|    Jan 17 Tue, 2017 8:26 pm
FLASH NEWS

നിലമ്പൂര്‍-നഞ്ചംകോട് പാത: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നീക്കം പ്രതീക്ഷയേകുന്നു

Published : 9th February 2016 | Posted By: SMR

നഹാസ് എം നിസ്തര്‍

പെരിന്തല്‍മണ്ണ: കേരള ഗവര്‍ണറുടെ നയപ്രഖ്യാപനത്തിന്റെ ചുവടുപിടിച്ച് കേന്ദ്ര ബജറ്റിലും നിലമ്പൂര്‍-നഞ്ചംകോട് റെയില്‍പാതയ്ക്ക് സ്ഥാനം ലഭിക്കാന്‍ നടപടിയായതോടെ സംസ്ഥാനത്തിന്റെ ചിരകാല പദ്ധതിക്ക് പച്ചക്കൊടിയായി. ഡിഎംആര്‍സി മുഖ്യ ഉപദേഷ്ടാവ് ഇ ശ്രീധരന്റെ നേതൃത്വത്തില്‍ നടന്ന സര്‍വേ റിപോര്‍ട്ടിന് അംഗീകാരം നല്‍കാന്‍ കേന്ദ്ര റെയില്‍വേയുടെ ഉന്നത സംഘത്തെ അയക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ബജറ്റില്‍ ഫണ്ട് അനുവദിക്കാന്‍ നീക്കം നടക്കുന്നതായാണ് വിവരം.
നിലവില്‍ സര്‍വെയില്‍ കണ്ടെത്തിയ 156 കിലോമീറ്റര്‍ ദൂരം 3000 കോടി രൂപയ്ക്ക് പൂര്‍ത്തിയാക്കാമെന്ന വിവരമാണ് റെയില്‍വേ കേന്ദ്രസര്‍ക്കാരിന്റെ അനുമതിയോടെ സ്വീകരിക്കുന്നത്. സംസ്ഥാനത്തിന്റെ സ്വപ്‌ന പദ്ധതിയായ നിലമ്പൂര്‍-വയനാട്-നഞ്ചംകോട് റെയില്‍പാത 236 കിലോമീറ്റര്‍ വരുമെന്നാണ് പ്രാഥമിക സര്‍വെയില്‍ കണ്ടെത്തിയിരിക്കുന്നത്. ഇത് നടപ്പാക്കാന്‍ 5,000 കോടി രൂപയോളം ചെലവും പ്രതീക്ഷിച്ചിരുന്നു.
ഇതിനിടെ, കേരളം മുന്‍കൈയെടുത്ത് പദ്ധതി ഇ ശ്രീധരന്റെ നേതൃത്വത്തില്‍ റീസര്‍വേ നടത്തുകയായിരുന്നു. ഇതോടെ 236 കിലോമീറ്റര്‍ വെറും 156 കിലോമീറ്ററായി. ചെലവ് 5,000 കോടിയില്‍ നിന്നു 3000 ആയി ചുരുങ്ങി. ഇത് കേരളത്തിന് വന്‍ പ്രതീക്ഷയേകി. പിന്നീട് നടന്ന നിരന്തര ചര്‍ച്ചകളിലാണ് കേന്ദ്ര റെയില്‍വെയുടെ അംഗീകൃത ഏജന്‍സി ശ്രീധരന്റെ നേതൃത്വത്തില്‍ നടത്തിയ സര്‍വെ പുനപ്പരിശോധിച്ച് കേന്ദ്രസര്‍ക്കാരിന് റിപോര്‍ട്ട് നല്‍കാന്‍ തീരുമാനം കൈക്കൊണ്ടത്. ഇതിനായി അടുത്ത കേന്ദ്ര റെയില്‍വേ ബജറ്റില്‍ പണം കണ്ടെത്തുന്ന പ്രവൃത്തി പൂര്‍ത്തിയായതായാണ് വിവരം. ബ്രിട്ടീഷ് ഇന്ത്യ ചരിത്രത്തില്‍ പ്രധാന പാതയായിരുന്ന നിലമ്പൂര്‍-ഷൊര്‍ണൂര്‍ പാത മൂന്നു സംസ്ഥാനങ്ങള്‍ക്കു കൂടി ഉപകാരമാവുന്ന തരത്തിലേക്കാണ് എത്തുന്നത്. കേരളം, തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങള്‍ തമ്മില്‍ വാണിജ്യ, വ്യാവസായിക, ടൂറിസം മേഖലയില്‍ വന്‍ കുതിച്ചുചാട്ടം തന്നെ പുതിയ പാതയിലൂടെ പൂര്‍ത്തിയാവും. 1995ലാണ് നിലമ്പൂര്‍-ഷൊര്‍ണൂര്‍ പാതയില്‍ രണ്ടു ട്രെയിനുകള്‍ മാത്രം സര്‍വീസ് നടത്തിയിരുന്നത് പുഷ് പുള്‍ ട്രെയിനിനു അവസരം നല്‍കി ശ്രദ്ധേയമായത്.
മൂന്നു പ്രധാന സ്റ്റേഷനുകളും പത്തോളം ഹാള്‍ട്ടിങ് സ്‌റ്റേഷനുകളുമായി ചുരുങ്ങിയ റെയില്‍വേ നാള്‍ക്കുനാള്‍ പുരോഗതിയുടെ പടവുകള്‍ കയറിത്തുടങ്ങി. ഹാള്‍ട്ട് സ്റ്റേഷനുകള്‍ നവീകരിച്ചും നിലമ്പൂര്‍, വാണിയമ്പലം, അങ്ങാടിപ്പുറം സ്റ്റേഷനുകള്‍ ബുക്കിങ് കേന്ദ്രങ്ങളാക്കിയും പട്ടിക്കാട് ആദര്‍ശ് സ്റ്റേഷനാക്കിയും മാറ്റി. തിരുവനന്തപുരത്തേക്ക് അമൃത എക്‌സ്പ്രസുമായി ചേര്‍ന്ന് രാജറാണി എക്‌സ്പ്രസും സര്‍വീസ് ആരംഭിച്ചതോടെ കേന്ദ്ര റെയില്‍വേ ഭൂപടത്തില്‍ നിലമ്പൂര്‍-ഷൊര്‍ണൂര്‍ പാത ടൂറിസം മേഖലകളില്‍ ശ്രദ്ധേയമായ യാത്രാ കേന്ദ്രമായി മാറുകയായിരുന്നു. നിലമ്പൂര്‍-നഞ്ചംകോട് പാതയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാരും കേരള സര്‍ക്കാരും ചെലവുകള്‍ തുല്ല്യമായി ഇറക്കാനാണ് നീക്കം. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് ഡല്‍ഹിയില്‍വച്ച് കേന്ദ്ര റെയില്‍വേ മന്ത്രി ഇതുസംബന്ധിച്ച് ഉറപ്പ് നല്‍കി. സുപ്രധാന നടപടികള്‍ക്കായി കമ്പനി രൂപീകരിച്ച് ധാരണാപത്രത്തില്‍ ഒപ്പിട്ടു. കര്‍ണാടകയിലെ നഞ്ചംകോട് നിന്നാണ് പാത തുടങ്ങുക. ഇതിനു കര്‍ണാടക സര്‍ക്കാരുമായി ചര്‍ച്ച നടത്തും. കമ്പനി രൂപീകരിച്ചതോടെ സംസ്ഥാനങ്ങള്‍ക്ക് മുതല്‍മുടക്ക് കുറയും. പശ്ചിമഘട്ട പ്രദേശങ്ങളില്‍ പരിസ്ഥിതി സംരക്ഷണം കൂടി റെയില്‍വേയ്ക്കു ഏറ്റെടുക്കാനാവും. പുതിയ നീക്കം മലബാറിന്റെ യാത്രാക്ലേശത്തിനു പരിഹാരമാവും.
ബാംഗ്ലൂര്‍, മൈസൂര്‍ എന്നിവിടങ്ങളിലേക്കുള്ള രാത്രികാല യാത്രാ സ്തംഭനം ഇതോടെ ഇല്ലാതാവും. ചരക്ക് നീക്കംവഴി വലിയ കച്ചവട സാധ്യതകളും മലബാറിന് തുറന്നുകിട്ടും. പുതിയ പാത യാഥാര്‍ഥ്യമായാല്‍ കൊച്ചിയില്‍ നിന്നു ബംഗളുരുവിലേക്ക് ഏഴു മണിക്കൂര്‍കൊണ്ട് എത്തിച്ചേരാം. നിലവില്‍ 14 മണിക്കൂറാണ് യാത്രാ സമയം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 115 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക