|    Apr 28 Fri, 2017 6:04 am
FLASH NEWS

നിലവിലുള്ള സൗകര്യങ്ങള്‍ ഉപയോഗിച്ച് മെഡിക്കല്‍ കോളജിനെ ഉയര്‍ത്തും: മന്ത്രി

Published : 15th November 2016 | Posted By: SMR

മഞ്ചേരി: ലഭ്യമായ സൗകര്യം ഉപയോഗപ്പെടുത്തി മഞ്ചേരി മെഡിക്കല്‍ കോളജിനെ പടിപടിയായി ഉയര്‍ത്താന്‍ ശ്രമിക്കുമെന്ന് ആരോഗ്യ മന്ത്രി കെ കെ ഷൈലജ പറഞ്ഞു. ഇടുക്കി മെഡിക്കല്‍ കോളജിനൊപ്പം മഞ്ചേരിയുടെ പ്രശ്‌നവും  പരിഹരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. സംസ്ഥാനത്ത് പ്രഖ്യാപിച്ച എല്ലാ മെഡിക്കല്‍ കോളജുകളും ശൈശവ അവസ്ഥയിലാണ്. ഇവയെല്ലാം പെട്ടെന്ന് നിലവാരത്തിലാക്കുകയെന്നത് സാഹസികമാണ്. മാത്രമല്ല, ഏക്കറുകണക്കിന് സ്ഥലം പുതുതായെടുത്ത് മാറ്റി സ്ഥാപിക്കുന്ന ദൗത്യത്തിനും സര്‍ക്കാറില്ല. എല്ലാ മെഡിക്കല്‍ കോളജുകളുടെയും ആവശ്യങ്ങളിനിയും ബാക്കിയാണ്. ഇതു വരെയുള്ള പോരായ്മകള്‍ പരിഹരിക്കാന്‍ ശ്രമിക്കുക മാത്രമാണ് സര്‍ക്കാറിന് മുന്നിലുള്ളത്. മെഡിക്കല്‍ കൗണ്‍സിലിന്റെ നിബന്ധനകളനുസരിച്ചുള്ള സൗകര്യങ്ങളാണ്  നടപ്പാക്കുക. മഞ്ചേരി മെഡിക്കല്‍ കോളജിന്റെ ആവശ്യങ്ങള്‍ ഗൗരവമുള്ളതാണെന്ന് ബോധ്യപ്പെട്ടിട്ടുണ്ട്. നിലവിലുള്ള 23 ഏക്കര്‍ സ്ഥലം അത്യാവശ്യത്തിനുള്ളത് മാത്രമാണ്. ഈ സ്ഥലം പരമാവധി ഉപയോഗപ്പെടുത്താന്‍ പദ്ധതി തയ്യാറാക്കും. ഇതിന് എംഎല്‍എ, എച്ച്ഡിസി എന്നിവരുള്‍പെടുന്ന കമ്മിറ്റിയുമായി ആലോചിച്ച് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കാന്‍ നിര്‍ദേശിക്കും. ആശുപത്രിയില്‍  ആധുനിക ഉപകരണങ്ങള്‍ വാങ്ങേണ്ടതുണ്ട്. ഇതിനുള്ള ഫണ്ടും സര്‍ക്കാര്‍ കണ്ടെത്തേണ്ടതായി വരും. ആര്‍ദ്ര മിഷന്‍ വഴി ആധുനിക ഒപിയാക്കിയാല്‍ നിലവിലെ ഒപി പ്രശ്‌നങ്ങള്‍ പരിഹരിക്കാനാവുമെന്നും മന്ത്രി പറഞ്ഞു.  അഞ്ചു വര്‍ഷമാവുമ്പോഴേക്കും മഞ്ചേരി മെഡിക്കല്‍ കോളജിന്റെ മുഖഛായ മാറുമെന്നും മന്ത്രി പറഞ്ഞു.  മഞ്ചേരി മെഡിക്കല്‍ കോളജിലെ കാഷ്വാല്‍റ്റി ജില്ലാ ആശുപത്രിക്ക് പോലും അനുയോജ്യമല്ലെന്ന് മുന്‍ സര്‍ക്കാറിനെ പരോക്ഷമായി വിമര്‍ശിച്ച് മന്ത്രി പറഞ്ഞു. ചെയ്യേണ്ടത് അതത് സമയത്ത് ചെയ്തിട്ടില്ല. നിലവാരമുള്ള കാഷ്വാല്‍റ്റി നിര്‍മിക്കാനാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. എന്നാല്‍, ഇത് എന്ന് നിര്‍മിക്കുമെന്ന് മന്ത്രി പറഞ്ഞില്ല. ഇത്തവണ മികച്ച റിസല്‍ട്ടുണ്ടാക്കിയ വിദ്യാര്‍ഥികളെയും  ജീവനക്കാരെയും മന്ത്രി അഭിനന്ദിച്ചു. നേരത്തെ ആശുപത്രിയും സംവിധാനങ്ങളും മന്ത്രി നേരില്‍ കണ്ട് വിലയിരുത്തി. എം ഉമ്മര്‍ എംഎല്‍എ, മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. റംലാ ബീഗം, ആരോഗ്യ വകുപ്പ് സെക്രട്ടറി രാജീവ് സദാനന്ദന്‍, പ്രിന്‍സിപ്പല്‍ ഡോ. കെ മോഹനന്‍, സൂപ്രണ്ട് ഡോ. പി നന്ദകുമാര്‍, അഡ്വ. കെ ഫിറോസ് ബാബു, അസൈന്‍ കാരാട് പങ്കെടുത്തു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day