|    Feb 20 Mon, 2017 12:05 pm
FLASH NEWS

നിലമ്പൂര്‍ വനമേഖലയില്‍ ഏറ്റുമുട്ടല്‍; 3 മാവോവാദികളെ വെടിവച്ചു കൊന്നു

Published : 25th November 2016 | Posted By: SMR

ഷിബു  എടക്കര

എടക്കര: നിലമ്പൂര്‍ വനത്തില്‍ മൂന്നു മാവോവാദികളെ നക്‌സല്‍ വിരുദ്ധ സേന വെടിവച്ചു കൊന്നു. ആന്ധ്രാ സ്വദേശികളായ സിപിഐ മാവോയിസ്റ്റ് കേന്ദ്ര കമ്മിറ്റി അംഗം ദേവരാജന്‍, കാവേരി എന്ന അജിത എന്നിവരാണ് കൊല്ലപ്പെട്ടത്. ഒരാളെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്നലെ രാവിലെ 11.30നും 12നും ഇടയിലാണ് പോലിസും മാവോവാദികളും നേര്‍ക്കുനേര്‍ വെടിയുതിര്‍ത്തതെന്നാണ് വിവരം.
ആദ്യമായാണ് കേരളത്തില്‍ മാവോവാദികള്‍ വെടിവയ്പില്‍ കൊല്ലപ്പെടുന്നത്. നിലമ്പൂര്‍ സൗത്ത് ഡിവിഷനിലെ കരുളായി റേഞ്ച് പടുക്ക സ്റ്റേഷന്‍ പരിധിയിലെ പൂളപ്പൊട്ടി കണ്ടംതരിശ് വനമേഖലയിലാണ് വെടിവയ്പ് ഉണ്ടായത്. 20 മിനിറ്റോളം തുടര്‍ച്ചയായി വെടിവയ്പ് നടന്നതായാണ് സൂചന. പൂളപ്പൊട്ടി, കണ്ടംതരിശ് ഭാഗങ്ങളില്‍ മാവോവാദികള്‍ സ്ഥിരമായി തമ്പടിക്കാറുണ്ടെന്ന് പോലിസിനു രഹസ്യവിവരം ലഭിച്ചിരുന്നു. ചില ആദിവാസികള്‍ സ്ഥിരമായി മാവോവാദികളുമായി ഇവിടെ സന്ധിക്കാറുണ്ടെന്ന് പോലിസിന്റെ നിരീക്ഷണത്തില്‍ വ്യക്തമായി. ഇവരുടെ മൊബൈല്‍ ഫോണുകള്‍ പിന്തുടര്‍ന്നാണ് പോലിസ് സേന ഓപറേഷന്‍ നടത്തിയത്.
വ്യാഴാഴ്ച പുലര്‍ച്ചെ 3.30ഓടെ പടുക്ക, നെല്ലിക്കുത്ത് ഭാഗങ്ങളിലൂടെ നിലമ്പൂര്‍ സിഐ കെ എം ദേവസ്യ, പുല്‍പ്പള്ളി സിഐ, നക്‌സല്‍ വിരുദ്ധ സേനയുടെ ചുമതലയുള്ള എസ്‌ഐ പി ജ്യോതീന്ദ്രകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ മുപ്പത് അംഗങ്ങള്‍ വീതമുള്ള രണ്ടു സംഘങ്ങളായാണ് ഓപറേഷനു കാടുകയറിയത്.12 പേരാണ് മാവോവാദി സംഘത്തിലുണ്ടായിരുന്നത്. ദേവരാജനും കാവേരിയും സംഭവസ്ഥലത്തുതന്നെ കൊല്ലപ്പെട്ടതായാണ് വിവരം. ചിലര്‍ക്ക് പരിക്കേറ്റതായും വിവരമുണ്ട്. ഇവര്‍ ചികില്‍സ തേടിയെത്തുമെന്നതിനാല്‍ ജില്ലയിലെ ആശുപത്രികളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ വനത്തില്‍ നിന്നു നീക്കം ചെയ്തിട്ടില്ല. അതേസമയം, വെടിവയ്പില്‍ ചിതറിയോടിയ മാവോവാദികള്‍ തിരിച്ചടിക്കാനുള്ള സാധ്യതയുള്ളതിനാല്‍ കനത്ത സുരക്ഷയില്‍ മാത്രമേ തുടര്‍നടപടിക്രമങ്ങള്‍ നടത്താനാവൂ. ഇക്കാരണത്താലാണ് വ്യാഴാഴ്ച മാവോവാദികളുടെ മൃതദേഹങ്ങള്‍ വനത്തില്‍ നിന്നു പുറത്തേക്കു കൊണ്ടുവരാതിരുന്നത്.
അതേസമയം, ഏറ്റുമുട്ടലില്‍ രണ്ടു മാവോവാദികളാണ് കൊല്ലപ്പെട്ടതെന്ന്  സ്ഥലത്തെത്തിയ ഉത്തരമേഖലാ ഐജി എം ആര്‍ അജിത്കുമാര്‍ പറഞ്ഞു. മാവോവാദികള്‍ക്കെതിരേയുള്ള കോമ്പിങ് ഓപറേഷന്റെ ഭാഗമായി വ്യാഴാഴ്ച പുലര്‍ച്ചെ പുറപ്പെട്ട സംഘത്തിനു നേരെ മാവോവാദികള്‍ വെടിവച്ചതിനെ തുടര്‍ന്നാണ് ഏറ്റുമുട്ടലുണ്ടായത്. ഒരു സ്ത്രീയും പുരുഷനുമാണ് കൊല്ലപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പോലിസ് മേധാവി ദേബേഷ് കുമാര്‍ ബെഹ്‌റ, രഹസ്യാന്വേഷണ വിഭാഗം എസ്പി സുനില്‍ കുമാര്‍, പി വി അന്‍വര്‍ എംഎല്‍എ, ഡിഎഫ്ഒമാരായ ഡോ. ആടല്‍ അരശന്‍, കെ സജി തുടങ്ങിയവരും സ്ഥലത്തെത്തിയിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 14 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക