|    Jan 24 Tue, 2017 12:33 am

നിലയ്ക്കാത്ത സിത്താര്‍

Published : 12th December 2015 | Posted By: swapna en

സംഗീതം/ മജീദ് പനയപ്പിള്ളി
ഒരു ഡിസംബര്‍ പതിനൊന്നിനാണ് പണ്ഡിറ്റ് രവിശങ്കര്‍ സംഗീതലോകത്തുനിന്ന് മാഞ്ഞുപോയത്. മരിക്കുവോളം അദ്ദേഹത്തിന്റെ സിതാര്‍, ആരാധകര്‍ക്ക് സംഗീതത്തിന്റെ ശീതളസുഖം പകര്‍ന്നുനല്‍കി. വാരണാസിയിലെ ബംഗാളി ബ്രാഹ്മണ കുടുംബത്തില്‍ ശ്യാം ശങ്കര്‍ ചൗധരിയുടെ മകനായി 1920 ഏപ്രില്‍ ഏഴിനാണ് രവിശങ്കര്‍ ജനിച്ചത്. പിതാവ് രാജസ്ഥാനിലെ ഝലവാര്‍ രാജാവിന്റെ മന്ത്രിയായിരുന്നു. രവിശങ്കര്‍ കുട്ടിയായിരിക്കേ പിതാവ് ബ്രിട്ടനിലേക്കു കുടിയേറി ഒരു വെള്ളക്കാരിയെ വിവാഹം കഴിച്ചു. അതോടെ രവിശങ്കറിന്റെ കുടുംബം അനാഥമായി. എങ്കിലും കുടുംബം ഒത്തൊരുമയോടെ പിടിച്ചുനിന്നു. നര്‍ത്തകനായ മൂത്ത സഹോദരന്‍  ഉദയശങ്കര്‍ അവസരങ്ങള്‍ തേടി 1930ല്‍ ബ്രിട്ടനിലേക്കു പോയപ്പോള്‍ രവിശങ്കറും കൂടെ പോയി. അന്ന് രവിശങ്കറിന് പത്തു വയസ്സാണ് പ്രായം. ഈ യാത്രയ്ക്കിടയിലാണ് അദ്ദേഹം നൃത്തവും സിതാര്‍ വാദനവും പഠിച്ചുതുടങ്ങിയത്. എട്ടു വര്‍ഷങ്ങള്‍ക്കു ശേഷം തിരികെ നാട്ടിലേക്കു വന്ന് സിതാര്‍വാദകന്‍ ഉസ്താദ് അലാവുദ്ദീന്‍ഖാന്റെ ശിഷ്യത്വം സ്വീകരിച്ചു.

ഇന്ത്യയില്‍ ജനിച്ചെങ്കിലും സ്ഥിരവാസം ബ്രിട്ടനായിരുന്ന അദ്ദേഹത്തിന് നാലു ഭാര്യമാര്‍ ഉണ്ടായിരുന്നു. അന്നപൂര്‍ണാദേവി, കമലാ ശാസ്ത്രി, സുജോണ്‍സ്, സുകന്യ രാജന്‍ എന്നിവര്‍. സുകന്യ രാജന് ഒരു മലയാളി ബന്ധവുമുണ്ട്. അവരുടെ അമ്മ കൊല്ലം ജില്ലയിലെ അഞ്ചല്‍ സ്വദേശിയാണ്.  ‘സാരേ ജഹാന്‍ സെ അഛാ’ എന്ന പ്രശസ്ത ഗാനത്തിന്റെ ഈണമാണ് സാധാരണക്കാരിലേക്കു കൂടി അദ്ദേഹത്തിന്റെ പ്രശസ്തി വ്യാപിപ്പിച്ചത്. ഇന്ത്യന്‍ പീപ്പിള്‍സ് തിയേറ്റര്‍ അസോസിയേഷന്‍ (ഇപ്റ്റ) മുദ്രാഗാനമായി ഇഖ്ബാലിന്റെ ‘സാരേ ജഹാന്‍ സെ അഛാ’ സ്വീകരിച്ചപ്പോള്‍ ഈണമിടാന്‍ രവിശങ്കറിനെയാണ് ഏല്‍പ്പിച്ചത്. അതിന്റെ മാസ്മരികതയാണ് രവിശങ്കറിനെ സാധാരണക്കാര്‍ക്കിടയില്‍ പ്രശസ്തനാക്കിയത്. ഇന്ന് ഈ ഗാനം ഇന്ത്യയുടെ ദേശീയബോധവുമായി വല്ലാതെ കൂടിക്കുഴഞ്ഞുകിടക്കുന്നു. നമ്മുടെ കരസേനയുടെയും നാവികസേനയുടെയും പരേഡില്‍ ദേശഭക്തി നിറഞ്ഞ ഈ ഗാനം ഇന്നും കേള്‍ക്കാം.

സ്വന്തമായി മുപ്പതിലേറെ രാഗങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട് രവിശങ്കര്‍.  1950- 60കളില്‍ സോവിയറ്റ് യൂനിയന്‍, ജപ്പാന്‍, യുഎസ് എന്നിവിടങ്ങളില്‍ രവിശങ്കറും സംഘവും പര്യടനം നടത്തി. ഈ സംഗീതയാത്രകളാണ് അദ്ദേഹത്തെ ലോകം ശ്രദ്ധിക്കുന്ന സംഗീതപ്രതിഭയാക്കിയത്. ആദ്യ ആല്‍ബമായ ശ്രീരാഗാസ് 1956ല്‍ സോവിയറ്റ് യൂനിയനില്‍ പുറത്തിറക്കി. വയലിന്‍ ചക്രവര്‍ത്തിയെ യഹൂദി മെനൂഹിന്‍, ബീറ്റില്‍സിലെ ജോര്‍ജ് ഹാരിസന്‍ എന്നിവരോടൊപ്പം പ്രവര്‍ത്തിക്കാനായത് ഒരു മുതല്‍ക്കൂട്ടായിരുന്നു. യഹൂദി മെനുഹിനുമായി ചേര്‍ന്ന് വെസ്റ്റ് മീറ്റ്‌സ് ഈസ്റ്റ് എന്ന ആല്‍ബം 1967ലാണ് പുറത്തുവന്നത്.സത്യജിത് റായിയുടെ ബംഗാളി ചലച്ചിത്രമായ പഥേര്‍ പാഞ്ജലി,  മീര              എന്നീ ചിത്രങ്ങളില്‍ രവിശങ്കറാണ്  സംഗീതം നിര്‍വഹിച്ചത്. 1957ല്‍ ബെര്‍ലിന്‍ രാജ്യാന്തര ചലച്ചിത്രമേളയില്‍ അദ്ദേഹത്തിന് പ്രത്യേക പുരസ്‌കാരം ലഭിച്ചു. 1958ല്‍ ഐക്യരാഷ്ട്ര സംഘടനയുടെ വാര്‍ഷികാഘോഷത്തില്‍ സംഗീതപരിപാടി അവതരിപ്പിക്കാനും ഭാഗ്യമുണ്ടായി.

45 വര്‍ഷം മുമ്പ്, അബ്ദുല്‍ഖാദര്‍ വക്കീലാണ് അദ്ദേഹത്തെ കൊച്ചിയില്‍ വരുത്തി സംഗീതവിരുന്നൊരുക്കിയത്. മ്യൂസിക്കല്‍ മീറ്റ് എന്ന സംഘടനയുടെ നേതൃത്വത്തില്‍ 1968ല്‍ മട്ടാഞ്ചേരി ടൗണ്‍ഹാളിലായിരുന്നു പരിപാടി.          അന്ന് കേരളത്തിന്റെ എല്ലാ ജില്ലകളില്‍നിന്നും സംഗീതാസ്വാദകന്മാര്‍ ഒത്തുകൂടി. മട്ടാഞ്ചേരിയില്‍ പിന്നീടും രണ്ടു പ്രാവശ്യം വന്നിട്ടുണ്ട്.

1962ല്‍ രവിശങ്കറിന് കേന്ദ്ര സംഗീ ത നാടക അക്കാദമി പുരസ്‌കാരം ലഭിച്ചു. 1967ല്‍ പത്മഭൂഷണ്‍, 1981ല്‍ പത്മവിഭൂഷണും നല്‍കി. 1968ല്‍ രാജ്യസ   ഭയിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെട്ടു. 1999ല്‍ മാതൃരാജ്യത്തിന്റെ പരമോന്നത ബഹുമതിയായ ഭാരതരത്‌നം നല്‍കി അദ്ദേഹത്തെ ആദരിക്കുകയുണ്ടായി. സംഗീതത്തിലെ ഉന്നത പുരസ്‌കാരമായ  ഗ്രാമി അവാര്‍ഡ് മൂന്നു പ്രാവശ്യം അദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്. നാലാമത് ഗ്രാമി അവാര്‍ഡിന് നാമനിര്‍ദേശം  ചെയ്യാനിരിക്കെയാണ് അദ്ദേഹം  മരണത്തിന് കീഴടങ്ങിയത്. 2012 ഡിസംബര്‍ 11ാം തിയ്യതി                       കാലഫോര്‍ണിയയിലെ സ്‌കിപ്‌സ്           മെമ്മോറിയല്‍ ആശുപത്രിയില്‍ ഹൃദയശസ്ത്രക്രിയയ്ക്കു വിധേയനാകവേ, മരണം തലോടുമ്പോള്‍, അദ്ദേഹത്തിന് 92 വയസ്സായിരുന്നു. പാശ്ചാത്യസംഗീതലോകത്ത് അറിയപ്പെടുന്ന പ്രതിഭകളാണ് അദ്ദേഹത്തിന്റെ മക്കളായ നോറ ജോണ്‍സ്, അനുഷ്‌ക ശങ്കര്‍, ശുഭേദ്ര ശങ്കര്‍ എന്നിവര്‍. നോറയ്ക്ക് ഒമ്പത് ഗ്രാമി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ മക്കളിലൂടെ ഇനിയുള്ള കാലം നമുക്ക് പണ്ഡിറ്റ് രവിശങ്കറിനെ ഓര്‍മിക്കാം. ഹ

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 101 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക