|    May 27 Sat, 2017 6:12 am
FLASH NEWS

നിലമ്പൂര്‍-ഷൊര്‍ണൂര്‍ പാതയില്‍ ക്രോസിങ് സംവിധാനം ഉടന്‍

Published : 5th August 2016 | Posted By: SMR

നിലമ്പൂര്‍: നിലമ്പൂര്‍-ഷൊര്‍ണൂര്‍ പാതയില്‍ കുലുക്കല്ലൂരില്‍ ക്രോസിങ് സംവിധാനം ഒരുക്കുമെന്ന് ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജര്‍ വസിഷ്ഠ ജോഹ്‌രി പറഞ്ഞു. പി വി അബ്ദുല്‍ വഹാബ് എംപിയുമായി നിലമ്പൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ നടത്തിയ ചര്‍ച്ചയിലാണ് എംപിക്ക് ഉറപ്പ് നല്‍കിയത്. രാജ്യറാണി സ്വതന്ത്ര തീവണ്ടിയാക്കുന്നതിന് റെയില്‍വേ ബോര്‍ഡില്‍ നിന്നു അനുമതി കിട്ടുന്നതിന് പരമാവധി ശ്രമിക്കും.
പകല്‍ സമയം മുഴുവന്‍ നിലമ്പൂര്‍ സ്‌റ്റേഷനില്‍ നിര്‍ത്തിയിടുന്ന രാജ്യറാണിയെ കോട്ടയത്തേക്ക് പകല്‍ സര്‍വീസ് നടത്തുന്ന എക്‌സ്പ്രസ് ട്രെയിനായി ഓടിക്കണമെന്ന് എംപി ആവശ്യപ്പെട്ടു. എംപി ഫണ്ട് ഉപയോഗിച്ചാണ് റോഡ് വല്ലപ്പുഴ വരെ നീട്ടുക. എംപി ഫണ്ട് ഉപയോഗിച്ച് ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്നതിനും, ഷെല്‍ട്ടര്‍ ഒരുക്കുന്നതിനും നടപടിയായി. പോലിസ് ഔട്ട്‌പോസ്റ്റ് സ്ഥാപിക്കുന്നതിനും നടപടികള്‍ പൂര്‍ത്തിയായതായി ജിഎം എംപിയെ അറിയിച്ചു. നിലമ്പൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ റിസര്‍വേഷന്‍ സൗകര്യമൊരുക്കുന്നതിന് സംവിധാനമൊരുക്കാന്‍ റയില്‍വേയ്ക്ക് സാധിക്കാത്തപക്ഷം കൗണ്ടറിന് പുറത്ത് സ്വകാര്യ സംരഭകരുടെ സഹായത്തോടെ റിസര്‍വേഷന്‍ സംവിധാനം ഒരുക്കും.
നിലവിലെ നിലമ്പൂര്‍-എറണാകുളം പാസഞ്ചര്‍, നിലമ്പൂര്‍ – കോട്ടയം എന്ന പേരാക്കി മാറ്റണമെന്ന എംപിയുടെ നിര്‍ദേശം അംഗീകരിച്ചു. ഉടന്‍ പ്രാവര്‍ത്തികമാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. നിലമ്പൂരില്‍ പാര്‍സല്‍ സര്‍വീസുകള്‍ ഇന്നലെ മുതല്‍ ആരംഭിച്ചതായും അദ്ദേഹം അറിയിച്ചു. നിലമ്പൂര്‍-ഷൊര്‍ണ്ണൂര്‍ പാതയിലെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്ന പ്രവൃത്തികള്‍ പുരോഗമിക്കുന്നതിനനുസരിച്ച് കൂടുതല്‍ സൗകര്യങ്ങള്‍ ലഭ്യമാക്കുമെന്ന് അദ്ദേഹം പറഞ്ഞു. നിലമ്പൂരില്‍ ചരക്കുനീക്കത്തിനായി പ്രവര്‍ത്തനമാരംഭിച്ച യാര്‍ഡ് ഉപകാരപ്പെടുത്തണമെന്നും ജനറല്‍ മാനേജര്‍ പറഞ്ഞു. വൈകീട്ട് 4.25 ഓടെയാണ് പ്രത്യേക തീവണ്ടിയില്‍ ജനറല്‍ മാനേജറും സംഘവും നിലമ്പൂരിലെത്തിയത്.
സ്റ്റേഷനില്‍ പുതിയതായി പ്രവര്‍ത്തനമാരംഭിച്ച ടിക്കറ്റ് കൗണ്ടര്‍ ഉള്‍പ്പെട്ട കെട്ടിടവും സൗകര്യങ്ങളും നേരില്‍ കണ്ടു. സ്റ്റേഷന്‍ പരിസരത്ത് വൃക്ഷത്തൈകള്‍ നടുന്നതിനും ജനറല്‍ മാനേജര്‍ നേതൃത്വം നല്‍കി. ഡിആര്‍എം നരേഷ് ലാല്‍വാനി, ഡിവിഷണല്‍ മാനേജര്‍ (കൊമേഴ്‌സ്യല്‍) ദാമോദര്‍ തുടങ്ങിയവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. എംപിയോടൊപ്പം ഡോ. ബിജുനൈനാന്‍, അഡ്വ. അബു സിദ്ദീഖ് തുടങ്ങിയവരും ഉണ്ടായിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day