|    Nov 19 Mon, 2018 2:36 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

നിലക്കല്‍-പമ്പ തൃവേണി റൂട്ടിലെ നിരക്ക് വര്‍ധന ഹൈക്കോടതി ശരിവച്ചു

Published : 2nd November 2018 | Posted By: kasim kzm

കൊച്ചി: നിലക്കല്‍-പമ്പ തൃവേണി റൂട്ടിലെ കെഎസ്ആര്‍ടിസി ബസ്സുകളിലെയും ജെഎന്‍എന്‍യുആര്‍എം എസി ബസ്സുകളിലെയും നിരക്ക് വര്‍ധന ഹൈക്കോടതി ശരിവച്ചു. നിരക്ക് വര്‍ധന മോട്ടോര്‍ വാഹന നിയമപ്രകാരം സര്‍ക്കാര്‍ അംഗീകരിച്ചതാണെന്നും ഇന്ധനവില വര്‍ധനയും മറ്റു ചാര്‍ജുകളും പരിഗണിച്ചാണിതെന്നും ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.
ബസ് നിരക്ക് വര്‍ധനയെ ചോദ്യംചെയ്ത് സമര്‍പ്പിക്കപ്പെട്ട രണ്ടു ഹരജികള്‍ തള്ളിയാണ് ഉത്തരവ്. നിലക്കല്‍ മുതല്‍ പമ്പ തൃവേണി വരെയുള്ള 21.5 കിലോമീറ്റര്‍ ദൂരത്തിന് നോണ്‍ എസി ബസ്സുകള്‍ക്ക് 31 രൂപയായിരുന്നു നേരത്തെയുള്ള ചാര്‍ജ്. ഇത് 40 രൂപയാക്കിയാണ് വര്‍ധിപ്പിച്ചത്. ജെഎന്‍എന്‍യുആര്‍എം എസി ബസ്സുകളുടെ നിരക്ക് 75 രൂപയാക്കിയും വര്‍ധിപ്പിക്കേണ്ടിവന്നു. ഇതാണ് ഹൈക്കോടതി ശരിവച്ചത്. നേരത്തെ ബസ് നിരക്ക് 31 രൂപയായിരുന്നപ്പോള്‍ ആരും എതിര്‍ത്തിട്ടില്ലെന്നും ഇപ്പോഴും എതിര്‍പ്പില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. നിരക്ക് വര്‍ധനയ്‌ക്കെതിരേ ശബരിമല സ്‌പെഷ്യല്‍ കമ്മീഷണര്‍ നല്‍കിയ റിപോര്‍ട്ട് കോടതി തീര്‍പ്പാക്കുകയും ചെയ്തു.
നിലക്കലിലെ ബേസ് ക്യാംപ് സംബന്ധിച്ച് സമര്‍പ്പിച്ച ഒരു ഹരജി ഹൈക്കോടതി തള്ളി. നിലക്കലില്‍ പ്രതിദിനം 65 ലക്ഷം ലിറ്റര്‍ കുടിവെള്ളം വാട്ടര്‍ അതോറിറ്റി നല്‍കുമെന്നും 900ത്തിലധികം ടോയ്‌ലറ്റുകള്‍ നിര്‍മിച്ചിട്ടുണ്ടെന്നും 15000ത്തിലധികം വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ സൗകര്യമൊരുക്കിയിട്ടുണ്ടെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അറിയിച്ചതിനെ തുടര്‍ന്നാണ് ഹരജി തള്ളിയത്. സര്‍ക്കാരിന്റെയും ദേവസ്വം ബോര്‍ഡിന്റെയും നടപടികള്‍ ശബരിമല മാസ്റ്റര്‍ പ്ലാനിന് അനുസൃതമായിട്ടാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ഈ റൂട്ട് കെഎസ്ആര്‍ടിസി കുത്തകയാക്കി വച്ചിരിക്കുകയാണെന്നും ദേവസ്വം ബോര്‍ഡിന് 150 ബസ്സുകളും ഡ്രൈവര്‍മാരെയും സൗജന്യമായി നല്‍കാമെന്നുമുള്ള ഒരു സംഘടനയുടെ നിര്‍ദേശം കോടതി തള്ളി. ദേവസ്വം ബോര്‍ഡിനെ ഒരു ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയായി മാറ്റാനാവില്ലെന്നും അങ്ങനെയൊരു നിര്‍ദേശം നല്‍കാനാവില്ലെന്നും വ്യക്തമാക്കിയാണ് കോടതി ഇത് തള്ളിയത്. സൗജന്യമായിട്ടാണെങ്കില്‍ പോലും ഇത്തരം നിര്‍ദേശം അംഗീകരിക്കാനാവില്ലെന്നു കോടതി പറഞ്ഞു.
കേസ് നേരത്തെ പരിഗണനയ്ക്കു വന്നപ്പോള്‍ ചോദിച്ച ചോദ്യങ്ങള്‍ക്കെല്ലാം കെഎസ്ആര്‍ടിസി തൃപ്തികരമായ മറുപടി നല്‍കിയെന്നും കെഎസ്ആര്‍ടിസിയുടെ പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹമാണെന്നും ഉത്തരവില്‍ കോടതി പറഞ്ഞു. തീര്‍ത്ഥാടനകാലത്ത് കെഎസ്ആര്‍ടിസി ഈ വിശ്വാസം കാത്തുസൂക്ഷിക്കുമെന്നാണ് കരുതുന്നതെന്നും കോടതി പ്രതീക്ഷ പ്രകടിപ്പിച്ചു. വാദം കേള്‍ക്കാനായി കെഎസ്ആര്‍ടിസി എംഡി ടോമിന്‍ തച്ചങ്കരി കോടതിയില്‍ എത്തിയിരുന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss