|    Apr 24 Mon, 2017 12:58 pm
FLASH NEWS

നിലമ്പൂര്‍ സംഭവം ഭരണകൂട ഭീകരത: കാംപസ് ഫ്രണ്ട്

Published : 29th November 2016 | Posted By: SMR

നിലമ്പൂര്‍: നിലമ്പൂരില്‍ മാവോവാദികളെ വെടിവച്ചുകൊന്ന പോലിസ് നടപടി ഭരണകൂട ഭീകരതയാണെന്നും ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും കാംപസ് ഫ്രണ്ട് ജില്ലാ സെക്രട്ടറി പി കെ ഷിബിലി ആവശ്യപ്പെട്ടു. നിലമ്പൂരില്‍ ഏരിയാ പ്രവര്‍ത്തക സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൊല്ലപ്പെട്ടവര്‍ മാവോവാദികളാണെങ്കില്‍ പോലും അവരെ വെടിവച്ചു കൊന്നത് എന്ത് കുറ്റത്തിന്റെ പേരിലാണെന്ന് വ്യക്തമാക്കണം. കുറ്റം ആരോപിച്ച് വിചാരണയും പോലിസ് തന്നെ നടത്തി വധശിക്ഷ നടപ്പാക്കുകയാണു നിലമ്പൂരില്‍ ചെയ്തത്. ഇത് ജനാധിപത്യ വിരുദ്ധമാണ്. പൗരന്മാരുടെ സുരക്ഷിതത്വം ഉറപ്പുവരുത്തലാണു ഭരണകൂടത്തിന്റെയും പോലിസിന്റെയും ചുമതല. അതിനു പകരം അവരെ വെടിവച്ചുകൊല്ലുന്ന നടപടി ന്യായീകരിക്കാനാവില്ല. ഇടതുപക്ഷ ആശയങ്ങള്‍ പിന്തുടരുന്നവരെയാണ് കമ്മ്യൂണിസ്റ്റ് മാര്‍ക്‌സിസ്റ്റ് സര്‍ക്കാര്‍ ഭരിക്കുമ്പോള്‍ വധിച്ചത്. ജനപക്ഷത്തു നിന്നു ശബ്ദിക്കുന്നവരെ സ്വാര്‍ഥ താല്‍പര്യങ്ങള്‍ക്കുവേണ്ടി അടിച്ചമര്‍ത്തുന്ന ഫാഷിസ്റ്റ് പ്രവണത കേരളത്തിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാരും ആവര്‍ത്തിക്കുകയാണ്. രാജാവിനേക്കാള്‍ വലിയ രാജ്യഭക്തി പ്രകടിപ്പിച്ചു കൊണ്ട് പിണറായി വിജയന്‍ മോദിയെ അനുകരിക്കാന്‍ ശ്രമിക്കുകാണെങ്കില്‍ ശക്തമായ വില നല്‍കേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. പുതിയ ഏരിയാ കമ്മിറ്റി ഭാരവാഹികളായി വി കെ മുഹമ്മദ് ഹുസൈന്‍ (പ്രസിഡന്റ്), മുഹമ്മദ് മുസ്തഫ (സെക്രട്ടറി), പി അര്‍ഷദ് (വൈസ് പ്രസിഡന്റ്), നിസാര്‍ എടക്കര (ജോയിന്റ് സെക്രട്ടറി), ആഷിഫ് എടക്കര(ഖജാഞ്ചി), കെ പി ഫാരിസ്, അജ്‌വദ്, മാഹിര്‍ ഉസ്മാന്‍ എന്നിവരെ കമ്മിറ്റി അംഗങ്ങളായും തിരഞ്ഞെടുത്തു. കെ ഇസ്മായീല്‍ തിരഞ്ഞെടുപ്പിനു നേതൃത്വം നല്‍കി.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day