|    Sep 24 Mon, 2018 11:03 am
Home   >  Todays Paper  >  page 12  >  

നിലപാടിലുറച്ച് ഹാദിയ ; നീതിതേടി ഷെഫിന്‍ വീണ്ടും കോടതിയിലേക്ക്‌

Published : 28th May 2017 | Posted By: fsq

സുധീര്‍  കെ  ചന്ദനത്തോപ്പ്

കൊല്ലം: ഇസ്‌ലാംമതം സ്വീകരിച്ച പെണ്‍കുട്ടിയുടെ വിവാഹം അസാധുവാക്കിയ കോടതി വിധിക്കെതിരേ ഭര്‍ത്താവ് കോടതിയെ സമീപിക്കുന്നു. ഹാദിയ കേസില്‍ ഭര്‍ത്താവ് ഷെഫിന്‍ ജഹാന്‍ നാളെ റിവ്യൂ ഹരജി ഫയല്‍ ചെയ്യും. തന്റെയോ ഭാര്യ ഹാദിയയുടേയോ വാദം കേള്‍ക്കാതെയാണ് കോടതി വിധി പറഞ്ഞതെന്നു ചൂണ്ടിക്കാട്ടിയാണ് ഹരജി ഫയല്‍ ചെയ്യുന്നത്. നേരത്തെ കേസില്‍ വിധി പറഞ്ഞ അതേ ഡിവിഷന്‍ ബെഞ്ചിന് മുമ്പാകെയാണ് ഹരജി എത്തുക.  അതേസമയം, കോടതി ഉത്തരവിനെ തുടര്‍ന്ന് പോലിസ് ബലംപ്രയോഗിച്ച് വൈക്കം ടി വി പുരത്തെ വീട്ടിലെത്തിച്ച ഹാദിയ ഇപ്പോള്‍ വീട്ടുതടങ്കലിന് സമാനമായ അവസ്ഥയിലാണ്. കാവലിന് വൈക്കം സ്റ്റേഷനില്‍ നിന്നുള്ള നാലു പോലിസുകാരെയും വിന്യസിച്ചിട്ടുണ്ട്. കഴിഞ്ഞദിവസം ഹാദിയയുടെ പ്രതികരണം ആരായാന്‍ മാധ്യമപ്രവര്‍ത്തകര്‍ വീട്ടിലെത്തിയെങ്കിലും വീട്ടുകാര്‍ അതിന് സമ്മതിച്ചില്ല. മൂന്നു ദിവസത്തിനു ശേഷം പ്രതികരിക്കാമെന്ന നിലപാടിലായിരുന്നു പിതാവ് അശോകന്‍. എന്നാല്‍ തന്റെ പഴയ നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് ഹാദിയ. നേരത്തെ എസ്എന്‍വി സദനം ഹോസ്റ്റലില്‍ നിന്നും വീട്ടിലേക്ക് പോലിസ് ബലംപ്രയോഗിച്ച് കൊണ്ടുപോവാന്‍ ശ്രമിക്കുന്നതിനിടെ താന്‍ മതംമാറിയെന്നും വീട്ടുകാര്‍ക്കൊപ്പം പോവാന്‍ താല്‍പര്യമില്ലെന്നും മാധ്യമങ്ങള്‍ക്കു മുമ്പില്‍ ഹാദിയ കരഞ്ഞ് പറഞ്ഞിരുന്നു. ഇതു മുഖവിലയ്‌ക്കെടുക്കാതെയാണ് പോലിസുകാര്‍ കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഹാദിയയെ വീട്ടിലേക്കു കൊണ്ടുപോയത്. വിഷയത്തില്‍ ഇടപെടല്‍ ആവശ്യപ്പെട്ട് ഷഫിന്‍ മുഖ്യമന്ത്രി, പ്രതിപക്ഷനേതാവ്, ഡിജിപി, കൊല്ലം എംപി, എംഎല്‍എ എന്നിവരെ കണ്ട് നിവേദനം നല്‍കും. അടുത്തദിവസം തന്നെ നിവേദനം സമര്‍പ്പിക്കുമെന്ന് ഷഫിന്‍ ജഹാന്‍ തേജസിനോട് പറഞ്ഞു. നേരത്തെ കോടതി നിര്‍ദേശപ്രകാരം ഹോസ്റ്റലില്‍ പാര്‍പ്പിച്ചിരുന്ന വേളയില്‍ ഹാദിയയും മുഖ്യമന്ത്രി, ഹൈക്കോടതി ചീഫ് ജസ്റ്റിസ്, മനുഷ്യാവകാശ കമ്മീഷന്‍ എന്നിവര്‍ക്ക് കത്തയച്ചിരുന്നു. ഭരണഘടന അനുവദിച്ച മതവിശ്വാസ സ്വാതന്ത്ര്യം തനിക്ക് നിഷേധിക്കരുത്, നിര്‍ബന്ധിച്ച് മതം മാറ്റാന്‍ ശ്രമിക്കുന്ന അച്ഛനില്‍ നിന്നെനിക്ക് സംരക്ഷണം വേണം, അച്ഛനെ ഉപയോഗപ്പെടുത്തി ഹിന്ദു തീവ്രവാദികള്‍ എന്നെ കൊന്നുകളയും, എന്നെ ജീവിക്കാന്‍ അനുവദിക്കണം, പോലിസിന്റെ പക്ഷപാതപരമായ ഇടപെടലിനെ താന്‍ ഭയപ്പെടുന്നു, പോലിസിന്റെ പീഡനത്തില്‍ നിന്നും അപമാനിക്കലില്‍ നിന്നും എനിക്ക് സുരക്ഷ വേണം എന്നിവയാണ് മുഖ്യമന്ത്രി—ക്കെഴുതിയ കത്തില്‍ ഹാദിയ ആവശ്യപ്പെട്ടിരുന്നത്.ഹാദിയ കേസില്‍ ഭരണഘടനയ്ക്കും ശരീഅത്തിനും എതിരായ കോടതിവിധിയില്‍ പ്രതിഷേധിച്ച് മുസ്‌ലിം ഏകോപന സമിതിയുടെ നേതൃത്വത്തില്‍ നാളെ ഹൈക്കോടതിയിലേക്കു മാര്‍ച്ചും സംഘടിപ്പിച്ചിട്ടുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss