|    Mar 29 Wed, 2017 7:11 am
FLASH NEWS

നിലമ്പൂര്‍- നഞ്ചന്‍കോട് റെയില്‍പാത സാധ്യമാവും: ഇ ശ്രീധരന്‍

Published : 10th January 2017 | Posted By: fsq

 

മലപ്പുറം: നിലമ്പൂര്‍-നഞ്ചന്‍കോട് റെയില്‍പാത സാധ്യമാവുമെന്ന് ഡിഎംആര്‍സി ചെയര്‍മാന്‍ ഇ ശ്രീധരന്‍ പറഞ്ഞു. വയനാട് സിവില്‍സ്റ്റേഷനിലെ ആസൂത്രണഭവനില്‍ റെയില്‍പാത നിര്‍മാണവുമായി ബന്ധപ്പെട്ട് ചേര്‍ന്ന ജനപ്രതിനിധികളുടെയും ഉദേ്യാഗസ്ഥരുടെയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ പാതയുടെ നിര്‍മാണച്ചെലവ് കൂടുതലാണെന്ന വാദം ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. പുതിയ അലൈന്‍മെന്റില്‍ പാതയുടെ നീളം 236 കിലോമീറ്ററില്‍നിന്ന് 162 കിലോമീറ്ററായി കുറയ്ക്കാന്‍ കഴിയും. സര്‍വേ നടത്താനുള്ള പൂര്‍ണ അനുമതി ലഭിച്ചാല്‍ ഒന്നര വര്‍ഷത്തിനുള്ളില്‍തന്നെ ഫൈനല്‍ ലൊക്കേഷന്‍ സര്‍വേ പൂര്‍ത്തിയാക്കാനാവും. പാതയുടെ നിര്‍മാണം കേരളം, കര്‍ണാടക സംസ്ഥാനങ്ങളില്‍ യാതൊരുവിധ പാരിസ്ഥിതിക പ്രശ്‌നങ്ങളുമുണ്ടാക്കില്ലെന്നു പ്രാഥമിക പാരിസ്ഥിതിക പഠനത്തില്‍ വ്യക്തമായതായും അദ്ദേഹം പറഞ്ഞു. യഥാര്‍ഥ നിര്‍മാണച്ചെലവ് അന്തിമ സര്‍വേയ്ക്ക് ശേഷമേ കൃത്യമായി കണക്കാക്കാനാവു. പാതയുടെ നിര്‍മാണം പ്രതേ്യകം കമ്പനി രൂപീകരിച്ചാവും നടത്തുക. പദ്ധതിയുടെ പൂര്‍ത്തീകരണത്തിന് ഏകദേശം 5,000 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നുണ്ട്. ഇതില്‍ 2,500 കോടി രൂപ പൊതു കടമെടുപ്പിലൂടെയും 2,500 കോടി കേരള-കര്‍ണാടക സംസ്ഥാന സര്‍ക്കാറുകളും റെയില്‍വെയും കൂടി മുതല്‍മുടക്കിയും കണ്ടെത്താം. 162 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാതയില്‍ 22 കിലോമീറ്റര്‍ അണ്ടര്‍ ഗ്രൗണ്ട് പാതയായിരിക്കും. കേരളത്തില്‍ 22 കിലോമീറ്ററും കര്‍ണ്ണാടകത്തില്‍ 13.5 കിലോമീറ്ററും മാത്രമാണ് സംരക്ഷിത വനത്തിലൂടെ കടന്നുപോവുന്നത്. 10 കിലോമീറ്റര്‍ സമതലവും 55 കിലോമീറ്റര്‍ മലയോര മേഖലയുമാണുള്ളത്. സമതല പ്രദേശം 85 കിലോമീറ്ററാണ്. ഇതില്‍ ഭൂരിഭാഗവും കര്‍ണാകടത്തിലെ ആള്‍പ്പാര്‍പ്പില്ലാത്ത പ്രദേശങ്ങളാണ്. കൂടാതെ അധികം തരിശ് പ്രദേശങ്ങളുമാണ്. പാത സംസ്ഥാനങ്ങളിലൂടെ കടന്നുപോവുന്നതിന്റെ ദൈര്‍ഘ്യമനുസരിച്ച് മൂലധന നിക്ഷേപാനുപാതം നിശ്ചയിച്ചാല്‍ കര്‍ണാടക 40 ശതമാനവും കേരളം 60 ശതമാനവും വഹിച്ചാല്‍ മതിയാവും. ഈ അനുപാതത്തിലാണെങ്കില്‍ കേരളം 800 കോടി രൂപ മുതല്‍ മുടക്കിയാല്‍ മതിയാവും. സര്‍വേ പൂര്‍ത്തിയാക്കിയാല്‍ അഞ്ച് കൊല്ലംകൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കാനാവും. സര്‍വേ ആരംഭിക്കുന്നതിനു മുമ്പായി രണ്ടു സംസ്ഥാനങ്ങളും സര്‍വേ സംബന്ധിച്ച് വിജ്ഞാപനം ചെയ്ത് ജനങ്ങളെ വിവരമറിയിക്കേണ്ടതുണ്ട്. റെയില്‍വെയും സംസ്ഥാന സര്‍ക്കാറുകളും പൊതുജനങ്ങളും ഒന്നിച്ച് പ്രവര്‍ത്തിച്ചാല്‍ നിലമ്പൂര്‍-നഞ്ചന്‍കോട് റെയില്‍പാത യാഥാര്‍ഥ്യമാവുമെന്നും അദ്ദേഹം പറഞ്ഞു. സി കെ ശശീന്ദ്രന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. എം ഐ ഷാനവാസ് എംപി, എംഎല്‍എമാരായ ഐ സി ബാലകൃഷ്ണന്‍, ഒ ആര്‍ കേളു, പി വി അന്‍വര്‍, വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്് ടി ഉഷാകുമാരി, ജില്ലാ കലക്ടര്‍ ഡോ. ബി എസ് തിരുമേനി, സബ് കലക്ടര്‍ വി ആര്‍ പ്രേംകുമാര്‍, ജനപ്രതിനിധികള്‍, ജില്ലാതല ഉദേ്യാഗസ്ഥര്‍ പങ്കെടുത്തു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day