|    Apr 19 Thu, 2018 5:15 pm
FLASH NEWS

നിലമ്പൂരിലെ ആദിവാസി മേഖലയുടെ ക്ഷേമം; സമഗ്ര വികസന പദ്ധതി തയ്യാറാക്കും: പി വി അന്‍വര്‍ എംഎല്‍എ

Published : 2nd October 2016 | Posted By: SMR

നിലമ്പൂര്‍: നിലമ്പൂലിലെ ആദിവാസികളുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്‍കി സമഗ്ര വികസന പദ്ധതി തയ്യാറാക്കുമെന്ന് പി വി അന്‍വര്‍ എംഎല്‍എ. ഇത് സംബന്ധിച്ച് സര്‍ക്കാരില്‍നിന്ന് നിര്‍ദേശം ലഭിച്ചതായും എംഎല്‍എ അറിയിച്ചു. ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് ചുങ്കത്തറ വനിതാ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടത്തിയ ശില്‍പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മേഖലയില്‍നിന്ന് പോലിസ് സേനയിലേക്ക് നിശ്ചിത എണ്ണം യുവാക്കളെ സര്‍ക്കാര്‍ നേരിട്ട് റിക്രൂട്ട് ചെയ്യാന്‍ തീരുമാനിച്ചതായും അദ്ദേഹം അറിയിച്ചു. ആദിവാസികളുടെ ഇടയിലുള്ള മദ്യം-മയക്കുമരുന്ന് ഉപയോഗം പലരും മുതലെടുക്കുകയാണെന്നും ഇത് തടയുന്നതിന്റെ ഭാഗമായി മേഖയില്‍ കൂടുതല്‍ ഇടപെടലുകള്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ വിജയകരമായ നൂറ് ദിനങ്ങള്‍ പിന്നിടുന്നതിന്റെ ഭാഗമായാണ് ശില്‍പശാല സംഘടിപ്പിച്ചത്. നിലമ്പൂര്‍ പട്ടികവര്‍ഗ മേഖലയില്‍ ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്‍കി വിവിധ ഇടപ്പെടലുകളും ശില്‍പശാല ലക്ഷ്യമാക്കുന്നു.
ചടങ്ങില്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ സ്വപ്‌ന അധ്യക്ഷയായി. അബ്കാരി നിയമങ്ങളും ജനങ്ങളും എന്ന വിഷയത്തില്‍ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി അനില്‍കുമാറും ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ സന്നദ്ധ പ്രവര്‍ത്തകരുടെ പങ്ക് എന്ന വിഷയത്തില്‍ ജനശാക്തീകരണം പഠന കേന്ദ്രം സെക്രട്ടറി വര്‍ഗീസ് തണ്ണിനാല്‍ ക്ലാസെടുത്തു.
പോലിസ്, എക്‌സൈസ്, ഫോറസ്റ്റ്, കുടുംബശ്രീ, ഗാന്ധി ദര്‍ശന്‍, ശാസ്ത്ര സാഹിത്യ പരിഷത്ത്, ജനശാക്തീകരണ പഠന കേന്ദ്രം തുടങ്ങിയവരുടെ പങ്കാളിത്തതോടെയാണ് പരിപാടി നടന്നത്.
ശില്‍പശാലയ്ക്ക് ശേഷം തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയുള്ള ആക്ഷന്‍ പ്ലാനും തയ്യാറാക്കി. ചടങ്ങില്‍ എടക്കര എസ്‌ഐ സുനില്‍ പുളിക്കല്‍, എടവണ്ണ റെയ്ഞ്ച് ഫോറസ്റ്റ് ഓഫിസര്‍ എസ് അനീഷ്, ഐസിഡിഎസ്, സിഡിപിസി നിലമ്പൂര്‍ അഡീഷനല്‍ ഡോ. ആര്‍ പ്രീതാകുമാരി, പുരോഗമന കലാസാഹിത്യ സംഘം ജില്ലാ സെക്രട്ടറി ബഷീര്‍ ചുങ്കത്തറ, ജനശാക്തീകരണ പഠനകേന്ദ്രം പ്രസിഡന്റ് ജോണ്‍ മാസ്റ്റര്‍ പാറോലിക്കല്‍, ടിഇഒമാരായ പി രാജീവ്, എല്‍ പി പ്രദീപ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ സി അയ്യപ്പന്‍, ജനശക്തീകരണ പഠനകേന്ദ്രം ജോ. സെക്രട്ടറി അഡ്വ. ജോസഫ് ജോണ്‍ സംസാരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss