|    May 24 Thu, 2018 5:38 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

നിറം മങ്ങി സമത്വമുന്നേറ്റയാത്ര: ഹിന്ദു സാമുദായിക സംഘടനകള്‍ യാത്രയെ കൈയൊഴിയുന്നു

Published : 30th November 2015 | Posted By: SMR

തിരുവനന്തപുരം: വെള്ളാപ്പള്ളി നടേശന്റെ സമത്വമുന്നേറ്റയാത്രയിലൂടെ ഹിന്ദു സംഘടനകളെ ഏകോപിപ്പിക്കാനുള്ള തന്ത്രം പാളി. കേരളത്തിലെ ഇരു മുന്നണികളുമായി സഹകരിച്ച് സമ്മര്‍ദ്ദ ഗ്രൂപ്പായി തുടരാന്‍ ഇഷ്ടപ്പെടുന്ന ഭുരിഭാഗം ഹിന്ദു പിന്നാക്ക സമുദായ സംഘടനകള്‍ യാത്രയ്‌ക്കെതിരേ പരസ്യമായി അതൃപ്തി അറിയിച്ചു കഴിഞ്ഞു. പിന്തുണയ്ക്കുന്നു എന്ന് പറയുന്ന സംഘടനകളില്‍ നിന്നു തന്നെ പ്രതിഷേധം ഉയര്‍ന്നതോടെ സമത്വമുന്നേറ്റയാത്രയ്ക്ക് മുഴുവന്‍ ഹിന്ദു സംഘടനകളുടേയും പിന്തുണയുണ്ടെന്ന വാദമാണ് പൊളിഞ്ഞത്. ഭൂരിഭാഗം സമുദായ സംഘടനകളും കടുത്ത നിലപാടെടുത്തതോടെ നിറം കെട്ടാണ് യാത്ര തിരുവനന്തപുരത്ത് സമാപിക്കാന്‍ പോവുന്നത്.
ഇടതു വലതു മുന്നണികളിലെ സാമുദായിക ബന്ധമുള്ള നേതാക്കള്‍ മുന്‍കൈയെടുത്താണ് സമത്വമുന്നേറ്റയാത്രയ്‌ക്കെതിരേ നിലപാടെടുപ്പിച്ചത്. വെള്ളാപ്പള്ളി നടേശന്റെ യാത്രയില്‍ പങ്കെടുക്കേണ്ടെന്ന് അഖില കേരള ധീവരസഭ പരസ്യമായി നിലപാടെടുക്കുകയുണ്ടായി. സാമുദായിക സംവരണത്തിന്റെ ഗുണഫലം അനുഭവിക്കുന്ന 106 പട്ടികജാതി വര്‍ഗങ്ങളോടും 81 പിന്നാക്ക സമുദായത്തോടുമുള്ള വെല്ലുവിളിയാണ് സമത്വമുന്നേറ്റയാത്രയെന്ന് ധീവരസഭ ജനറല്‍ സെക്രട്ടറി ദിനകരന്‍ പറഞ്ഞിരുന്നു.
വെള്ളാപ്പള്ളിയോട് സഹകരിക്കുന്നതിനെ ചൊല്ലി കെപിഎംഎസ്സില്‍ ഭിന്നാഭിപ്രായം നിലനില്‍ക്കുന്നുണ്ട്. ചരിത്രത്തിലാദ്യമായി ഒരു ദലിത് സംഘടനയ്ക്ക് സര്‍ക്കാര്‍ മൂന്ന് എയ്ഡഡ് കോളജ് നല്‍കിയത് കെപിഎംഎസ്സിനാണ്. സമത്വ മുന്നേറ്റയാത്രയോട് സഹകരിക്കുകയാണെങ്കില്‍ തുടര്‍ നടപടികള്‍ക്ക് പ്രതിസന്ധിയുണ്ടാവുമെന്ന് വെള്ളാപ്പള്ളിയെ എതിര്‍ക്കുന്നവര്‍ വാദിക്കുന്നു. സമത്വമുന്നേറ്റയാത്രയില്‍ പങ്കെടുക്കുന്ന യോഗക്ഷേമസഭ സംസ്ഥാന പ്രസിഡന്റ് അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാടിനെതിരേ വിവിധ ജില്ലാ കമ്മിറ്റികള്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. അക്കീരമണ്‍ തന്നിഷ്ടപ്രകാരമാണ് യാത്രയില്‍ പങ്കെടുക്കുന്നതെന്നും എസ്എന്‍ഡിപി യാത്രയ്ക്ക് പിന്തുണ നല്‍കുക എന്നത് കൂട്ടായെടുത്ത തീരുമാനമല്ലെന്നുമുള്ള ആരോപണങ്ങള്‍ യോഗക്ഷേമസഭയില്‍ നിന്നുതന്നെ ഉയര്‍ന്നു. കാളിദാസ ഭട്ടതിരിപ്പാടിനെ പ്രസിഡന്റ് സ്ഥാനത്തുനിന്നു പുറത്താക്കണമെന്നും ആവശ്യമുയര്‍ന്നു.
പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്ന് വെള്ളാപ്പള്ളി പ്രഖ്യാപിച്ചപ്പോള്‍ തന്നെ 108 ഹിന്ദു സംഘടനകള്‍ ചേര്‍ന്ന ഹിന്ദു പാര്‍ലമെന്റ് വെള്ളാപ്പള്ളിയെ പുറത്താക്കിയിരുന്നു. വിശ്വകര്‍മസഭയുടെ പ്രസിഡന്റ് അഡ്വ. പി ആര്‍ ദേവദാസിനെ ചെയര്‍മാനായി തിരഞ്ഞെടുക്കുകയും ചെയ്തു. വെള്ളാപ്പള്ളിയായിരുന്നു സംഘടനയുടെ ചെയര്‍മാന്‍. ഏതെങ്കിലും ഹിന്ദു സമുദായങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്നത് സംഘടന അനുകൂലിക്കുന്നില്ലെന്ന് ഭാരവാഹികള്‍ പറഞ്ഞു. യാത്രയുടെ ഉദ്ഘാടനം കര്‍ണാടകയില്‍ പേജാവര്‍ മഠാധിപതി വിശ്വേശ്വരയ്യ തീര്‍ഥയാണ് നിര്‍വഹിച്ചത്. ബ്രാഹ്മണരുടെ എച്ചിലിലയില്‍ അവര്‍ണര്‍ ഉരുളുന്ന അനാചാരത്തെ പ്രോല്‍സാഹിപ്പിച്ചിരുന്ന ആളായിരുന്നു വിശ്വേശ്വരയ്യ. സംവരണവിരുദ്ധ നിലപാടെടുക്കുന്ന സംഘപരിവാരത്തോട് എസ്എന്‍ഡിപി കാണിക്കുന്ന അടുപ്പവും പിന്നാക്ക സംഘടനകളുടെ അതൃപ്തിക്കു കാരണമാവുന്നു. യാത്രയ്‌ക്കെതിരേ പ്രതിപക്ഷ നേതാവിന്റെ ഗുരുതരമായ ആരോപണങ്ങളും പരിഹാസവും ശക്തമായി തുടരുമ്പോഴാണ് ജാതി സംഘടനകളുടെ നിസ്സഹകരണം.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss