|    Oct 17 Wed, 2018 8:39 am
FLASH NEWS

നിലമ്പൂരില്‍ സമരസപ്പെടാതെ ലീഗും കോണ്‍ഗ്രസ്സും

Published : 28th September 2017 | Posted By: fsq

 

നിലമ്പൂര്‍: നിലമ്പൂരില്‍ സമരസപ്പെടാതെ ലീഗും കോണ്‍ഗ്രസും. തോട്ടം തൊഴിലാളി ഫെഡറേഷന്‍(ഐഎന്‍ടിയുസി) ദേശീയ സെക്രട്ടറിയായ കല്ലായി മുഹമ്മദാലിക്ക് നിലമ്പൂരില്‍ നല്‍കിയ പൗരസ്വീകരണത്തിലാണ് വിത്യസ്ത നിലപാടുമായി കോണ്‍ഗ്രസും ലീഗും രംഗത്തെത്തിയത്. പൗരസ്വീകരണത്തില്‍നിന്നും കോണ്‍ഗ്രസ് വിട്ടുനിന്നപ്പോള്‍ ലീഗ് അഖിലേന്ത്യാ ഖജാന്‍ഞ്ചി  കൂടിയായ പി വി അബ്ദുള്‍ വഹാബാണ് ഉദ്ഘാടകനായെത്തിയത്. ലീഗ് നിയോജക മണ്ഡലം വൈസ് പ്രസിഡന്റും നഗരസാഭാ ഉപാധ്യക്ഷനുമായ പി വി ഹംസയായിരുന്നു അധ്യക്ഷന്‍. നേതാക്കള്‍ പറഞ്ഞാല്‍ കേള്‍ക്കാത്ത പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്ന ആരോപണവും അധ്യക്ഷ പ്രസംഗത്തില്‍ ഹംസ ഉന്നയിച്ചു. രാജീവ് ഗാന്ധിക്കുശേഷം കോണ്‍ഗ്രസില്‍ ആരുപറഞ്ഞാലും കേള്‍ക്കാത്ത നിലപാടാണ് ചില നേതാക്കള്‍ സ്വീകരിക്കുന്നതെന്നും അദ്ധേഹം പറഞ്ഞു. കോണ്‍ഗ്രസിനെയും ലീഗിനെയും വിത്യസ്തമാക്കുന്നത് പാര്‍ട്ടി നിലപാടുകളുടെ ഭാഗമാണെന്നും പാണക്കാട് തങ്ങള്‍ പറഞ്ഞാല്‍ ലീഗിനത് അവസാനവാക്കാണെന്നും ഇത്തരം ഒരു നേതാവ് കോണ്‍ഗ്രസിന് ഇന്ന് ഇല്ലെന്നും ഹംസ പറഞ്ഞു. സ്വീകരണ യോഗത്തില്‍ കോണ്‍ഗ്രസിനെതിരെയുള്ള ആരോപണങ്ങള്‍ക്കാണ് അധ്യക്ഷന്‍ ചിലവഴിച്ചത്. ലീഗ് നേതാക്കളുടെ ഒരു പടതന്നെ യോഗത്തിനെത്തിയതും രാഷ്ട്രീയ ലക്ഷ്യം മുന്നില്‍ കണ്ടാണെന്നും വ്യക്തം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ യു ഡി എഫ് ശക്തി കേന്ദ്രമായ നിലമ്പൂരില്‍ ഏറ്റ തിരിച്ചടിക്കു പിന്നില്‍ ലീഗിന്റെ പങ്കും കോണ്‍ഗ്രസില്‍ ഒരുവിഭാഗം പരോക്ഷമായി പ്രകടിപ്പിച്ചിരുന്നു. ലീഗിന്റെ പലശക്തി കേന്ദ്രങ്ങളിലും എല്‍ഡിഎഫ് സ്ഥാനാര്‍ഥി ലീഡ് നേടി. കോണ്‍ഗ്രസിലെ ഒരുവിഭാഗം നേതാക്കള്‍ കാലുവാരിയതും ചര്‍ച്ചയായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം കോണ്‍ഗ്രസിനുള്ളിലെ പടലപ്പിണക്കം നീക്കാന്‍ ശ്രമം നടന്നെങ്കിലും പൂര്‍ണമായി വിജയിച്ചില്ല. പ്രാദേശിക നേതൃത്വത്തിന്റെ എതിര്‍പ്പുകള്‍ക്കിടയിലും കല്ലായി മുഹമ്മദാലി ദേശീയ നേതൃത്വ നിരയിലേക്ക് വന്നത് കോണ്‍ഗ്രസിലെ വലിയൊരു വിഭാഗത്തിന് ഇനിയും ഉള്‍ക്കൊള്ളാനായിട്ടില്ല. ഈ സാഹചര്യത്തിലാണ് കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും യോഗത്തില്‍നിന്നും വിട്ടുനിന്നത്. കോണ്‍ഗ്രസ് യോഗം ബഹിഷ്‌കരിക്കുമെന്ന് സൂചന ലഭിച്ചതോടെയാണ് ലീഗ് നേതാക്കള്‍ സ്വീകരണത്തില്‍ സജീവമായി പങ്കെടുത്തത്. ലീഗ് നടപടി കോണ്‍ഗ്രസിനെ ചൊടിപ്പിച്ചതായാണ് സൂചന. എന്തായാലും ദേശീയ സെക്രട്ടറിക്ക് കോണ്‍ഗ്രസ് ബഹിഷ്‌കരണം ഏര്‍പ്പെടുത്തിയത് പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ചകള്‍ക്ക് വഴിവക്കും. ഐ എന്‍ ടി യു സി സംസ്ഥാന പ്രസിഡന്റ് ചന്ദ്രശേഖരന്റെ പൂര്‍ണപിന്‍തുണയോടെയാണ് കല്ലായിയുടെ പുതിയ സ്ഥാനാരോഹണം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss