|    Oct 24 Wed, 2018 11:09 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

നിലയ്ക്കല്‍-പമ്പ യാത്രയ്ക്ക്് പൊതുവാഹനം മാത്രം

Published : 24th August 2018 | Posted By: kasim kzm

പത്തനംതിട്ട: വരുന്ന മാസപൂജ മുതല്‍ ശബരിമല തീര്‍ത്ഥാടകരുടെ വാഹനങ്ങള്‍ നിലയ്ക്കല്‍ വരെ മാത്രമേ വരാന്‍ അനുവദിക്കൂ എന്നു തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍ പറഞ്ഞു. പ്രളയത്തില്‍ പമ്പയിലെ പരിസ്ഥിതിക്കുണ്ടായ കനത്ത ആഘാതത്തെ തുടര്‍ന്നാണു തീരുമാനം. അവിടെ നിന്ന് കെഎസ്ആര്‍ടിസി ബസ്സുകളിലോ ദേവസ്വം ബോര്‍ഡ് വാങ്ങാന്‍ ഉദ്ദേശിക്കുന്ന ഇലക്ട്രിക്ക് വാഹനങ്ങളിലോ തീര്‍ത്ഥാടകരെ പമ്പയില്‍ എത്തിക്കും. അടുത്ത മാസപൂജയ്ക്ക് പമ്പ കടക്കുന്നതിന് താല്‍കാലിക നടപ്പാലം ഉണ്ടാക്കുന്ന കാര്യം പരിഗണിക്കുന്നതായും അദ്ദേഹം പറഞ്ഞു. എല്ലാ കാര്യങ്ങളും ഇന്നു രാവിലെ പമ്പയില്‍ നടക്കുന്ന മന്ത്രിതല യോഗം തീരുമാനിക്കും. രാവിലെ 10ന് പമ്പയില്‍ മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രന്‍, മാത്യു ടി തോമസ് എന്നിവര്‍ എത്തും. കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിനോടും എത്താനാകുമോ എന്ന് അഭ്യര്‍ഥിച്ചിട്ടുണ്ടെന്നു പത്മകുമാര്‍ അറിയിച്ചു.വാഹനങ്ങള്‍ നിലയ്ക്കല്‍ വരെയാക്കി പരിമിതപ്പെടുത്തണമെന്നതു വര്‍ഷങ്ങളായി പരിസ്ഥിതി പ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നതാണ്. നിലയ്ക്കല്‍ ഇടത്താവളം 250 ഏക്കര്‍ വിസ്തൃതിയുള്ളതാണ്. ഇവിടെ എല്ലാ വാഹനങ്ങളുമെത്തി തീര്‍ത്ഥാടകര്‍ ഇറങ്ങി പൊതുവാഹനത്തില്‍ പമ്പയില്‍ എത്തിയാല്‍ ഗതാഗതക്കുരുക്ക് കുറയും. വനപ്രദേശത്തെ മലിനീകരണം ഒഴിവാക്കാം. പമ്പയില്‍ തിരക്കും വീര്‍പ്പുമുട്ടലും കുറയുമെന്നും വിലയിരുത്തലുണ്ട്.പമ്പയില്‍ 50 മീറ്റര്‍ വരെ ഉയരത്തില്‍ മണ്ണ് വന്ന് അടിഞ്ഞിട്ടുണ്ട്. ത്രിവേണി പാലത്തിന് വലതു വശത്തു കൂടിയാണ് പമ്പ മറുകരയിലേക്ക് മാറി ഒഴുകുന്നത്. താല്‍ക്കാലിക നടപ്പാലത്തിന് രണ്ടു പേര്‍ 50 ലക്ഷം രൂപയുടെ സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. അതു ചെയ്യാന്‍ കഴിയുമോയെന്ന് വിവിധ വകുപ്പുകളുമായി സംസാരിച്ച് തീരുമാനിക്കും. ഇപ്പോള്‍ സന്നിധാനത്തുള്ള ആളുകള്‍ക്കും അവശ്യസാധനങ്ങളും മരുന്നും പൂജാസാധനങ്ങളും എത്തിക്കേണ്ടതുണ്ട്. സന്നിധാനത്തെ നിര്‍ദിഷ്ട മാലിന്യപ്ലാന്റ് സ്ഥലംമാറ്റും. പമ്പയില്‍ ഇനി മണല്‍പ്പുറത്ത് നിര്‍മാണ പ്രവര്‍ത്തനം ഉണ്ടാവില്ല. അപകടനിലയിലുള്ള അന്നദാന മണ്ഡപം നീക്കും. മുഴുവനായോ, ഭാഗികമായോ എന്ന് പരിശോധിച്ച് തീരുമാനിക്കും. ശൗചാലയ കുഴലുകള്‍ നന്നാക്കണം. ടാങ്ക് ചളി കയറി ഉപയോഗ ശൂന്യമായി. ഇതു ശരിയാക്കും. പുല്ലുമേട് പാത പമ്പയിലെ പ്രശ്‌നം തീരും വരെ ഉപയോഗിക്കാന്‍ കഴിയുമോയെന്നു പരിശോധിക്കും. ഇതിന് അനുമതി തേടും. സന്നിധാനത്തു രോഗം ബാധിച്ച രണ്ട് പേരെ ഹെലികോപ്റ്റര്‍ വഴി രക്ഷപ്പെടുത്തും. പ്രളയത്തില്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള 300 ക്ഷേത്രങ്ങളാണു മുങ്ങിയത്. വരുമാന നഷ്ടവും കെട്ടിടനാശവും കോടികള്‍ വരുമെന്നും പ്രസിഡന്റ് വ്യക്തമാക്കി. അവലോകന യോഗത്തില്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ആര്‍ അജിത്ത് കുമാര്‍ സാങ്കേതിക കാര്യങ്ങള്‍ വിശദമാക്കി.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss