|    Nov 19 Mon, 2018 9:18 pm
FLASH NEWS
Home   >  Religion   >  

നിലയ്ക്കാത്ത പ്രവാചക ദൗത്യങ്ങള്‍

Published : 10th December 2017 | Posted By: G.A.G

അഷ്‌റഫ് ശ്രമദാനി
മഹാനായ പ്രവാചകന്റെ അതിശയകരമായ ജന്മസാഫല്യം കൂടിയാണ് ഇസ്‌ലാം. നബിയുടെ കാലവും ദേശവും ജനതയും അതുമായി ഏറെ ബന്ധപ്പെട്ടുകിടക്കുന്നു. ആ ബന്ധബാന്ധവം പ്രവാചകാനന്തര കാലത്തെ ഇപ്പോഴത്തെയും എപ്പോഴത്തെയും എന്നത്തെയും ജനപഥങ്ങളിലേക്ക് വ്യാപിച്ചേ പോവുന്നു. കാരണം, മനുഷ്യകുലത്തിനാകമാനം സവിശേഷമായി തിരഞ്ഞെടുക്കപ്പെട്ട ദൈവനിയുക്ത പ്രവാചകനാണ് തിരുമേനി. ‘മുസ്തഫായ നബി’ എന്ന ഗൃഹാതുരപൂര്‍ണമായ പഴംപറച്ചിലില്‍ എല്ലാം പെടുന്നുണ്ട്. പടച്ചവന്‍ മനുഷ്യരായ തന്റെ പടപ്പുകള്‍ക്ക് പ്രത്യേകമായി നല്‍കിയിട്ടുള്ള മേധാശക്തിയും വിവേചനാധികാരവും ഉന്നതമായ തോതില്‍ പ്രവാചകര്‍ക്കുമുണ്ട്.

പക്ഷേ, വിനിയോഗക്രമത്തിലാണ് അതിന്റെ കാതല്‍ കിടക്കുന്നത്. നബിയുടെ ജീവിതം ഖുര്‍ആനായിരുന്നുവെന്നു ചരിത്രവും കൂടി സാക്ഷ്യപ്പെടുത്തുമ്പോള്‍ മഹത്തായ ആ വ്യതിരിക്തത സുവ്യക്തമാവുന്നു. ഐതിഹാസികമായ ഈ വ്യതിരിക്തത ഈ പുണ്യജന്മസാഫല്യം രണ്ടു വസ്തുതകള്‍ വിളംബരം ചെയ്യുന്നുണ്ട്. ഇസ്‌ലാമിന്റെ സമ്പൂര്‍ത്തിയും പ്രവാചക നിയോഗത്തിന്റെ പരിസമാപ്തിയുമാണത്.
മഹത്തായ ഈ ജന്മസാഫല്യം തേടി നബി ജന്മമാസമായ റബീഉല്‍ അവ്വലില്‍ മുഴുവന്‍ കറങ്ങിയാലും അന്വേഷണ ത്വര ശമിക്കുകയില്ല. 12 മാസമുള്ള ഒരു ഹിജ്‌റ വര്‍ഷവും തീരെ മതിയാകയില്ല. പ്രവാചകന്റെ ആയുര്‍ദൈര്‍ഘ്യകാലവും ഇതിനു തികയുകയില്ല. നബിജന്മം മുതല്‍ നമ്മുടെ വര്‍ത്തമാനകാലം വരെയെങ്കിലും അതന്വേഷിക്കേണ്ടിവരും. നിയോഗം ലഭിക്കും വരെയുള്ള മുഹമ്മദ് ഇബ്‌നു അബ്ദുല്ലാഹിന്റെ ജീവിതകാലവും ഈ ജന്മസാഫല്യത്തിന്റെ പരിധിയില്‍പ്പെടുന്ന അവിഭാജ്യഘടകമായതുകൊണ്ടാണത്. ആ 40 സംവല്‍സരങ്ങളും പടച്ചവന്റെ കൃപയാല്‍ സുരക്ഷിതമായിരുന്നു.
ഒരാള്‍ സത്യസന്ധനും വിശ്വസ്തനുമാണെങ്കില്‍ അയാള്‍ അമീനാണ്. നബി ജനിച്ചുവളര്‍ന്നു വ്യാപരിച്ച, ഇടപഴകിയ വ്യവഹരിച്ച, പ്രാകൃതബോധവും അസംസ്‌കൃത ജീവിതശൈലിയുമുണ്ടായിരുന്ന ആ ജനപദത്തിനു തന്നെ പ്രവാചക തിരുമേനി അമീനല്ല. അല്‍അമീനായിരുന്നു. സമ്പൂര്‍ണമായ സത്യസന്ധതയുടെയും വിശ്വാത്തരമായ വിശ്വാസ്യതയുടെയും മൂര്‍ത്തീമദ്ഭാവം അല്‍അമീന്‍! വിശാലമായ ആരൂഢം ഉറച്ച ഭൂമിക. ദൈവദീന്‍ അതിന്റെ ആത്യന്തിക രൂപത്തില്‍ പടുത്തുയര്‍ത്തപ്പെടുകയാണ്. അവിഭാജ്യവും പരസ്പരപൂരകവുമായിരുന്നു പ്രവാചകത്വ പദവിക്ക് മുമ്പും പിമ്പുമുള്ള നബിയുടെ ആകെ ആയുസ്സ്. അല്‍അമീനായ മുഹമ്മദ് എന്ന ദൈവദാസനും പ്രവാചകനുമായിരുന്നു നിയുക്ത ദൗത്യപൂര്‍ണിമ കൈവരിച്ചത്. അനിഷേധ്യമായ ഈ ചരിത്രയാഥാര്‍ഥ്യമാണ് നബിതിരുമേനിയുടെ ജന്മസാഫല്യത്തിനു ബഹുദൂരവും അതിജീവനവും നല്‍കിയത്. അദ്ഭുതകരമായ ഈ അതിജീവനത്തിന്റെ അന്ത്യദിനമാണ് യൗമുല്‍ ഖിയാമ എന്ന ഡൂംസ് ഡേ. ഒരു കള്‍ട്ടിനും മത/മതേതര ആള്‍ദൈവങ്ങള്‍ക്കും നിര്‍ണയിക്കാനോ നീട്ടിവയ്ക്കാനോ വഴങ്ങുന്ന ദിവസമല്ല അത്.
തിരുവചനങ്ങളുടെ പുലര്‍ച്ചകള്‍ സംഭവിച്ചേ ആ ദിനം വന്നെത്തൂ. അന്നും ഒരു ചെടി നടാന്‍ പറഞ്ഞ അല്ലാഹുവിന്റെ റസൂല്‍ നേരിട്ട് ആവിഷ്‌കാരം നിര്‍വഹിച്ച ഒരു പ്രത്യയശാസ്ത്രമാണത്. ഒരു നൂറ്റാണ്ടിനകത്തുവച്ചു തന്നെ ജനിമൃതി സംഭവിച്ച മനുഷ്യനിര്‍മിതിയല്ല അത്. ദീനിന്റെ പുനര്‍ജനികള്‍ക്ക് ചരിത്രം സാക്ഷിയാണ്.
മനോഹരമായആവിഷ്‌കാരങ്ങള്‍
രണ്ടു വിശുദ്ധമായ ദൈവഗേഹങ്ങളിലും അതിന്റെ മുഗ്ധസുന്ദരമായ ദൃശ്യാവിഷ്‌കാരങ്ങള്‍ ഇന്നും ലഭ്യമാണ്. ഉംറയുടെയും ഹജ്ജിന്റെയും അനുഷ്ഠാന നാളുകളില്‍ സമസൃഷ്ടികള്‍ക്കിടയിലെ ഉച്ചനീചത്വ വിവേചനമില്ലാത്ത ആഗോളദൃശ്യങ്ങള്‍ മറച്ചുവച്ചാലും മറഞ്ഞിരിക്കില്ല. എല്ലാ നെഗളിപ്പുകളും ചങ്കൂറ്റങ്ങളും ചത്തുവീഴുന്ന നേര്‍ക്കാഴ്ചകള്‍. അതിന്റെ പരിഛേദങ്ങളും ചെറുചിത്രങ്ങളും ഭൂമിയിലെവിടെയും ലഭ്യമാണ്. നമസ്‌കാരത്തിന്റെ നിരകളിലും നോമ്പിന്റെ കാരുണ്യപ്രവാഹത്തിലും അതിനു ഗരിമയും പ്രൗഢിയും കൂടുന്നു. ഇസ്‌ലാമിന്റെ പ്രവാചകനെ പാതാളത്തോളം നിന്ദിച്ചു താഴ്ത്തിയവര്‍ പുതുവിശ്വാസം സ്വീകരിച്ചു പശ്ചാത്താപവിവശരായി വന്നു രണ്ടു ഹറമുകളുടെയും തിരുമുറ്റത്തു നിന്നുകൊണ്ട് വിതുമ്പിക്കേഴുന്ന കാഴ്ചകള്‍ മുഹമ്മദ്‌നബിയുടെ ജന്മസാഫല്യം കൂടിയാണ്. ഏഴാം നൂറ്റാണ്ടില്‍ നിലനിന്ന പ്രാകൃത വിശ്വാസങ്ങളെ തിരസ്‌കരിക്കാന്‍ വേണ്ടി അന്നത്തെ ജനതയെ പ്രേരിപ്പിച്ച പ്രവാചകന്റെ ദൗത്യം നിര്‍വഹിക്കാന്‍ ഉദ്യുക്തരായ ഇന്ന് അവതാരമെടുക്കുന്നവരുടെ ആനിമേഷന്‍ ചിത്രങ്ങളല്ലിത്. തിരക്കഥ തയ്യാറാക്കാതെ രംഗസജ്ജീകരണമൊരുക്കാതെ സംവിധാനം ചെയ്യാതെ രൂപപ്പെടുന്ന ഈ വിസ്മയ ദൃശ്യങ്ങള്‍ ഭൂമുഖത്തുനിന്നു തിരോഭവിച്ച തിരുനബിയുടെ കൂടി അവകാശമാണ്. പരലോകത്തും പദവി ഉയര്‍ത്തപ്പെട്ടു നബിക്ക് ഈ അവകാശം വകവച്ചുകൊടുക്കപ്പെടും. പണ്ഡിതന്മാര്‍ പ്രവാചകന്മാരുടെ അനന്തരാവകാശികളാണെന്നു തെര്യപ്പെടുത്തിയിട്ടാണ് മുഹമ്മദ്‌നബി വിടവാങ്ങിയത്. ലക്ഷണമൊത്ത പ്രതിജ്ഞാബദ്ധരായ സമര്‍പ്പണസന്നദ്ധതയുള്ള പണ്ഡിതന്മാര്‍ ഇന്നും ലഭ്യമാണ്. കാരണം, അവര്‍ക്കു ശക്തിപകരാന്‍ ദൈവത്തിന്റെ പ്രാമാണിക ഗ്രന്ഥവും പ്രവാചകന്റെ മാതൃകാ ചര്യയുമുണ്ട്. ചിലപ്പോള്‍ ദൗത്യവും സാക്ഷ്യവും നിര്‍വഹിക്കുക ചില അയോഗ്യരും അനര്‍ഹരും മറ്റുചില അപ്രതീക്ഷിത സംഭവങ്ങളുമായിരിക്കും. മറ്റെല്ലാ മതങ്ങളെയും വകഞ്ഞുമാറ്റിക്കൊണ്ടു ശോഭയോടെ വെളിവായി വരുന്ന ഒരു അദ്ഭുത കഴിവ് മുഹമ്മദ്‌നബി പൂര്‍ത്തീകരിച്ച ഈ ദീനിനുണ്ട്.
ഏതിനം പ്രത്യയശാസ്ത്രങ്ങളെയും അതിജയിച്ചു നില്‍ക്കുന്ന ഏറ്റവും കൂടുതല്‍ ഹൈലൈറ്റ് ചെയ്യപ്പെടുന്ന ഒരു സ്ഥിതി/ സ്റ്റാറ്റസ് ഇസ്‌ലാമിനുണ്ടെന്നു സാരം. കുബുദ്ധികള്‍ കുതന്ത്രം മെനയവേ, പ്രതിലോമകാരികള്‍ നോക്കി പേടിപ്പിക്കവേ, പ്രതികൂല സംഭവങ്ങള്‍ തന്നെ അരങ്ങേറവേ, മുഖംമൂടികള്‍ അഴിച്ചുവീഴ്ത്തപ്പെട്ടും കാപട്യങ്ങള്‍ പൊളിച്ചെഴുത്തപ്പെട്ടും ബുദ്ധിയുള്ളവര്‍ക്ക് ദൃഷ്ടാന്തം പകര്‍ന്നുകൊണ്ടുമുള്ള ഒരു സ്റ്റാറ്റസ്!
അദ്ഭുത ദൃഷ്ടാന്തങ്ങള്‍
പ്രവാചകന്മാര്‍ക്കൊക്കെയും ആവശ്യമായ സന്ദര്‍ഭങ്ങളില്‍ അദ്ഭുതസിദ്ധികള്‍ നല്‍കി അനുഗ്രഹിക്കപ്പെട്ടിട്ടുണ്ട്. അവര്‍ പൊറുതിമുട്ടി ചെയ്ത പ്രാര്‍ഥനയ്ക്കുത്തരമായി സത്യനിഷേധികളെ പല രീതിയിലും നശിപ്പിച്ചിട്ടുണ്ട്. അഗ്നിക്ക് ശൈത്യസ്വഭാവം നല്‍കിക്കൊണ്ട് ഇബ്രാഹിം നബിയെ തീക്കുമ്പാരത്തില്‍ നിന്നു റബ്ബ് രക്ഷപ്പെടുത്തിയിട്ടുണ്ട്. പക്ഷേ, മോശയുടെയും യേശുവിന്റെയും ദിവ്യാദ്ഭുത സംഭവങ്ങള്‍ക്കാണ് ഏറെ പ്രചാരം കിട്ടിയിട്ടുള്ളത്. ക്രിസ്ത്യന്‍ മിഷണറി ഈ വിഷയത്തില്‍ ലോകത്തിനു മുന്‍പന്തിയില്‍ നില്‍ക്കുന്നു. ദൈവവചന പ്രഘോഷണങ്ങളും ബൈബിള്‍ വചനങ്ങളുടെ ചുവരെഴുത്തുകളും അവര്‍ ധാരാളമായി ചെയ്യുന്ന ചില ബൈബിള്‍ വചനങ്ങള്‍ അക്രൈസ്തവരും സാന്ദര്‍ഭികമായി ഉദ്ധരിക്കാറുണ്ട്. പക്ഷേ, പ്രബോധനരംഗത്ത് ഏറ്റവും പിന്നാക്കാവസ്ഥയില്‍ നില്‍ക്കുന്നതുകൊണ്ടോ എന്തോ നബിയെ അത്രതന്നെ കേള്‍പ്പിക്കപ്പെടുന്നില്ല. എന്നിട്ടും നബി ആരും നിനച്ചിരിക്കാത്ത തരത്തില്‍, തലത്തില്‍ വായിക്കപ്പെട്ടുകൊണ്ടേയിരിക്കുന്നു. ഒരു ജാരസന്തതിയായ ഇസ്‌ലാമോഫോബിയയും ഒരു തെറിവാക്കായ ‘തീവ്രവാദ’വും ഇസ്‌ലാമിന്റെ മേല്‍ കുതിരകളിച്ചുകൊണ്ടിരിക്കുമ്പോഴാണ് നബിയെ ധിഷണയുള്ളവര്‍ വായിച്ചു സ്വന്തമാക്കുന്നത്. തങ്ങളുടേതായ കാരണത്താലും തങ്ങളുടേതല്ലാത്ത കാരണത്താലും പൊതുജീര്‍ണതയുടെ ഭാഗമായും ജാഹിലിയത്തുകൊണ്ടും ഉപജാപം കൊണ്ടും ജാഗ്രതക്കുറവുകൊണ്ടും ചതിക്കുഴികള്‍ തിരിയാത്തതുകൊണ്ടും മുസ്‌ലിംകള്‍ക്ക് ഒരു പ്രതിച്ഛായ ദോഷമൊക്കെയുണ്ട്. എന്നിട്ടും അവര്‍ക്കുണ്ട് താരതമ്യേന മെച്ചപ്പെട്ട മാനുഷികത. മുണ്ഡനം ചെയ്തു ക്ലീനാക്കിയ ശുദ്ധ പശുവിന്‍ മാര്‍ക്ക് അഹിംസാവാദികളുടെ മൃഗീയമായ ഹിംസകള്‍ക്കിരയായിട്ടും കൈയൊഴിക്കാന്‍ തയ്യാറില്ലാത്ത ഒരു വിശ്വാസമവര്‍ക്കുണ്ട്. നബിയുടെ ജന്മസാഫല്യം!
ഖുര്‍ആന്‍ അതിന്റെ സ്വതസിദ്ധമായ ശൈലിയില്‍ പറയുന്ന പ്രവാചകന്‍ വിശദീകരിച്ചു പറഞ്ഞുതരുന്ന അദ്ഭുതസംഭവങ്ങളേ സൂക്ഷ്മതയുള്ളവര്‍ ആധികാരികമായി ഗണിക്കാറുള്ളൂ. ഉദാഹരണം, കേരളത്തില്‍ ഇസ്‌ലാമിന്റെ ആവിര്‍ഭാവത്തിനു ചരിത്രനിമിത്തമായ ചന്ദ്രന്‍ പിളര്‍ന്ന അദ്ഭുതസംഭവം. ഖമര്‍ എന്ന പേരില്‍ ശീര്‍ഷകം ചെയ്യപ്പെട്ട അധ്യായത്തിലെ ബന്ധപ്പെട്ട സൂക്തത്തിന് ആധുനിക ബഹിരാകാശ ശാസ്ത്രപര്യവേഷണങ്ങള്‍ വരെ അടിവരയിടുന്നുണ്ട്. നബിയുടെ ജീവിതം ഖുര്‍ആനാണെന്നു, വിശ്വാസികളുടെ മാതാവും പ്രവാചക പത്‌നിയും മഹാപണ്ഡിതയുമായിരുന്ന മഹതി ആയിശ  സാക്ഷ്യപ്പെടുത്തിയെങ്കില്‍, കാലമാണ് ഖുര്‍ആന്റെ വ്യാഖ്യാതാവെന്നു നബിമുഹമ്മദും പ്രവചിച്ചിട്ടുണ്ട്.
പ്രവാചകനുമായി ബന്ധപ്പെട്ട മുഅ്ജിസത് എന്നറിയപ്പെടുന്ന അദ്ഭുത സംഭവങ്ങളുടെ പാറ്റേണ്‍ ഇങ്ങനെയാണ്. നബിയുടെ അതല്ലാത്ത ധാരാളം മുഅ്ജിസത്തുകള്‍ മുസ്‌ലിംകള്‍ തന്നെ കേള്‍ക്കാത്തതായുണ്ട്. അല്ലാഹുവിന്റെ ഗ്രന്ഥമായ ഖുര്‍ആന്‍ തന്നെ ക്രമാനുഗതമായി കാലത്താല്‍ വ്യാഖ്യാനിക്കപ്പെട്ടു നമ്മെ വിസ്മയിപ്പിക്കുന്നത് കൊണ്ടുകൂടിയാണത്. സത്യത്തില്‍ പ്രവാചകന്‍ ജീവിച്ച മണ്ണില്‍ തന്നെ സംഭവിച്ച, രേഖപ്പെടുത്തിയ അദ്ഭുത കാര്യങ്ങള്‍ അതിന്റെ ആധികാരികതയോടെ കേള്‍പ്പിക്കാനുള്ള ബാധ്യത പണ്ഡിതന്മാര്‍ക്കുണ്ട്. ആശയക്കുഴപ്പമുണ്ടാക്കുന്ന രീതിയിലല്ല, മനസ്സിലാക്കുംവിധം ആ ദൗത്യം അത്രയ്‌ക്കൊന്നും നിര്‍വചിക്കപ്പെട്ടിട്ടോ പ്രവാചകന്റെ വ്യക്തിപ്രഭാവം മുസ്‌ലിംകള്‍ വല്ലാതെയൊന്നും പകര്‍ത്തിയിട്ടോ അല്ല ഇസ്‌ലാം തിളങ്ങുന്നത്. പ്രവാചകന്റെ വ്യക്തിത്വം നന്നായി പകര്‍ത്തി ജീവിക്കുന്നവരെ എക്കാലവും കാണാം എന്നതുകൊണ്ടുകൂടിയാണിത്.
ഇസ്‌ലാം എന്ന സ്വത്വബോധത്തില്‍ നിന്നുമുടലെടുക്കുന്ന നൈസര്‍ഗിക നന്മകള്‍ മാനവിക മൂല്യങ്ങള്‍ ഗുണകാംക്ഷ, ഉദവി, ഔദാര്യം, സ്‌നേഹവായ്പ്, ദയ, എല്ലാം ആനുപാതികമായി കൂടുതല്‍ തന്നെയാണ് മുസ്‌ലിംസമൂഹത്തില്‍. മാലോകര്‍ ആ ഗുണത്തിന്റെ മാത്രമല്ല മുസ്‌ലിം സമ്പന്നതയുടെയും ഗുണഭോക്താക്കളാണ്. സമ്പത്ത് ഏകനായ സ്രഷ്ടാവിന്റെതാണെന്ന സങ്കല്‍പ്പം അതില്‍ പങ്കുവഹിക്കുന്നു. പ്രവാചകന്റെ കിടയറ്റ വ്യക്തിപ്രഭാവം ഇസ്‌ലാമിന്റെ പ്രൗഢമായ ഒരാകര്‍ഷണം തന്നെയാണ്. നബിയെ സഗൗരവം കേള്‍പ്പിക്കുന്ന പണ്ഡിതന്മാരുണ്ട്. സമുദ്ധാരകന്മാരുണ്ട്. നബിയുടെ അപദാനങ്ങള്‍ക്ക് അമിത പ്രാധാന്യം നല്‍കുന്നവരുമുണ്ട്. ഇസ്‌ലാമിനെ പക്ഷേ, പ്രതിരോധത്തിലാക്കാന്‍ ഒരിക്കലും കഴിയില്ല എന്നത് നബിയുടെ ഒരു ജന്മസാഫല്യമാണ്. ആ പ്രതിരോധശേഷിയും വിജ്ഞാന പിന്‍ബലവുമുള്ള പണ്ഡിതന്മാരുടെ സാന്നിധ്യം മാറിമാറി ലഭ്യമാവുന്ന ഒരു സംവിധാനം അതിനുണ്ട്. അതിനു പുറമെയാണ് അമുസ്‌ലിം പണ്ഡിത്മാരുടെയും ബുദ്ധിജീവികളുടെയും മറ്റും നിസ്വാര്‍ഥമായ ഇടപെടലുകള്‍. എല്ലാ മാനുഷിക പ്രശ്‌നങ്ങളെയും ചൂഴ്ന്നുനില്‍ക്കുന്ന നബി സ്വത്വം തന്നെ അതിനു നിമിത്തം.
ഒരു പുതുവിശ്വാസിയുണ്ടാവുന്നത് ഒരു സാധാരണ മുസ്‌ലിമും വെറുക്കുന്ന കാര്യമല്ല. തന്റെ സഹജീവിക്കും ഇഹപരമോക്ഷം ലഭിക്കണമെന്ന ഗുണകാംക്ഷകൊണ്ടു മാത്രമാണത്. ഈ ഗുണകാംക്ഷയെയാണ് മതമായി, ദീനായി പ്രവാചകന്‍ പറഞ്ഞുതിന്നിട്ടുള്ളത്. പുതുവിശ്വാസികളുടെ എണ്ണം ബോധിപ്പിച്ചു ബോണസ് വാങ്ങാനൊന്നുമല്ലിത്. പുതുലോകക്രമത്തിന്റെ ഭാഗമായി ഏറ്റവും വലിയ അഭയാര്‍ഥി സമൂഹമായി മാറിയ മുസ്‌ലിംകള്‍ക്ക് ഒരാളെ കൂടി കിട്ടിയിട്ടെന്ത് ശരണം മാളോരേ!
ചരിത്രപ്രസിദ്ധമായ പ്രവാചകന്റെ വിടവാങ്ങല്‍ പ്രസംഗം/ മനുഷ്യാവകാശ ചാര്‍ട്ടര്‍ ഇവിടെ വീണ്ടും പ്രസക്തമാവുകയാണ്. വായിക്കുക. വീണ്ടും വീണ്ടും വായിക്കുക, നബിയെ കേള്‍ക്കുക. വിടവാങ്ങല്‍ പ്രസംഗം പ്രവാചകന്റെ ഏറ്റവും വലിയ ജന്മസാഫല്യമാണ്. അതൊരു വിടയല്ല തുടക്കമാണ്. അതൊരു ഉപസംഹാരമല്ല. ഉപക്രമമാണ്. അതെ, അന്ത്യനാള്‍ വരെയുള്ള മനുഷ്യകത്തിന്. അതും കൂടിയാണ് ഇസ്‌ലാം. അത്യുന്നതങ്ങളില്‍ നിന്ന് ഇസ്‌ലാം പൂര്‍ത്തിയാക്കപ്പെട്ടിരിക്കുന്നു, തൃപ്തിപ്പെട്ടിരിക്കുന്നു. നബി ആരാണെന്നാണ് നമ്മുടെയൊക്കെ വിചാരം! നബിയെ തേജോവധം ചെയ്യുന്നവര്‍ പതിയെപ്പതിയെ നാണം കെടുന്നത് കണ്ടിട്ടില്ലേ?
മകന്‍: ‘നമ്മളോട് അന്ധമായി വിരോധവും ശത്രുതയും കാട്ടുന്നവരോട് എന്താണ് നമ്മള്‍ കാട്ടാത്തത് ബാപ്പാ?’
ബാപ്പ: ‘ഒരു ജനതയോടുള്ള വിരോധം അവരോട് അനീതി പ്രവര്‍ത്തിക്കാന്‍ നിങ്ങളെ പ്രേരിപ്പിക്കാതിരിക്കട്ടെ എന്ന് ഖുര്‍ആന്‍ പറയുന്നതുകൊണ്ട് മകനേ!’

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss