|    Jun 19 Tue, 2018 6:20 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

നിലനില്‍പ്പിന് ബ്ലാസ്റ്റേഴ്‌സിന് ജയിച്ചേ തീരൂ

Published : 31st October 2015 | Posted By: SMR

കൊച്ചി: തുടര്‍തോല്‍വികള്‍ മൂലം നിലനില്‍പ്പ് ഭീഷണി നേരിടുന്ന കേരള ബ്ലാസ്‌റ്റേഴ്‌സ് ഇന്നു നാട്ടുകാര്‍ക്കു മുന്നില്‍ വീണ്ടും ബൂട്ടു കെട്ടുന്നു. തോല്‍വികള്‍ക്കൊപ്പം പാതിവഴിയില്‍ പരിശീലകനെ നഷ്ടപ്പെടുകയും ചെയ്ത ബ്ലാസ്റ്റേഴ്‌സിന് എല്ലാം മറക്കണമെങ്കില്‍ ഇനിയുള്ള മല്‍സരങ്ങള്‍ ഒന്നും തോല്‍ക്കരുത്. കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു രാജ്യാന്തര സ്‌റ്റേഡിയത്തില്‍ നടക്കുന്ന മല്‍സരത്തില്‍ ഇന്നു അയല്‍ക്കാരായ ചെന്നെയ്ന്‍ എഫ്.സിയാണ് കേരളത്തിന്റെ എതിരാളികള്‍.
പോയിന്റ് പട്ടികയില്‍ ഏറ്റവും പിന്നിലായി എട്ടാം സ്ഥാനത്തുള്ള ബ്ലാസ്‌റ്റേഴ്‌സിന് പിടിച്ചു കയറണമെങ്കില്‍ ഇനി എല്ലാ ഹോം മല്‍സരങ്ങളിലും രണ്ട് എവേ മല്‍സരങ്ങളിലും ജയിക്കണം. ആദ്യ റൗണ്ടില്‍ ഇനി എട്ടു മല്‍സരങ്ങളാണ് കേരളത്തിനുള്ളത്. ഇതില്‍ നാല് മല്‍സരങ്ങള്‍ നാട്ടിലും നാലെണ്ണം അതതു ടീമുകളുടെ ഹോം ഗ്രൗണ്ടിലുമാണ്. ഇന്നു ചെന്നൈയ്ന്‍ എഫ്‌സിയും കൂടാതെ പുനെ സിറ്റി, എഫ്‌സി ഗോവ, അത്‌ലറ്റികോ ഡി കൊല്‍ക്കത്ത എന്നീ ടീമുകളെയാണ് ഇനി കൊച്ചിയില്‍ നേരിടേണ്ടി വരുന്നത്.
നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ്, മുംബൈ സിറ്റി, ചെന്നൈയ്ന്‍ എഫ്‌സി, ഡല്‍ഹി ഡൈനാമോസ് എന്നീ ടീമുകളെ അവരുടെ നാട്ടിലും പോയി നേരിടേണ്ടതുണ്ട്. എല്ലാ മല്‍സരങ്ങളിലും ജയിച്ചാല്‍ ഇപ്പോള്‍ ഉള്ളതും കൂടി ആകെ 28 പോയിന്റാണ് കേരളത്തിന് സ്വന്തമാക്കാനാവുന്നത്.
മാര്‍ക്വി താരം മര്‍ച്ചേനയ്ക്കു ഒരു മല്‍സരത്തിലും 90 മിനിട്ട് കളിക്കാന്‍ സാധിക്കില്ലെന്നു രാജി വയ്ക്കുന്നതിന് മുമ്പായി കോച്ച് പീറ്റര്‍ ടെയ്‌ലര്‍ വെളിപ്പെടുത്തിയത് ബ്ലാസ്റ്റേഴ്‌സ് ക്യാംപിലാകെ നിരാശ പടര്‍ത്തിയിട്ടുണ്ട്. കടുത്ത പുറംവേദന മൂലം ബുദ്ധിമുട്ടുന്ന മര്‍ച്ചേനയെ പകരക്കാരനായി കുറച്ചുനേരം കളിപ്പിക്കാമെന്ന സാധ്യത മാത്രമാണ് പുതിയ കോച്ച് മോര്‍ഗന് മുന്നിലുള്ള പോം വഴി. മര്‍ച്ചേനയെ പരിഗണിക്കാതെ പ്ലേയിങ് ഇലവനെ രൂപപ്പെടുത്താനുള്ള ഒരുക്കങ്ങളിലാണ് മോര്‍ഗന്‍.
പോര്‍ച്ചുഗീസ് താരം ജാവോ കൊയിമ്പ്രയെയും സ്പാനിഷ് താരം ഹോസു പ്രീറ്റോയെയും ഒരുമിച്ച് മധ്യനിരയില്‍ കളിപ്പിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ട്. ഇംഗ്ലീഷുകാരനായ ഗോളി ബൈവാട്ടറെ മാറ്റിനിര്‍ത്തി സന്ദീപ് നന്ദിക്കോ ഷില്‍ട്ടന്‍ പോളിനോ അവസരം നല്‍കി മധ്യനിരയില്‍ മൂന്നു വിദേശ താരങ്ങളെ ഇന്നത്തെ മല്‍സരത്തില്‍ മോര്‍ഗന്‍ പരീക്ഷിക്കുമെന്നും സൂചനയുണ്ട്.
ആറു മല്‍സരങ്ങളില്‍ നിന്ന് ഒമ്പത് പോയിന്റുമായി അഞ്ചാം സ്ഥാനത്തുളള ചെന്നെയ്ന്‍ എഫ്.സി പിരിമുറുക്കങ്ങളൊന്നുമില്ലാതെയാണ് ഇന്നു ബ്ലാസ്റ്റേഴ്‌സിനെ നേരിടാനെത്തുന്നത്. ഇന്നത്തെ മല്‍സരത്തില്‍ ബ്ലാസ്‌റ്റേഴ്‌സിനെ തോല്‍പ്പിക്കാനായാല്‍ 12 പോയിന്റുമായി മൂന്നാം സ്ഥാനത്തെത്താന്‍ ചെന്നെയ്ക്കു കഴിയും.
ടീമംഗങ്ങളില്‍ ആര്‍ക്കും പരിക്കില്ലാത്തതു കോച്ച് മറ്റൊരാസിക്കു ആത്മവിശ്വാസം നല്‍കുന്നുണ്ട്. പതിവുപോലെ ബ്രസീലിയന്‍ അറ്റാക്കിങ് മിഡ്ഫീല്‍ഡര്‍ എലാനോ ബ്ലൂമറെയെയും ടൂര്‍ണമെന്റിലെ ഗോളടിവീരന്‍ മെന്‍ഡോസയേയും മുന്‍ നിര്‍ത്തിയുള്ള ആക്രമണതന്ത്രങ്ങള്‍ക്കാവും ഇന്നും ചെന്നൈ കോച്ച് ശ്രമിക്കുക.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss