത്രവും വിവരിച്ചു. അടാട്ട് പഞ്ചായത്ത് പ്രസിഡന്റ് ചുമ്മാര്‍ പഞ്ചായത്തിനെ പരിചയപ്പെടുത്തി. പിന്നെ പാട്ട് തുടങ്ങി. ബദര്‍പ്പാട്ട് മുതല്‍ ബലികുടീരങ്ങള്‍ വരെ. സംഗീതം നിലാവായി പൊഴിയുകയാണ്, നിലാവ് സംഗീതമായും. അപ്പോഴാണ് എസ്‌ഐയുടെ നേതൃത്വത്തില്‍ ഏഴെട്ടു പോലിസുകാര്‍ കടന്നുവന്നത്. സംസാരവും സംഗീതവും നിലച്ചു. നിലാവില്‍ ആശങ്കപരന്നു.
പോലിസുകാര്‍ കൂട്ടിരിപ്പുകാരുടെ ഫോട്ടോ പകര്‍ത്താന്‍ തുടങ്ങി. എസ്‌ഐ നിയമത്തെക്കുറിച്ച് സംസാരിച്ചു. പോലിസിന്റെ അനുമതിയില്ലാതെ പരിപാടി നടത്തിയതിനെ ചോദ്യംചെയ്തു. സ്വകാര്യ സ്ഥലത്ത് പരിപാടി നടത്താന്‍ അനുമതിയെന്തിനെന്ന് ചോദിച്ചെങ്കിലും എസ്‌ഐ വഴങ്ങിയില്ല. ഒരിക്കല്‍ റെയ്ഡ് നടന്ന സ്ഥാപനമായതിനാലും ഇന്റലിജന്‍സ് റിപോര്‍ട്ട് ഉള്ളതിനാലുമാണെന്നായിരുന്നു വിശദീകരണം. കുറ്റകൃത്യം നടക്കാനിടയുണ്ടെന്നും പറഞ്ഞു. പരിപാടി പകര്‍ത്താനെത്തിയ മാധ്യമപ്രവര്‍ത്തകനെയും പോലിസ് തടഞ്ഞു. പോലിസ് പിന്നെയും ചുറ്റിപ്പറ്റിനിന്നു. പിന്നെ പാട്ടുപാടണമെന്ന് ആര്‍ക്കും തോന്നിയില്ല. 11 മണിയോടെ എല്ലാവരും പരിഞ്ഞു.
1998 നവംബറിലാണ് കേരളീയം പ്രസിദ്ധീകരിക്കാന്‍ തുടങ്ങിയത്. കേരളത്തില്‍ നടന്ന പല അവകാശ പോരാട്ടങ്ങള്‍ക്കും അവര്‍ രക്തവും ജീവനും നല്‍കി. കേരളീയം വെറുമൊരു മാധ്യമം മാത്രമല്ല, പോരാടുന്നവരുടെ ശബ്ദമായിരുന്നു. അവര്‍ ക്വാറിമാഫിയ മുതല്‍ കുത്തകകളെ വരെ വെല്ലുവിളിച്ചു. ആരെയും കൂസിയുമില്ല. സ്വാഭാവികമായും എല്ലാ നീതിമാന്മാര്‍ക്കുമെന്നപോലെ കേരളീയത്തിനും എതിരാളികളുണ്ടായിരുന്നു. ശക്തരായ എതിരാളികള്‍. അതുകൊണ്ടുതന്നെയാവാം ഒരു വര്‍ഷം മുമ്പ് 2014 ഡിസംബര്‍ 22ന് അര്‍ധരാത്രിയില്‍ കേരളീയത്തിന്റെ ഓഫിസ് പോലിസ് റെയ്ഡ് ചെയ്തത്. അവിടെയുണ്ടായിരുന്നവരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. കേരളീയത്തില്‍ അനധികൃത പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുവെന്നായിരുന്നു റെയ്ഡിനു പറഞ്ഞ കാരണം. പക്ഷേ, റെയ്ഡില്‍ കുറ്റകരമായ ഒന്നും പോലിസിന് കണ്ടെത്താനായില്ല. റെയ്ഡിനെതിരേ മനുഷ്യാവകാശ കമ്മീഷനില്‍ കൊടുത്ത പരാതി ഇപ്പോഴും ഫയലിലുറങ്ങുന്നു. ഇപ്പോഴിതാ കൃത്യം ഒരു വര്‍ഷം കഴിഞ്ഞ് അതിന്റെ വാര്‍ഷിക ജാഗ്രതാസമ്മേളനം നടക്കുന്നിടത്തും പോലിസ് കടന്നുചെല്ലുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തിരിക്കുന്നു.
ആശങ്കാകുലരായി കുറേയേറെ പേര്‍ ഒരു വര്‍ഷം മുമ്പ് ഇതുപോലെ ഒത്തുകൂടിയിരുന്നു. പോലിസ് ആക്രമണം കഴിഞ്ഞ് അപ്പോള്‍ ഏതാനും ദിവസങ്ങളേ ആയിരുന്നുള്ളൂ. അതേക്കുറിച്ച് ഈ പംക്തിയിലും ഒരു കുറിപ്പ് പ്രസിദ്ധപ്പെടുത്തിയിരുന്നു. അപ്പവും വീഞ്ഞും പകുത്ത് കലപില കൂട്ടിയ ആ രാത്രിയില്‍ ആരും കരുതിയില്ല ഒരു വര്‍ഷം തികയുമ്പോള്‍ അതുപോലൊരു കാളരാത്രി വീണ്ടും വരുമെന്ന്. അല്ലെങ്കിലും അധികാരം അങ്ങനെയാണ്, നമ്മുടെ കണക്കുകൂട്ടലുകളെ അതെപ്പോഴും തെറ്റിക്കും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss