|    Oct 22 Sun, 2017 10:13 am
Home   >  Pravasi  >  Gulf  >  

നിര്‍മാണ സൈറ്റുകള്‍ക്കു മുന്നില്‍ പദ്ധതി വിശദാംശ ബോര്‍ഡുകള്‍ സ്ഥാപിക്കാത്ത കമ്പനികള്‍ക്കെതിരെ നടപടി

Published : 7th August 2016 | Posted By: SMR

ദോഹ: നിര്‍മാണ സൈറ്റുകള്‍ക്കു മുന്നില്‍ പദ്ധതിയുമായി ബന്ധപ്പെട്ട വിശദാംശങ്ങളടങ്ങിയ ബോര്‍ഡുകള്‍ സ്ഥാപിക്കാത്ത കോണ്‍ട്രാക്ടിങ് കമ്പനികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുനിസിപ്പാലിറ്റി-പരിസ്ഥിതി മന്ത്രാലയം മുന്നറിയിപ്പുനല്‍കി. സൈറ്റിനു മുന്നില്‍ ബോര്‍ഡ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് മന്ത്രാലയം കഴിഞ്ഞ വര്‍ഷം പുറത്തുവിട്ട 120ാം നമ്പര്‍ തീരുമാനം കമ്പനികള്‍ നിര്‍ബന്ധമായും പാലിക്കണമെന്ന് അധികൃതര്‍ വ്യക്തമാക്കി. ഉടമസ്ഥന്റെ പേര്, പദ്ധതിയുടെ പേര്, കണ്‍സ്ട്രക്ഷന്‍ ലൈസന്‍സിന്റെ നമ്പറും തിയ്യതിയും, പദ്ധതിയുടെ മറ്റ് വിശദാംശങ്ങള്‍ എന്നിവ അടങ്ങിയ ബോര്‍ഡാണ് സ്ഥാപിക്കേണ്ടത്. നിര്‍മാണം ആരംഭിക്കുന്നതിനു മുമ്പ് തന്നെ ബോര്‍ഡ് സ്ഥാപിക്കുകയും പദ്ധതി പൂര്‍ത്തിയായി ഏഴ് ദിവസത്തിനകം അത് നീക്കം ചെയ്യുകയും വേണം. ബന്ധപ്പെട്ട മുനിസിപ്പാലിറ്റിയുടെ അംഗീകാരത്തോടെ വേണം ബോര്‍ഡുകള്‍ സ്ഥാപിക്കാനെന്നും മന്ത്രാലയ വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി.
അറബിയിലോ ഇംഗ്ലീഷിലോ ആയിരിക്കണം വിശദാംശങ്ങള്‍. ബോര്‍ഡിലെ വിശദാംശങ്ങളില്‍ വല്ല മാറ്റവും വരുത്തണമെങ്കില്‍ മുനിസിപ്പാലിറ്റിക്കു കീഴിലെ ബന്ധപ്പെട്ട വകുപ്പില്‍ നിന്നുള്ള അനുമതി വാങ്ങിയിരിക്കണം.
മന്ത്രാലയത്തിന്റെ 121ാം നമ്പര്‍ തീരുമാനമനുസരിച്ച് പദ്ധതി പ്രദേശത്തിനു ചുറ്റുമതില്‍ സ്ഥാപിക്കേണ്ടതുണ്ട്. മുനിസിപ്പാലിറ്റിയുടെ അനുമതി കൂടാതെ റോഡിലേക്കും നടപ്പാതയിലേക്കും മതില്‍ നീട്ടാന്‍ പാടില്ല.
കാല്‍നട യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്താന്‍ നിര്‍മാണ കമ്പനികള്‍ക്ക് ബാധ്യതയുണ്ട്. നിര്‍മാണ സ്ഥലത്തുനിന്നുള്ള യാതൊരു വസ്തുക്കളും കാല്‍നട യാത്രക്കാര്‍ക്ക് ഭീഷണിയായി പുറത്തേക്ക് തെറിക്കാതെ ശ്രദ്ധിക്കണമെന്നും മന്ത്രാലയ തീരുമാനത്തില്‍ വ്യക്തമാക്കുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക