|    Apr 24 Tue, 2018 11:54 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

നിലപാടുകള്‍ മാറിമറിയുന്നു ; സാമൂഹിക മാധ്യമങ്ങളില്‍ ദിലീപ് അനുകൂല കാംപയിന്‍

Published : 15th July 2017 | Posted By: fsq

കൊച്ചി/മലപ്പുറം: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നടന്‍ ദിലീപിന്റെ ഇമേജ് തിരിച്ചുപിടിക്കുവാന്‍ സോഷ്യല്‍ മീഡിയകളിലൂടെ പിആര്‍ ഏജന്‍സികളുടെ  കാംപയിന്‍. ഫേസ്ബുക്ക്, വാട്‌സ്ആപ്പ്, ട്വിറ്റര്‍ എന്നീ സമൂഹ മാധ്യമങ്ങളിലൂടെയാണ് സപ്പോര്‍ട്ട് ദിലീപ് എന്ന ഹാഷ് ടാഗിലൂടെ കാംപയിന്‍ സജീവമായി മുന്നേറുന്നത്. കൊച്ചി കേന്ദ്രീകരിച്ച് നിരവധി പിആര്‍ ഓഫിസുകളാണ് ദൗത്യം ഏറ്റെടുത്തിരിക്കുന്നത്.  ജയിലില്‍ കയറിയ ദിലീപിന്റെ കൈവിട്ട ഇമേജ് തിരിച്ച് പിടിക്കുന്നതിനായുള്ള തീവ്രശ്രമത്തിലാണ് ഇക്കൂട്ടര്‍. ലക്ഷക്കണക്കിന് ആളുകളുള്ള സോഷ്യല്‍ മീഡിയകളിലെ ഗ്രൂപ്പുകളില്‍ ദിലീപ് അനുകൂല പോസ്റ്റുകളിടുകയാണ് ഇവരുടെ ചുമതല. ഇങ്ങനെയെത്തുന്ന പോസ്റ്റുകള്‍ ഷെയര്‍ ചെയ്യുന്നതിന്  24 മണിക്കൂറും ഇവര്‍ ഫേസ്ബുക്കില്‍ ആക്ടീവാണ്. അറസ്റ്റിലായ ആദ്യദിനം തൊട്ട് താരത്തിനെതിരേ തിരിഞ്ഞ സോഷ്യല്‍ മീഡിയ  രണ്ട് ദിവസങ്ങളായി  അനുകൂലമാണ്. ദിലീപ് അനുകൂല ട്രോളുകള്‍ക്ക് പുറമെ താരത്തെ നിരപരാധിയായി ചിത്രീകരിച്ചിരിക്കുന്ന ചില ഓണ്‍ലൈന്‍ പത്രങ്ങളുടെ വാര്‍ത്തകള്‍ കൊണ്ടും സമ്പന്നമാണ് സോഷ്യല്‍ മീഡിയ. പല ആവശ്യങ്ങള്‍ക്കായി നേരത്തെ ഉണ്ടാക്കിയ ഫേക്ക് ഐഡികളിലൂടെയാണ് പിആറുകളുടെ പ്രവര്‍ത്തനം. നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ ഗൂഢാലോചനയിലൂടെയാണ് പെടുത്തിയതെന്ന് സ്ഥാപിച്ചെടുക്കുകയാണ് ലക്ഷ്യം. കൂടാതെ മാധ്യമങ്ങളെ മോശക്കാരാക്കി ചിത്രീകരിക്കുകയും ചെയ്യുന്നു. നിര്‍ധനരായവര്‍ക്ക് വീട് നിര്‍മിച്ച് നല്‍കുന്നതിനായി ദിലീപ് രൂപം നല്‍കിയ പദ്ധതികളെയും മറ്റ് ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളെയും പ്രകീര്‍ത്തിക്കുന്ന പോസ്റ്റുകളാണ് അധികവും. താരത്തിന്റെ സുഹൃത്തുക്കള്‍ക്ക് പുറമേ സിനിമാ മേഖലയില്‍ നിന്നുള്ള ചിലരാണ് ഇതിന് പിന്നിലെന്നാണ് റിപോര്‍ട്ട്. ദിലീപ് അറസ്റ്റിലായ ആദ്യഘട്ടത്തില്‍ മൗനം പൂണ്ടിരുന്നവര്‍ അന്വേഷണം സാമ്പത്തിക സ്രോതസ്സുകളിലേക്കു നിങ്ങുമെന്ന ഘട്ടത്തിലാണ് സോഷ്യല്‍ മീഡിയ കാംപയിന് തുടക്കം കുറിച്ചത്. തങ്ങളുടെ പരാമര്‍ശങ്ങള്‍ മാധ്യമങ്ങള്‍ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നുവെന്നും നിലപാട് മാറ്റുന്നുവെന്നുമാണ് നേരത്തേ ദിലീപിനെ വിമര്‍ശിച്ചവര്‍ ഇപ്പോള്‍ പറയുന്നത്. ഇതിനൊപ്പം സിനിമാ രംഗത്തുള്ള അടൂര്‍ ഗോപാല കൃഷ്ണന്‍ അടക്കമുള്ള പ്രമുഖര്‍ ദിലീപ്  കുറ്റം ചെയ്യില്ലെന്നും വെറും ആരോപണത്തിന്റെ പേരില്‍ ദിലീപിനെ ക്രൂശിക്കരുതതെന്നുമുള്ള അഭിപ്രായങ്ങളുമായി രംഗത്തു വന്നുകഴിഞ്ഞു. ദിലീപിനനുകൂലമായ അന്തരീക്ഷം സിനിമയില്‍ ഒരുങ്ങിവരുന്നതായാണ് ഇപ്പോഴത്തെ ചിത്രങ്ങള്‍ വ്യക്തമാക്കുന്നത്. ദിലീപ് തെറ്റ് ചെയ്തിട്ടില്ലെന്ന വിശ്വാസത്തേക്കാള്‍ ദിലീപ് അനുകൂലികളായ സിനിമാ പ്രവര്‍ത്തകരുടെ സമ്മര്‍ദമാണ് പല നിലപാട് മാറ്റങ്ങള്‍ക്കും പിന്നില്ലെന്നും പറഞ്ഞു കേള്‍ക്കുന്നു.യുവതാരങ്ങളുടെ ഐക്യം ശക്തിപ്പെടുകയും അവര്‍ സമ്മര്‍ദശക്തിയായി രൂപപ്പെടുകയും ചെയ്‌തെന്നായിരുന്നു വാര്‍ത്തകള്‍. ദിലീപിനെ അമ്മയില്‍ നിന്ന് പുറത്താക്കിയതിനോട് മുതിര്‍ന്ന താരങ്ങള്‍ക്ക് കടുത്ത വിയോജിപ്പാണ്. ദിലീപ് കേസില്‍ പ്രതിചേര്‍ക്കപ്പെട്ടതിനു പിന്നാലെ അദ്ദേഹത്തിന്റെ പ്രവര്‍ത്തിയെ വിമര്‍ശിച്ച ആസിഫ് അലി നിലപാട് മാറഅറിയതും ശ്രദ്ധേയമാണ്. ദിലീപിനെ അഭിമുഖീകരിക്കാന്‍ ബുദ്ധിമുട്ടാണെന്നാണ് പറഞ്ഞതെന്നും അഭിനയിക്കില്ലെന്നു പറഞ്ഞിട്ടില്ലെന്നും അദ്ദേഹം ന്യായീകരിച്ചു. ആക്രമിക്കപ്പെട്ട നടിയെ കളിയാക്കിയാല്‍ നിയമവും നൂലാമാലകളും വരുമെന്ന് കൃത്യമായ ബോധ്യമുള്ളതു കൊണ്ടാണ് ആള്‍ക്കൂട്ടത്തെയും മാധ്യമങ്ങളെയും പോലിസിനെയും പഴിചാരിയുള്ള സൈബര്‍ ആക്രമണം. കൂവുന്ന ജനങ്ങളും കേസന്വേഷിക്കുന്ന പോലിസുകാരും വാര്‍ത്തകള്‍ കുത്തി പുറത്തിടുന്ന മാധ്യമങ്ങളുമാണ് പിആറുകാരുടെ പ്രധാന ടാര്‍ഗറ്റ്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss