|    Dec 12 Wed, 2018 2:57 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

നിലയില്ലാ കയത്തില്‍ കോണ്‍ഗ്രസ്

Published : 10th November 2017 | Posted By: fsq

 

എ എം ഷമീര്‍ അഹ്മദ്

തിരുവനന്തപുരം: കോണ്‍ഗ്രസ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ രാഷ്ട്രീയ പ്രതിസന്ധിയാണു സംസ്ഥാനത്തു സോളാര്‍ കമ്മീഷന്‍ റിപോര്‍ട്ട് പുറത്തായതോടെ സംജാതമായത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കൂടാതെ അദ്ദേഹത്തിന്റെ മന്ത്രിസഭയിലുണ്ടായിരുന്ന മൂന്ന് അംഗങ്ങളും മുന്‍ കേന്ദ്രമന്ത്രിയുമടക്കമുള്ളവര്‍ അഴിമതിയും ലൈംഗിക ചൂഷണവും നടത്തിയെന്ന കമ്മീഷന്റെ കണ്ടെത്തലുകള്‍ ദേശീയ നേതൃത്വത്തെ വരെ ഞെട്ടിച്ചിരിക്കുകയാണ്. സാക്ഷിമൊഴികളും സാഹചര്യത്തെളിവുകളും നിരത്തി നേതാക്കള്‍ക്കെതിരേ അക്കമിട്ടു കമ്മീഷന്‍ തെളിവു നിരത്തുമ്പോള്‍ അവയ്‌ക്കെല്ലാം മറുപടി പറയാന്‍ കഴിയാതെ കുഴങ്ങുകയാണു നേതാക്കള്‍. റിപോര്‍ട്ട് രാഷ്ട്രീയ പ്രേരിതമാണെന്ന വാദമുയര്‍ത്തി പ്രതിരോധിക്കാന്‍ ശ്രമിക്കുമ്പോഴും എതിരാളികളുടെ വായ അടപ്പിക്കാന്‍ തക്ക ആയുധങ്ങളൊന്നും പാര്‍ട്ടിയുടെയോ, മുന്നണിയുടെയോ കൈവശമില്ല. നിയമപരമായി നീങ്ങുക മാത്രമാണു കോണ്‍ഗ്രസ്സിന് മുന്നിലുള്ള ഏകപോംവഴി. സോളാര്‍ കമ്മീഷനായ ജസ്റ്റിസ് ശിവരാജനുമായി മുഖ്യമന്ത്രിയുടെ ഓഫിസ് ബന്ധപ്പെട്ടതിനു പിന്നില്‍ ദുരൂഹതയുണ്ടെന്നു കോണ്‍ഗ്രസ് ആരോപിക്കുന്നു. സര്‍ക്കാരിന്റെ ഭാഗമായ ഒരു ഉദ്യോഗസ്ഥന്‍ ജസ്റ്റിസ് ശിവരാജന്റെ വീട്ടിലെത്തിയതില്‍ ദുരൂഹതയുണ്ടെന്നും ആരോപണവിധേയര്‍ പറയുന്നു. പ്രമുഖ അഭിഭാഷകരില്‍ നിന്ന് ഇതു സംബന്ധിച്ച് നേതാക്കള്‍ നിയമോപദേശം തേടിയിട്ടുണ്ട്. സോളാര്‍ റിപോര്‍ട്ട് ദേശീയ തലത്തിലും വലിയ ചലനങ്ങള്‍ സൃഷ്ടിച്ചിരിക്കുകയാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങള്‍ കോണ്‍ഗ്രസ് ആരംഭിച്ചിരിക്കെയാണു നേതൃത്വത്തെ പ്രതിരോധത്തിലാക്കി റിപോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പു നടക്കുന്ന ഗുജറാത്ത്, കര്‍ണാടക സംസ്ഥാനങ്ങളില്‍ വിഷയം ഉയര്‍ത്തി ബിജെപി പ്രചാരണം നടത്തുമെന്ന ഭയം കോണ്‍ഗ്രസ് നേതാക്കള്‍ക്കുണ്ട്. അതേസമയം, പാര്‍ട്ടിക്കുള്ളിലും വലിയ ശക്തിക്ഷയമാവും ഉമ്മന്‍ചാണ്ടിക്കും എ ഗ്രൂപ്പിനും ഇനി നേരിടേണ്ടി വരിക. സിപിഎമ്മിന്റെ രാപകല്‍ സമരത്തെ നിഷ്പ്രഭമാക്കാന്‍ പ്രഖ്യാപിച്ച ജുഡീഷ്യല്‍ അന്വേഷണമെന്ന വജ്രായുധം ഉമ്മന്‍ചാണ്ടിക്കു തന്നെ ബൂമറാങ് ആയി മാറുകയായിരുന്നു. താന്‍ തന്നെ തീരുമാനിച്ച കമ്മീഷന്റെ റിപോര്‍ട്ടിനെ പൂര്‍ണമായി തള്ളാന്‍ ഉമ്മന്‍ചാണ്ടിക്കു കഴിയില്ല. ഉമ്മന്‍ചാണ്ടി സ്വന്തം നിലയിലും പേഴ്‌സനല്‍ സ്റ്റാഫ് മുഖേനയും കൈക്കൂലി വാങ്ങിയതായും സരിതയെ െൈലംഗികമായി പീഡിപ്പിച്ചതായും കമ്മീഷന്റെ കണ്ടെത്തലിലുണ്ട്. ഉമ്മന്‍ചാണ്ടിയുടെ രാഷ്ട്രീയഭാവിയെ തന്നെ ഇല്ലാതാക്കാന്‍ പോന്നതാണിത്. എല്ലാ ഘടക കക്ഷിയിലുമുള്ള നേതാക്കളുണ്ടെങ്കിലും കോണ്‍ഗ്രസ്സിലെ ശക്തരായ എ വിഭാഗത്തിനാണു സോളാര്‍ കേസില്‍ ഏറ്റവും പരിക്കേല്‍ക്കുന്നത്. ഉമ്മന്‍ചാണ്ടി, ആര്യാടന്‍ മുഹമ്മദ്, ബെന്നി ബെഹനാന്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, തമ്പാനൂര്‍ രവി തുടങ്ങി എ ഗ്രൂപ്പിലെ മുന്‍നിരക്കാരെല്ലാം കുറ്റക്കാരുടെ പട്ടികയിലുണ്ട്. ലൈംഗിക പീഡനമടക്കമുള്ള കുറ്റങ്ങള്‍ നേതാക്കള്‍ക്കെതിരേ ഉന്നയിക്കുന്നത് ഇതിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു.പ്രദേശിക കോണ്‍ഗ്രസ് പ്രസിഡന്റ് പദവിയടക്കം എ ഗ്രൂപ്പിനായി കേന്ദ്രനേതൃത്വം നീക്കിവച്ച സാഹചര്യത്തിലാണു പുതിയ സംഭവവികാസങ്ങള്‍. കിട്ടിയ അവസരം മുതലെടുത്തു സംസ്ഥാന കോണ്‍ഗ്രസ്സിലെ ആധിപത്യം സ്ഥാപിച്ചെടുക്കാന്‍ ഐ ഗ്രൂപ്പ് നീക്കം തുടങ്ങിയിട്ടുണ്ട്. ഇതിനു തടയിടാന്‍ എ ഗ്രൂപ്പ് എന്തുനീക്കം നടത്തുന്നുവെന്നതു കാത്തിരുന്നു കാണേണ്ടതാണ്. നേരത്തെ ഐ ഗ്രൂപ്പിനൊപ്പം നിന്നിരുന്ന കെ മുരളീധരന്‍ ഇപ്പോള്‍ എ ഗ്രൂപ്പിലേക്ക് ചാഞ്ഞിരിക്കുകയാണ്. അദ്ദേഹത്തെ മുന്‍നിര്‍ത്തിയുള്ള നീക്കങ്ങളാവാം എ ഗ്രൂപ്പ്  നടത്തുകയെന്നും സൂചനയുണ്ട്. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പ് ഉള്‍പ്പെടെ വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ ഇതിന്റെ പ്രത്യാഘാതം അലയടിക്കും. പ്രതിപക്ഷത്തെ നിശ്ശബ്ദമാക്കാനുള്ള ഇതിലും നല്ല വടി പിണറായി സര്‍ക്കാരിന് ഇനി ലഭിക്കാനില്ല. അതുകൊണ്ടു തന്നെ കോണ്‍ഗ്രസ്സിനെതിരേ മികച്ചരീതിയില്‍ സോളാര്‍ റിപോര്‍ട്ട് സര്‍ക്കാര്‍ ഉപയോഗിക്കുമെന്ന് ഉറപ്പാണ്. കോടതിക്കാര്യമായതിനാല്‍ ഒരു തീര്‍പ്പിലെത്താന്‍ വര്‍ഷങ്ങളെടുത്തേക്കാം. അതുവരെ സോളാര്‍ വിവാദം വീണ്ടും കത്തിക്കൊണ്ടിരിക്കും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss