|    Oct 22 Sun, 2017 3:45 pm
FLASH NEWS

‘നിറമാല പ്രീതയുടെ ചിത്രലോകം’ പ്രദര്‍ശനം തുടരുന്നു

Published : 20th March 2017 | Posted By: fsq

 

കോഴിക്കോട്: സ്വര്‍ണകൊലുസുകള്‍ ഞാണിയിട്ട അനുഭൂതി പകരുന്ന കര്‍ണികാരപൂക്കുലകളുടെ സ്വര്‍ണ്ണവര്‍ണ്ണം, ചെഞ്ചുകപ്പില്‍ വെളുത്ത നേരിയ വരകളില്‍ പൂരത്തിന്റെ പറയെടുപ്പ്, മയില്‍പീലി വിടര്‍ത്തിയാടുമ്പോള്‍ പൊഴിയുന്ന പീലികള്‍ക്ക് അപ്പൂപ്പന്‍ താടിയുടേതെന്ന പോലെയുള്ള രൂപങ്ങള്‍-പ്രീത ആര്‍ വാരിയര്‍ എന്ന ചിത്രകാരിയുടെ സൃഷ്ടികളുടെ പ്രദര്‍ശനം കേരള ലളിതകലാ അക്കാദമി ആര്‍ട് ഗാലറിയില്‍ തുടരുന്നു.
ഒഴിവുസമയത്തെ വിരസതയകറ്റാന്‍ കണ്ടെത്തി വഴിയായിരുന്നു ചിത്രരചന. തന്റെ മനസ്സിലെ നിറസങ്കല്‍പ്പങ്ങളെക്കൊണ്ട് കോര്‍ത്തെടുത്ത ഒരു മാലയാണ് കാന്‍വാസുകള്‍ എന്ന് സ്വയം സാക്ഷ്യപ്പെടുത്തുകയാണ് പ്രീത.
നിറമാല-പ്രീതയുടെ ചിത്രലോകം എന്നപേരിട്ടിരിക്കുന്ന ചിത്രപ്രദര്‍ശനം ജയരാജ് വാര്യരാണ് ഉദ്ഘാടനം ചെയ്തത്. ജയപ്രകാശ് കൂളൂര്‍, പൊന്ന്യം ചന്ദ്രന്‍ എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു. തൃശൂര്‍ കിഴക്കുംപാട്ടുകര എടക്കണ്ടി വാരിയത്ത് കുടുംബാംഗമായ പ്രീത ഇപ്പോള്‍ കോഴിക്കോട്ടാണ് താമസം. തൃപ്പൂണിത്തറ ചിത്രാലയത്തില്‍ നിന്ന് ഡിപ്ലോമ പൂര്‍ത്തിയാക്കിയിട്ടുണ്ട് ചിത്രകാരി. പ്രദര്‍ശനത്തില്‍ ഏറെ ആകര്‍ഷകമാണ് പ്രീതയുടെ കിളിക്കൂട്.
പ്രത്യേകതരം പശകൊണ്ട് തീര്‍ത്ത കിളിക്കൂടിനുമുണ്ട് ഒരു വര്‍ണ്ണപ്രഭ. കാപ്പിപ്പൊടികൊണ്ട് രചന നിര്‍വഹിച്ച വിവേകാനന്ദനും പ്രേക്ഷകര്‍ക്കിഷ്ടമാവും. ഗോത്രശൈലിയും റവയും ചായപ്പൊടിയും ഉപയോഗിച്ചുള്ള രചനാ രീതിയിലും പ്രീത എന്ന ചിത്രകാരി ഒരു കൈനോക്കിയിട്ടുണ്ട്. പ്രദര്‍ശനം നാളെ സമാപിക്കും. പ്രദര്‍ശന സമയം രാവിലെ 11 മുതല്‍ രാത്രി ഏഴ് വരെ.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക