|    Nov 15 Thu, 2018 4:46 pm
FLASH NEWS
Home   >  Kerala   >  

നിലക്കാത്ത ദൈവകാരുണ്യം- സംസത്തിന്റെ ഉല്‍ഭവവും സവിശേഷതകളും

Published : 29th August 2017 | Posted By: G.A.G


* ഹജറുല്‍ അസവദിന്റെ ഭാഗത്ത് നിന്നു കിഴക്കോട്ടും  മഖാമുഇബറാഹീമിന്റെ തെക്കുമായി ഉദ്ദേശം 20മീറ്റര്‍ അകലെയായാണ് സംസം കിണര്‍ സ്ഥിതി ചെയ്യുന്നത്.
*  30.5 മീറ്ററാണ് ഈ കിണറിന്റെ ആഴം.
*ഹിജ്‌റ 1373(1953)വരെ കിണറ്റില്‍ നിന്ന് ബക്കറ്റു കൊണ്ട് സംസം കോരിയെടുക്കാന്‍ സൗകര്യമുണ്ടായിരുന്നു.

     ഉല്‍ഭവവും ചരിത്രവും

മുക്കാല്‍ നൂറ്റാണ്ടോളം പിന്നിട്ട അനപത്യതാ ദുഖത്തിന് പരിസമാപ്തി കുറിച്ചു കൊണ്ട് പ്രവാചകന്‍ ഇബ്‌റാഹീമിന് പത്‌നി ഹാജറയില്‍ ഇസമാഈല്‍ ജനിച്ചു. ജീവിതസായാഹ്നത്തില്‍ ജരാനരകള്‍ ബാധിച്ചവശനായിട്ടും പുത്രസൗഭാഗ്യം നല്‍കി അനുഗ്രഹിച്ച സര്‍വ്വശക്തനായ പ്രപഞ്ചനാഥനെ ഇബ്‌റാഹീം പൂര്‍വ്വോപരി സ്തുതിച്ചു. സദാസമയവും അവന്റെ ഗുണഗണങ്ങള്‍ വാഴ്ത്തി. ജനങ്ങളോട് ഏകനായ അവനെ മാത്രം ആരാധിക്കാന്‍ ഉപദേശിച്ചു.
അതിനിടയിലാണ് അഗ്നികുണ്ഡത്തിലെറിയപ്പെലടക്കമുളള നിരവധി പരീക്ഷണങ്ങള്‍ യൗവനം മുതല്‍ ജീവിതത്തിലുടനീളമനുഭവിച്ച ഇബ്്‌റാഹീം നബിക്ക് അല്ലാഹുവിന്റെ അടുത്ത പരീക്ഷണമായിക്കൊണ്ട് പുതിയ കല്‍പന വന്നത്. അല്ലാഹുവിനെ ആരാധിക്കുവാന്‍ വേണ്ടി നിര്‍മ്മിക്കപ്പെട്ട ആദ്യഗേഹം (കഅ്ബാലയം പടുത്തുയര്‍ത്തിയത് ഇബ്രാഹീം നബിയും പുത്രന്‍ ഇസ്മാഈലും കൂടിയാണെങ്കിലും അതിനു മുമ്പേ കഅ്ബയുടെ അസ്തിവാരം അവിടെ ഉണ്ടായിരുന്നു) സ്ഥിതി ചെയ്യുന്ന അറേബ്യന്‍ മലരാരണ്യത്തിലെ ബക്ക(മക്ക) എന്ന സ്ഥലത്ത് കൈകുഞ്ഞായ ഇസ്മാഈലിനെയും മാതാവ് ഹാജറയെയും ഒറ്റക്ക് താമസിപ്പിക്കുവാനായിരുന്നു അല്ലാഹുവിന്റെ കല്‍പന.
അല്ലാഹുവിന്റെ കല്‍പന ശിരസ്സാവഹിച്ച് കന്‍ആ (ഫലസ്തിന്‍) നില്‍ നിന്നും ഇബ്‌റാബീം ഹാജറയെയും പുത്രനെയും കൊണ്ട് കഅ്ബാലയത്തിനടുത്ത് എത്തിച്ചേര്‍ന്നു. പളളിയുടെ മുകള്‍ ഭാഗത്തുളള ഒരു വലിയ വൃക്ഷത്തിനടുത്ത് കുഞ്ഞിനെക്കിടത്തി ഇബ്‌റാഹീം ഒരക്ഷരം പോലും പറയാതെ തിരിഞ്ഞു നടന്നു. ജനവാസമോ കൃഷിയോ ഇല്ലാത്ത വിജനമായ മരുഭൂമിയില്‍ കൈകുഞ്ഞിനെയും തന്നെയും തനിച്ചാക്കി  ഭര്‍ത്താവ് പോകുന്നത് കണ്ട് ഹാജറ ഞെട്ടിത്തരിച്ചു കൊണ്ട് ഹാജറ പിന്നാലെ ചെന്ന്  ചോദിച്ചു: ‘ഞങ്ങളെ ഇവിടെ തനിച്ചാക്കി താങ്കള്‍ എങ്ങോട്ടാണ് പോകുന്നത്? ഹാജറ ചോദ്യം പലവുരു ആവര്‍ത്തിച്ചെങ്കിലും  ഇബ്‌റാബീം ഒരക്ഷരം ഉരിയാടുകയോ തിരിഞ്ഞു നോക്കുക പോലുമോ ചെയ്തില്ല.

അല്ലാഹുവിന്റെ പ്രവാചകനായ ഇബ്‌റാഹീം തന്നിഷ്ടപ്രകാരം ഒന്നും ചെയ്യാന്‍ സാധ്യതയില്ലെന്നോര്‍ത്ത ഹാജര്‍ അവസാനം ചോദിച്ചു: അല്ലാഹുവിന്റെ കല്‍പനപ്രകാരമാണോ അങ്ങ് ഇപ്രകാരം ചെയ്യുന്നത്? അതെ എന്ന ഇബ്‌റാഹീമിന്റെ മറുപടി ദൃഢവിശ്വാസിനിയായ ഹാജറയില്‍ ആശ്വാസത്തിന്റെ കുളിര്‍മഴ പെയ്യിച്ചു. എങ്കില്‍ ഞങ്ങള്‍ക്ക് ഒന്നും സംഭവിക്കില്ലെന്നു പറഞ്ഞു കൊണ്ട് അവര്‍ മടങ്ങി. മന്നോട്ടു നീങ്ങിയ ഇബ്‌റാഹീം സനിയ്യ എന്ന സ്ഥലത്തെത്തിയപ്പോള്‍ നടത്തം നിര്‍ത്തി. അദ്ദേഹത്തിന്റെ അകം വിങ്ങിപ്പൊട്ടുകയായിരുന്നു. അല്ലാഹുവല്ലാതെ മറ്റാരും സഹായത്തിനില്ലാത്ത വിജനമായ മരുഭൂമിയില്‍ ഭാര്യയെയും പിഞ്ചുകുഞ്ഞിനെയും ഉപേക്ഷിച്ചു പോരുകയാണ്. ഹാജറ വിളിച്ചപ്പോള്‍ തിരിഞ്ഞുനോക്കാതിരുന്നത് അവളെയും കുഞ്ഞിനെയും കണ്ടാല്‍ താന്‍ അധീരനായിപ്പോകുമോയെന്ന് ഭയന്നാണ്. അങ്ങനെയെങ്ങാനും സംഭവിച്ചാല്‍ അല്ലാഹുവിന്റെ കല്‍പന നിറവേറ്റാന്‍ തനിക്ക് സാധിക്കാതെ വരും.അല്ലാഹുവിന്റെ  അനുസരണയുളള അടിമ എന്ന നിലയില്‍  അത് ചിന്തിക്കാന്‍ പോലും വയ്യ. എല്ലാം അല്ലാഹുവില്‍ ഭരമേല്‍പിക്കുക തന്നെ.

അല്ലാഹുവിന്റെ ആ പ്രിയദാസന്‍ കഅ്ബാലയത്തിന്റെ ഭാഗത്തേക്ക് തിരിഞ്ഞു കൊണ്ട് ഇരു കൈകളും ഉയര്‍ത്തി തന്റെ കുടുംബത്തിനു വേണ്ടി അല്ലാഹുവിനോട് പ്രാര്‍ത്ഥിച്ചു: ഞങ്ങളുടെ രക്ഷിതാവേ, എന്റെ സന്തതികളില്‍ നിന്ന് (ചിലരെ) കൃഷിയൊന്നുമില്ലാത്ത ഒരു താഴവരയില്‍ നിന്റെ പവിത്രമായ ഭവനത്തിന്റെ (കഅ്ബയുടെ) അടുക്കല്‍ ഞാനിതാ താമസിപ്പിച്ചിരിക്കുന്നു.  ഞങ്ങളുടെ രക്ഷിതാവേ അവര്‍ നമസ്‌കാരം മുറപ്രകാരം നിര്‍വഹിക്കാന്‍ വേണ്ടിയാണ് (അപ്രകാരം ചെയ്തത്),അതിനാല്‍ മനുഷ്യരില്‍ ചിലരെ നീ അവരോട് ചായവുളളതാക്കുകയും അവര്‍ക്ക് കായ്കനികളില്‍ നിന്ന് ഉപജീവനം നല്‍കുകയും ചെയ്യേണമേ, അവര്‍ നന്ദിയുളളവരായേക്കാം’.

ഇസ്മാഈലിനെ മുലയൂട്ടിയും പരിപാലിച്ചും ഹാജറ അല്‍പദിവസങ്ങള്‍ കഴിച്ചു കൂട്ടി. കയ്യിലുളള വെളളവും കാരക്കയും തീര്‍ന്നു. ഇരുവരും ദാഹിച്ചവശരായിത്തീര്‍ന്നു. ഭക്ഷണമോ വെളളമോ കഴിക്കാനില്ലാത്തിനാല്‍ ഹാജറക്ക് മുലപ്പാല്‍ അശേഷമുണ്ടായിരുന്നില്ല. വിശപ്പും ദാഹവും സഹിക്കാന്‍ കഴിയാതെ കുഞ്ഞു ഇസ്മാഈല്‍ കാലിട്ടടിച്ച് വാവിട്ടു കരയാന്‍ തുടങ്ങി. തന്റെ അരുമപൈതലിന്റെ കരച്ചില്‍ കണ്ട് ഹാജറ പരിഭ്രാന്തയായി. ആ കാഴ്ച കണ്ട് സഹിക്കാനാവാതെ അവര്‍ സമീപത്തെവിടെയെങ്കിലും വെളളമോ സഹായം ലഭിക്കാവുന്ന യാത്രക്കാരോ ഉണ്ടോ എന്നറിയാനായി അരികിലുളള സഫാമലയിലേക്കോടി. കരിങ്കല്‍ക്കൂട്ടങ്ങളും പാറയിടുക്കുകളും കൊണ്ട് ദുര്‍ഘടമായ വഴിയിലൂടെ അവര്‍ പ്രയാസപ്പെട്ട് ഓടിക്കയറി. ചുറ്റുപാടും നോക്കി. ആരെയും കണ്ടില്ല. ജലസാന്നിധ്യമറിയിക്കുന്ന പറവകള്‍ പോലും വിദൂരത്തെങ്ങുമില്ല. നിസ്സഹായയായ ആ മാതാവ് സഫാ മലയില്‍ നിന്നും എതിര്‍ ദിശയിലുളള മര്‍വയിലേക്കോടി.

നോക്കെത്താ ദൂരത്തേക്ക് പരന്നു കിടക്കുന്ന മരുഭൂമിയല്ലാതെ മറ്റൊന്നും കാണാനില്ല. അല്ലാഹുവിന്റെ കാരുണ്യത്തില്‍ നിരാശയാവാതെ അവര്‍ തിരിച്ച് സഫായിലേക്ക് തന്നെ ഓടി. പ്രതീക്ഷക്കുളള വകയൊന്നും കാണാതെ വീണ്ടും മര്‍വ്വയിലേക്ക്. ഇപ്രകാരം ഏഴുപ്രാവശ്യം ആവര്‍ത്തിച്ചു. ഏഴാമത്തെ പ്രാവശ്യം അവര്‍ മര്‍വ്വയിലായിരിക്കെ ഒരു ശബ്ദം കേട്ട് തിരിഞ്ഞു നോക്കി. അപ്പോള്‍  ഇസ്മാഈലിന്റെ കാല്‍ഭാഗത്ത് ഒരു മലക്കിനെ കാണാനിടയായി. അത് തന്റെ ചിറക് കൊണ്ട് മണ്ണില്‍ കുഴിക്കുകയായിരുന്നു.

ഹാജറ കുഞ്ഞിനരികിലേക്കോടി. അപ്പോഴേക്കും വെളളം ഉറവയെടുക്കാനാരംഭിച്ചിരുന്നു. വെളളം തടുത്തു നിര്‍ത്താന്‍ ഹാജറ ഒരു തടയുണ്ടാക്കി. പാനപാത്രത്തില്‍ വെളളം നിറച്ച് ഹാജറയും ഇസ്മാഈലും ആവോളം കുടിച്ചു. ഭക്ഷണത്തിനും പാനീയത്തിനും ആ അനുഗ്രഹീത തീര്‍ത്ഥം തന്നെ മതിയായിരുന്നു. ഇസ്മാഈലിന്റെ ദഹം ശമിപ്പിക്കാന്‍ വേണ്ടി അല്ലാഹു കനിഞ്ഞരുളിയ  ആ ഉറവയാണ് സംസം. (വെളളം ഉറവയെടുക്കുമ്പോഴുളള ശബ്ദത്തിനാണ് സംസം എന്നു പറയുന്നത്)

ഹാജറയും മകനും കഅ്ബക്കരികില്‍ ജീവിച്ചുക്കൊണ്ടിരിക്കെ ജുര്‍ഹൂം ഗോത്രത്തിലെ ഒരു യാത്രാസംഘം അതു വഴി കടന്നു പോവാനിടയായി. ജലസാന്നിധ്യം തിരിച്ചറിഞ്ഞ അവരും ഹാജറയുടെ അനുവാദത്തോടെ അവിടെ സ്ഥിരതാമസമാക്കി. കാലക്രമത്തില്‍ മക്ക ഒരു ജനപഥമായി വളര്‍ന്നു. അല്‍പ കാലത്തിനു ശേഷം ഇബ്‌റാഹീം നബിയും ഇസ്മാഈല്‍ നബിയും ചേര്‍ന്ന്  കഅ്ബ പടുത്തുയര്‍ത്തി. മക്കാ നിവാസികളുടെ മുഴുവന്‍ ആവശ്യങ്ങള്‍ക്കുമുളള വെളളം സംസം കിണറില്‍ നിന്ന് ലഭിച്ചിരുന്നു. കാലക്രമത്തില്‍ തലമുറകള്‍ പിന്നിട്ടപ്പോള്‍ മക്കാനിവാസികളില്‍ വിഗ്രഹാരാധന തലപൊക്കി. ഏകനായ അല്ലാഹുവിനെ മാത്രം ആരാധിക്കാന്‍ വേണ്ടി നിര്‍മ്മിക്കപ്പെട്ട കഅ്ബാലയത്തില്‍ പോലും വിഗ്രഹങ്ങള്‍ പ്രതിഷ്ഠിച്ചു. അല്ലാഹുവിനോട് അവര്‍ കാണിച്ച നന്ദികേടിന്റെ ഫലമായി അവരില്‍ ഛിദ്രത ഉടലെടുത്തു. ജര്‍ഹൂം ഗോത്രത്തലവന്‍ മുളാള് ബിന്‍ അംറ് ബിന്‍ ഹാരിസ് സംസം കിണര്‍ തങ്ങളുടെ വിലപിടിപ്പുളള വസ്തുക്കളോടൊപ്പം മണലിട്ട് മൂടി കളഞ്ഞു.
…………………………………………………………………………………………………………
കഅ്ബയുടെ വടക്കു പടിഞ്ഞാറു ഭാഗത്ത് അര്‍ദ്ധവൃത്താകൃതിയില്‍ ചെറു ചുവരുകളാല്‍ ചുറ്റപ്പെട്ട ഒരു ഭാഗമുണ്ട്. അതാണ് അല്‍ ഹിജര്‍. (ഈ ഭാഗത്തെ ചിലര്‍ ഹിജര്‍ ഇസ്മാഈല്‍ എന്നു തെറ്റായി വിളിക്കാറുണ്ട്. ഹാജറയുടേയും ഇസ്മാഈലിന്റെയും ഖബറിടം അവിടെയാണ് എന്നെ അടിസ്ഥാനത്തിലാണിത്. തികച്ചും തെറ്റായ വിശ്വാസമാണിത്) പ്രവാചകന്റെ പിതാമഹനും ഹാശിംകുടുംബത്തലവനും ഖുറൈശിനേതാവുമായ അബ്ദുല്‍ മുത്തലിബ് പതിവായി അവിടെ വിശ്രമിക്കാറുണ്ടായിരുന്നു. ഹിജ്‌റിലായിരിക്കെ ഒരിക്കല്‍ അബ്ദുല്‍മുത്തലിബിന് സംസം വീണ്ടെടുക്കണമെന്ന് സ്വപ്‌നദര്‍ശനമുണ്ടായി. അദ്ദേഹവും മകന്‍ ഹരിസും കൂടി കുഴിയെടുത്ത് സംസം വീണ്ടെടുത്തു. സംസം കിണറിന്റെ മേല്‍ നോട്ടവും തീര്‍ത്ഥാടകര്‍ക്ക് സംസം നല്‍കാനുളള അവകാശവും അങ്ങനെ ഹാശിം കുടുംബത്തിന് സ്വന്തമായി.
…………………………………………………………………………………………………………
പ്രവാചകന്‍ മക്കയില്‍ ഇസലാമിക പ്രബോധനം ആരംഭിച്ചിട്ട് അധികകാലമായിട്ടില്ല. കൊളളയും കൊലയും കൊണ്ട് കുപ്രസിദ്ധിയാര്‍ജ്ജിച്ച ഗഫാര്‍ ഗോത്രത്തില്‍ നിന്ന് ഒരു യുവാവ് പ്രവാചകനെ സന്ദര്‍ശിക്കാന്‍ മക്കയിലെത്തി. തങ്ങളുടെ നാട്ടിലൂടെ കടന്നു പോകുന്ന കച്ചവട സംഘങ്ങളെ കൊളളയടിക്കുകയാണ് ഗഫാര്‍ ഗോത്രത്തിന്റെ കുലത്തൊഴില്‍. കച്ചവടസംഘങ്ങള്‍ വഴിയാണ് അബൂദര്‍റ് എന്ന ഈ യുവാവും പ്രവാചകനെക്കുറിച്ച് കേട്ടറിഞ്ഞത്. കല്ലുകൊണ്ടും മണ്ണുകൊണ്ടും സൃഷ്ടിക്കപ്പെട്ട തങ്ങളുടെ തന്നെ സൃഷ്ടികളെ ആരാധിക്കുന്ന മനുഷ്യന്റെ ചെയ്തികളുടെ നിരര്‍ത്ഥകതയെക്കുറിച്ചും അനാഥകളുടെയും ദുര്‍ബലന്റെയും സ്വത്ത് അന്യായമായി തട്ടിപ്പറിച്ച് ഭക്ഷിക്കുന്നത് വിലക്കിക്കൊണ്ടുമുളള പ്രവാചകന്റെ അധ്യാപനങ്ങള്‍ കേട്ടറിഞ്ഞ അബൂദര്‍റിന് പ്രവാചകനെ നേരിട്ടു കാണാന്‍ തിടുക്കമായി.
കാര്യങ്ങളെല്ലാം വിശദമായി മനസ്സിലാക്കി സത്യാവസ്ഥ ബോധ്യപ്പെട്ടാല്‍  ഒട്ടും വൈകാതെ വിശ്വാസം സ്വീകരിക്കുകയാണ് ലക്ഷ്യം. പക്ഷെ യാത്രോദ്ദേശം പരസ്യമാവാന്‍ പാടില്ല. പ്രവാചകനെ സന്ധിക്കുകയും മുസ്‌ലിമാവുകയുമാണ് വരവിന്റെ ഉദ്ദേശ്യമെന്ന്  ഖുറൈശികള്‍ അറിഞ്ഞാല്‍ ജീവന്‍ ബാക്കിയുണ്ടാവില്ല. അതിനാല്‍ കഅ്ബയും അതിലെ വിഗ്രഹങ്ങളും സന്ദര്‍ശിക്കാന്‍ വരുന്ന പതിവ് തീര്‍ത്ഥാടകരുടെ ഭാവത്തിലാണ് വരവ്. മക്കയിലെത്തിയ അബൂദര്‍റ് കഅ്ബയുടെ ചാരത്ത് ഒളിച്ചു താമസിച്ചു. കഅ്ബയുടെ പരിസരത്തിരുന്നു കൊണ്ട്  പ്രവാചകനെയും ഇസ്‌ലാമിനെയും ഭര്‍ത്സിച്ചു കൊണ്ടും വരാനിരിക്കുന്ന ആപത്തുകളെക്കുറിച്ച് ആശങ്കപ്പെട്ടും ഖുറൈശി പ്രമാണിമാര്‍ സംസാരിക്കുന്നത് അബൂദര്‍റ് ദിവസവും ഒളിച്ചു കേള്‍ക്കാറുണ്ട്.

കാര്യങ്ങളുടെ കിടപ്പ് ഒരു വിധം മനസ്സിലാക്കാന്‍ അതുപകരിച്ചു. മസ്ജിദുല്‍ ഹറമില്‍ നമസ്‌കരിക്കാനും കഅ്ബയെ ത്വവാഫ് ചെയ്യാനുമായി വരുന്ന പ്രവാചകനെയും അബൂദര്‍റ് കാണാറുണ്ട്. അദ്ദേഹത്തിന്റെ വശ്യമധുരമായ ഖുര്‍ആന്‍ പാരായണം അബൂദര്‍റിന്റെ മനസ്സിനെ ആഴത്തില്‍ സ്വാധീനിച്ചു. ഇസ്‌ലാം സ്വീകരിക്കാന്‍ ആ മനസ്സ് വെമ്പല്‍ കൊണ്ടു. പക്ഷെ പ്രവാചകനുമായി രഹസ്യമായി  സന്ധിക്കാന്‍ ഒരവസരം ഇനിയും ഒത്തുകിട്ടിയിട്ടില്ല. ദിവസങ്ങള്‍ കഴിഞ്ഞു പോയി. അബൂദര്‍റ് മക്കയിലെത്തിയിട്ട് ഒരു മാസം കഴിഞ്ഞു. അബൂദര്‍റ് കാത്തിരുന്ന ആ സന്ദര്‍ഭം വന്നെത്തി. ആരും കാണാതെ പ്രവാചകനെ സന്ധിക്കാനുളള അവസരം അബൂദര്‍റിന് കരഗതമായി. പ്രവാചകനെ അനുസരണപ്രതിജ്ഞ ചെയ്ത് സത്യവിശ്വാസം സ്വീകരിച്ച അബൂദര്‍റിനോട് പ്രവാചകന്‍ ചോദിച്ചു: താങ്കള്‍ എത്ര ദിവസമായി ഇവിടെ കഴിഞ്ഞു കൂടുന്നു. ഒരു മാസമായി,അബൂദര്‍റിന്റെ മറുപടി.
അപ്പോള്‍ ആരാണ് താങ്കള്‍ക്ക് ഭക്ഷണം നല്‍കിയത് എന്ന ചോദ്യത്തിന്് അബൂദര്‍റ് ഇങ്ങനെ മറുപടി  നല്‍കി: സംസം വെളളമല്ലാതെ മറ്റൊന്നും എനിക്ക് ഭക്ഷണമായി ഉണ്ടായിരുന്നില്ല. ഞാനത് കുടിച്ചു കഴിച്ചു കൂടി. അതിനിടയില്‍ എനിക്ക് വിശപ്പ് അനുഭവപ്പെട്ടില്ല. മാത്രമല്ല എന്റെ വയറ്റിന് മടക്ക് വീഴുന്നതു വരെ ഞാന്‍ തടിക്കുകയും ചെയ്തു.
അബൂദര്‍റിന്റെ മറുപടി കേട്ട പ്രവാചകന്‍ പറഞ്ഞു: സംസം അനുഗ്രഹീതവും ഭക്ഷിക്കുന്നവനുളള ഭക്ഷണവുമാണ്. വിശ്വാസിയുടെ വയറല്ലാതെ അതുകൊണ്ട് നിറയുകയില്ല
…………………………………………………………………………………………………………
പ്രവാചകന്റെ നിശാപ്രയാണവും ആകാശവരോഹണ സംഭവങ്ങള്‍ക്കും (ഇസറാഅ് മിഅ്‌റാജ്)  മുന്നോടിയായി ജിബരീല്‍ മാലാഖ മക്കയില്‍ വെച്ച് പ്രവാചകന്റെ നെഞ്ച് പിളര്‍ന്ന് സംസം കൊണ്ട് കഴുകി വൃത്തിയാക്കി. പിന്നീട് ഒരു സ്വര്‍ണ്ണ തളിക നിറയെ വിശ്വാസവും തത്വവും കൊണ്ട് നെഞ്ച് നിറക്കുകയും ചെയ്തു.
…………………………………………………………………………………………………………
സംസത്തിന്റെ പവിത്രതയെയും മേന്മയെയും കുറിച്ച പ്രവാചക വചനങ്ങള്‍

* ഭൂമുഖത്ത് ഏറ്റവും നല്ല പാനീയമാകുന്നു സംസം.
* സംസം ഏതൊരു ഉദ്ദേശത്തിനു വേണ്ടിയാണോ കുടിക്കുന്നത് ആ ഉദ്ദേശം നിറവേറ്റപ്പെടും
* രോഗ ശമനം ഉദ്ദേശിച്ച് കുടിക്കുന്നവര്‍ക്ക് അത് ശമനം നല്‍കും.
* വിശ്വാസികളും കപടവിശ്വാസികളും തമ്മിലുളള വ്യത്യാസം കപടന്‍മാര്‍ക്ക് സംസംകൊണ്ട് വയര്‍ നിറയില്ല എന്നതാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss