|    Nov 17 Sat, 2018 8:30 pm
FLASH NEWS

നിലമ്പൂര്‍- ഷൊര്‍ണൂര്‍ റൂട്ടില്‍ ട്രെയിനുകള്‍ സമയം തെറ്റുന്നത് പതിവാകുന്നു

Published : 8th August 2018 | Posted By: kasim kzm

തുവ്വൂര്‍: നിലമ്പൂര്‍ ഷൊര്‍ണൂര്‍ റൂട്ടിലെ ക്രോസിങ് സ്റ്റേഷനുകളുടെ അഭാവം ട്രെയിന്‍ സമയം തെറ്റാന്‍ കാരണമാവുന്നു. തിരുവനന്തപുരത്തേക്കുള്ള രാജ്യറാണിയടക്കം 14 തവണയാണ് ട്രെയിന്‍ നിലമ്പൂര്‍ ഷൊര്‍ണൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്നത്. തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട് രാവിലെ നിലമ്പൂരില്‍ എത്തുന്ന രാജ്യറാണി മിക്ക ദിവസങ്ങളിലും വൈകിയാണ് എത്തിച്ചേരുന്നത്. ഇതു കാരണം മറ്റു ട്രെയിനുകളുടെ സമയം താളം തെറ്റുന്നത് നിത്യസംഭവമാണ്. റൂട്ടില്‍ നിലമ്പൂര്‍, വാണിയമ്പലം, അങ്ങാടിപ്പുറം എന്നിവയാണ് ബ്ലോക്ക് സ്റ്റേഷനുകളായിട്ടുള്ളത്. ബാക്കിയുള്ള ഭൂരിഭാഗം സ്റ്റേഷനുകളും ഹാള്‍ട്ടിങ് സ്റ്റേഷനുകളാണ്.
ഇവയില്‍ അങ്ങാടിപ്പുറം ഷൊര്‍ണൂര്‍ സ്റ്റേഷനുകള്‍ക്ക് മധ്യഭാഗത്ത് സ്ഥിതി ചെയ്യുന്ന കുലുക്കല്ലൂര്‍ സ്റ്റേഷനെ ക്രോസിങ് സ്റ്റേഷനാക്കി മാറ്റിയാല്‍ രണ്ടിടത്ത് നിന്നും ഒരേ സമയം തന്നെ ട്രെയിന്‍ എടുക്കാനാവും. നിലവില്‍ അങ്ങാടിപ്പുറത്ത് നിന്ന് ഷൊര്‍ണൂരിലേക്ക് ട്രെയിന്‍ പുറപ്പെടുമ്പോള്‍ തിരിച്ചങ്ങോട്ടുള്ള ട്രെയിന്‍ പിടിച്ചിടുകയാണ് പതിവ്. ഇതു കാരണം സമയം വൈകുന്നതിനാല്‍ യാത്രക്കാര്‍ക്ക് എന്നും ദുരിതമാണ്.
അതുപോലെ നിലമ്പൂര്‍ അങ്ങാടിപ്പുറം സ്റ്റേഷനുകളുടെ മധ്യഭാഗമായ തുവ്വൂര്‍ ഹാള്‍ട്ടിങ്ങ് സ്റ്റേഷനേയും ക്രോ സിങ് സ്റ്റേഷനാക്കി മാറ്റിയാല്‍ അങ്ങാടിപ്പുറം നിലമ്പൂരിനിടയ്ക്ക് സമയക്രമത്തോടെ ട്രെയിനുകള്‍ക്ക് സഞ്ചരിക്കാനാവും. ഇപ്പോള്‍ അങ്ങാടിപ്പുറത്ത് നിന്ന് നിലമ്പൂര്‍ ഭാഗത്തേക്ക് ട്രെയിന്‍ എടുത്താല്‍ തിരിച്ചിങ്ങോട്ടുള്ള ട്രെയിന്‍ നിലമ്പൂരിലോ വാണിയമ്പലത്തോ പിടിച്ചിടേണ്ട അവസ്ഥയാണ്. എന്നാല്‍ ഇവക്കിടയിലെ മധ്യഭാഗമായ തുവ്വൂരില്‍ ക്രോസിങ് സംവിധാനമുണ്ടെങ്കില്‍ മിനിറ്റുകള്‍ പോലും തെറ്റാതെ ട്രെയിന്‍ സര്‍വീസ് നടത്താനാവും.
റൂട്ടിലെ മിക്ക സ്റ്റേഷനുകളിലും അടിസ്ഥാന സൗകര്യങ്ങളില്ലാത്ത പ്രശ്‌നങ്ങളുമുണ്ട്. ദിനംപ്രതി നൂറുകണക്കിന് യാത്രക്കാരാണ് റൂട്ടില്‍ സഞ്ചാരം നടത്തുന്നത്. റൂട്ടില്‍ സിഗ്‌നല്‍ അടക്കം ആധുനിക വല്‍ക്കണം നടത്തണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss