|    Feb 21 Tue, 2017 11:07 am
FLASH NEWS

നിര്‍മാണ-ഹോട്ടല്‍ മേഖലകള്‍ പ്രതിസന്ധിയില്‍; ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് ഇരുട്ടടിയായി നോട്ടു നിരോധനം

Published : 12th November 2016 | Posted By: SMR

എച്ച് സുധീര്‍

തിരുവനന്തപുരം: 1000, 500 നോട്ടുകള്‍ പിന്‍വലിച്ചതോടെ നിര്‍മാണമേഖലയില്‍ ഉടലെടുത്ത പ്രതിസന്ധി ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് ഇരുട്ടടിയായി. കൂലി നല്‍കാന്‍ ആവശ്യമായ ചില്ലറ നോട്ടുകള്‍ ലഭ്യമാകാത്തതിനെ തുടര്‍ന്ന് വന്‍കിട-ചെറുകിട നിര്‍മാണമേഖലകള്‍ ഉള്‍പ്പെടെ നിര്‍ത്തിവച്ചതോടെ ഇക്കൂട്ടര്‍ക്ക് ജോലിയും കൂലിയുമില്ലാത്ത അവസ്ഥയായി.
ജോലി കഴിഞ്ഞെത്തി താമസസ്ഥലങ്ങളില്‍ ഭക്ഷണം ഉണ്ടാക്കിയാണ് ഇവര്‍ കഴിക്കുന്നത്. എന്നാല്‍, ഭക്ഷണം പോലും കഴിക്കാനുള്ള സാഹചര്യം ഇല്ലാതായതോടെ ലേബര്‍ ക്യാംപുകളില്‍ കഴിച്ചുകൂട്ടുകയാണ് ഭൂരിഭാഗം തൊഴിലാളികളും. മൊബൈലുകള്‍ ചാര്‍ജ് ചെയ്യാന്‍ പണമില്ലാത്തതിനാല്‍ കുടുംബങ്ങളുമായി ബന്ധപ്പെടാനും കഴിയുന്നില്ല.
25 ലക്ഷത്തിലേറെ ഇതര സംസ്ഥാന തൊഴിലാളികളാണ് സംസ്ഥാനത്ത് വിവിധ മേഖലകളിലായി തൊഴിലെടുക്കുന്നത്. ഇവരില്‍ 60 ശതമാനവും നിര്‍മാണമേഖലയിലാണ് പണിയെടുക്കുന്നത്. പ്രതിവര്‍ഷം ഇവര്‍ കേരളത്തില്‍ നിന്നു നാട്ടിലേക്ക് അയക്കുന്നത് ശരാശരി 17,500 കോടി രൂപയാണ്.
നിര്‍മാണമേഖലയില്‍ ഏറിയപങ്കും ആഴ്ചയുടെ അവസാനമാണ് തൊഴിലാളികള്‍ക്ക് കൂലി നല്‍കുന്നത്. ഈ തുക വാങ്ങി ബാങ്കില്‍ നിക്ഷേപിക്കുകയോ നാട്ടിലേക്ക് അയക്കുകയോ ആണ് ഇവരുടെ പതിവ്. അപ്രതീക്ഷിതമായ നോട്ടു നിരോധനത്തെ തുടര്‍ന്ന് നിര്‍മാണമേഖല സ്തംഭിച്ചതും ബാങ്കിങ് മേഖലയിലെ പ്രതിസന്ധിയും ദൈനംദിന ജീവിതത്തെ ബാധിച്ചതോടെ ഇവരെ ആശ്രയിച്ചു കഴിയുന്ന കുടുംബങ്ങളും ദുരിതത്തിലായി.
നിര്‍മാണമേഖലയ്ക്കു പുറമേ സംസ്ഥാനത്തെ ഹോട്ടല്‍ മേഖലകളില്‍ ഏറിയപങ്കും ഇതര സംസ്ഥാന തൊഴിലാളികളാണ് പണിയെടുക്കുന്നത്. ചില്ലറയില്ലാതെ പല കോണുകളിലും ചെറുകിട ഹോട്ടലുകള്‍ പ്രവര്‍ത്തനം നിര്‍ത്തിവച്ചിട്ടുണ്ട്. മറ്റു തൊഴില്‍മേഖലകളും സ്തംഭനാവസ്ഥയിലേക്ക് നീങ്ങിയ സാഹചര്യത്തില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ വലിയ തോതില്‍ തൊഴില്‍ നഷ്ടവും സാമ്പത്തിക നഷ്ടവും നേരിടുകയാണ്.
ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം 1,28,039 ഇതര സംസ്ഥാന തൊഴിലാളികളുടെ വിവരങ്ങളാണ് സംസ്ഥാനത്തെ പോലിസ് സ്‌റ്റേഷന്‍ വഴി ശേഖരിച്ചിട്ടുള്ളത്. എന്നാല്‍, 2010ലെ കുടിയേറ്റക്ഷേമ പദ്ധതി പ്രകാരം കഴിഞ്ഞ ഫെബ്രുവരി വരെ കേവലം 52,422 ഇതര സംസ്ഥാന തൊഴിലാളികള്‍ക്കു മാത്രമാണ് രജിസ്‌ട്രേഷന്‍ നല്‍കിയിട്ടുള്ളത്. എന്നാല്‍, 2015ല്‍ ഗുലാത്തി ഇന്‍സ്റ്റിറ്റിയൂട്ട് നടത്തിയ പഠന റിപോര്‍ട്ട് പ്രകാരം 25,00,000 ഇതര സംസ്ഥാന തൊഴിലാളികള്‍ കേരളത്തില്‍ ജോലി ചെയ്തുവരുന്നതായി കണ്ടെത്തിയിട്ടുണ്ട്.
500, 1000 നോട്ടുകള്‍ കൈവശമുള്ള ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് ഇവ മാറിയെടുക്കാനും പ്രതിസന്ധി നിലനില്‍ക്കുന്നു. പണം മാറണമെങ്കില്‍ തിരിച്ചറിയല്‍ രേഖ ഹാജരാക്കണമെന്നതാണ് പ്രതിസന്ധിക്ക് ആധാരം. പലരുടെയും തിരിച്ചറിയല്‍ രേഖകള്‍ സ്വദേശത്താണ്. തിരികെ നാട്ടിലേക്ക് പോവാനുള്ള വണ്ടിക്കൂലി പോലുമില്ലാതെ ബുദ്ധിമുട്ടുന്നവരും നിരവധിയാണ്.
കൈവശം നോട്ട് ഉണ്ടായിട്ടും മാറിക്കിട്ടാനുള്ള കാലതാമസമുള്ളതിനാല്‍ ഭക്ഷണവും മരുന്നും ഒന്നും വാങ്ങാനാവാതെ അലഞ്ഞുതിരിയുന്നവരും നിരവധിയാണ്. രാവിലെ ജോലി തേടിയിറങ്ങുന്നതിനു പകരം  ബാങ്കുകളുടെ മുന്നിലെ ക്യൂവില്‍ ഇടം പിടിക്കാനുള്ള ശ്രമത്തിലാണ് ഇവര്‍.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 12 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക