|    Jan 21 Sat, 2017 10:03 am
FLASH NEWS

നിലമ്പൂരില്‍ യുവാവ് കുത്തേറ്റു മരിച്ച സംഭവം; നാലു പേര്‍ അറസ്റ്റില്‍

Published : 8th July 2016 | Posted By: SMR

നിലമ്പൂര്‍: കരുളായിയില്‍ വാഹനത്തിന് സൈഡ് നല്‍കാത്തതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തില്‍ നാലു പേര്‍ അറസ്റ്റില്‍.
മൂത്തേടം വെള്ളാരമുണ്ട വട്ടപ്പാടം കുഞ്ഞിമുഹമ്മദിന്റെ മകന്‍ കോര്‍മത്ത് മുഹമ്മദ് ഷബീര്‍ (22) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ കരുളായി തേക്കുംകുന്ന് പണിക്കവീട്ടില്‍ മുനീര്‍ (39), കരുളായി കുളവട്ടം താഴത്തേപീടിക അബ്ദുല്‍റസാഖ് (40), ഇയാളുടെ സഹോദരന്റെ മകന്‍ കരുളായി അമ്പലപ്പടി ചക്കിട്ടാമല താഴത്തേപീടിക സവാദ് എന്ന മുത്തു (26), കരുളായി പിലാക്കോട്ടുപാടം കാലടി മുബഷിര്‍ (25) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരില്‍ സവാദ് ഒഴിച്ച് മറ്റു പ്രതികളെ രക്ഷപ്പെടുന്നതിനിടയില്‍ മഞ്ചേരിയില്‍ വച്ചാണ് പോലിസ് പിടികൂടിയത്. സവാദിനെ കരുളായിയിലെ വീട്ടില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. പ്രതികളെ നിലമ്പൂര്‍ കോടതി റിമാന്‍ഡ് ചെയ്തു.
കൊലപാതകവുമായി ബന്ധപ്പെട്ട് പോലിസ് വിശദീകരിക്കുന്നത് ഇങ്ങിനെയാണ്: ജൂലൈ 4ന് ഒന്നാംപ്രതി മുനീര്‍ കാറില്‍ കൊളവട്ടത്ത് റോഡിലൂടെ വരുമ്പോള്‍ കൊല്ലപ്പെട്ട ശബീറിന്റെ കൂട്ടുകാര്‍ എതിര്‍ ഭാഗത്തുനിന്നും മറ്റൊരു കാറില്‍ വരുകയായിരുന്നു. വീതി കുറഞ്ഞ റോഡില്‍ സൈഡ് നല്‍കാത്തതിനെ തുടര്‍ന്ന് ഇരു സംഘവും വാക്കേറ്റമുണ്ടായി. ഇതിനെ തുടര്‍ന്ന് നാട്ടുകാര്‍ ഇടപെട്ട് മധ്യസ്ഥശ്രമം നടന്നെങ്കിലും വിജയിച്ചില്ല. പെരുന്നാള്‍ കഴിഞ്ഞ ശേഷം ചര്‍ച്ച ചെയ്യാം എന്നു തീരുമാനിച്ച് പിരിയുകയായിരുന്നു. അഞ്ചാംതിയ്യതി ഉച്ചയ്ക്ക് ഒന്നരയോടെ കരുളായി യതീംഖാനയുടെ മുന്നില്‍വച്ച് ശബീര്‍ ഉള്‍പ്പെട്ട സംഘവും മുനീറിന്റെ സംഘവും ഏറ്റുമുട്ടുകയായിരുന്നു.
ഇതിനിടയിലാണ് ശബീറിന് കുത്തേല്‍ക്കുന്നത്. തുടര്‍ന്ന് നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും മരണെപ്പടുകയായിരുന്നു. കൃത്യം നിര്‍വഹിച്ച ശേഷം ഒന്നാംപ്രതി മുനീര്‍ കത്തി മൂന്നാംപ്രതി സവാദിനെ സൂക്ഷിക്കാന്‍ ഏല്‍പ്പിച്ചു. അമ്പലപ്പടി ചക്കിട്ടാമലയിലുള്ള സവാദിന്റെ വീട്ടുവളപ്പിലെ കമ്പോസ്റ്റ് പൈപ്പിനുള്ളിലാണ് കത്തി ഒളിപ്പിച്ചുവച്ചിരുന്നത്. ഇത് പോലിസ് കണ്ടെടുത്തു.
സംഘര്‍ഷം തുടങ്ങുമ്പോള്‍ ഒന്നും രണ്ടും പ്രതികളായ മുനീറും റസാഖും മാത്രമാണുണ്ടായിരുന്നത്. അല്‍പസമയത്തിന് ശേഷമാണ് സവാദും മുബശ്ശിറും സംഘര്‍ഷത്തില്‍ പങ്കുചേരുന്നത്.
സംഭവവുമായി ബന്ധപ്പെട്ട് തന്നെ ആക്രമിച്ച് പരിക്കേല്‍പ്പിച്ചതിന് കൊലപാതകത്തിലെ ഒന്നാംപ്രതി മുനീറിന്റെ പരാതിയില്‍ കരുളായി വാരിക്കല്‍ സ്വദേശികളായ ഉഴുന്നന്‍ ബാസിത് (24), നൈതക്കോടന്‍ സാഹില്‍ (21), പറമ്പന്‍ അല്‍ഫാസ് (21) എന്നിവരുള്‍പ്പെടെ കണ്ടാലറിയാവുന്ന ഇരുപതോളം പേര്‍ക്കെതിരേ പോലിസ് കേസെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 24 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക