|    Nov 20 Mon, 2017 1:22 am
FLASH NEWS

നിലമ്പൂര്‍ ഫയര്‍ സ്റ്റേഷന് കെട്ടിടമൊരുക്കാന്‍ നടപടിയില്ല

Published : 4th August 2017 | Posted By: fsq

 

നിലമ്പൂര്‍: നോട്ടീസ് കാലാവധി അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ നിലമ്പൂര്‍ ഫയര്‍‌സ്റ്റേഷന് കെട്ടിടമൊരുക്കാന്‍ നടപടികളായില്ല. ഫയര്‍‌സ്റ്റേഷന്‍ പ്രവര്‍ത്തിക്കുന്ന വീട്ടിക്കുത്തിലെ കെട്ടിടം ഒഴിയണമെന്ന് കാണിച്ച് കഴിഞ്ഞ 19 നാണ് നഗരസഭ കത്ത് നല്‍കിയത്. കെട്ടിടം 15 ദിവസത്തിനകം ഒഴിയണമെന്നും 11 വര്‍ഷത്തെ വാടക തന്നുതീര്‍ക്കണമെന്നും അല്ലാത്തപക്ഷം നിയമ നടപടികള്‍ സ്വീകരിക്കുമെന്നുമാണ് കത്തില്‍ ഉണ്ടായിരുന്നത്. നിലമ്പൂരിന് ഫയര്‍‌സ്റ്റേഷന്‍ നഷ്ടമാവുമെന്ന സ്ഥിതി വന്നതോടെ നഗരസഭയുടെ നടപടിക്കെതിരേ ജനരോഷം ശക്തമായിരുന്നു. ഇതോടെ കെട്ടിടം ഒഴിയാനല്ല, സമീപത്തെ മറ്റൊരു കെട്ടിടത്തിലേക്ക് മാറാനാണ് നിര്‍ദേശം നല്‍കിയതെന്ന ന്യായീകരണവുമായി ചെയര്‍പേഴ്‌സണ്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തി. ഫയര്‍‌സ്റ്റേഷന്‍ ഒരിക്കലും നഷ്ടപ്പെടാന്‍ അനുവദിക്കില്ലെന്നു കാണിച്ച് നഗരസഭയില്‍ പ്രമേയവും അവതരിപ്പിച്ചു. എന്നാല്‍, പുതിയ കെട്ടിടത്തില്‍ സൗകര്യം ഒരുക്കുന്നതിനായി നഗരസഭയുടെ ഭാഗത്തുനിന്നു ഇതുവരെയും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. പുതിയ കെട്ടിടം നല്‍കുന്നതു സംബന്ധിച്ച് ജില്ലാ ഫയര്‍ ഓഫിസര്‍ നല്‍കിയ കത്തില്‍ ഇതുവരെയും മറുപടി നല്‍കാന്‍ പോലും നഗരസഭ തയ്യാറായിട്ടില്ല. കെട്ടിടം ഒഴിയാന്‍ ആവശ്യപ്പെട്ട് നഗരസഭ നല്‍കിയ നോട്ടീസ് കാലാവധി അവസാനിക്കാനിരിക്കെ ഫയര്‍‌സ്റ്റേഷന്റെ ഭാവി വീണ്ടും തുലാസിലായി. പുതിയ കെട്ടിടം നിര്‍മിക്കുന്നതിന് സ്ഥലം കണ്ടെത്തുന്നതിനായുള്ള നടപടികള്‍ പുരോഗമിക്കുന്നുണ്ടെങ്കിലും ഇതുവരെയും അനുയോജ്യമായ സ്ഥലം കണ്ടെത്താനായിട്ടില്ല. കരിമ്പുഴയില്‍ റവന്യൂ ഭൂമി കണ്ടെത്തിയെങ്കിലും കെട്ടിടം നിര്‍മിക്കുന്നതിന് ആവശ്യമായ സൗകര്യം ഇവിടെയില്ല. കഴിഞ്ഞ ദിവസം താലൂക്ക് തഹസില്‍ദാര്‍, പിഡബ്ല്യു എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ തുടങ്ങിയവര്‍ വീണ്ടും ഇവിടം സന്ദര്‍ശിച്ച് അളന്ന് തിട്ടപ്പെടുത്തിയിരുന്നു. ലഭ്യമായ സ്ഥലത്ത് കെട്ടിടം നിര്‍മിക്കാനാവുമോ എന്ന ശ്രമവും നടന്നുവരുന്നുണ്ട്. പ്രതിവര്‍ഷം 250ലധികം അപകടങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്ന മേഖലയാണു നിലമ്പൂര്‍. അപകടം നടക്കുന്ന ഘട്ടങ്ങളില്‍ നിലമ്പൂര്‍ ഫയര്‍ ഫോഴ്‌സ് എന്നും മലയോരത്തിന് ആശ്വാസമായിരുന്നു. എന്നാല്‍, നഗരസഭ നിസ്സംഗത തുടര്‍ന്നാല്‍ യൂനിറ്റ് വീണ്ടും മലപ്പുറത്തേക്കുതന്നെ മാറ്റേണ്ട അവസ്ഥയാണുള്ളത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക