|    Nov 18 Sun, 2018 6:34 pm
FLASH NEWS
Home   >  Pravasi  >  Gulf  >  

നിര്‍മാണ മേഖലയില്‍ വര്‍ഷം 11 ശതമാനം വളര്‍ച്ച

Published : 15th August 2016 | Posted By: SMR

ദോഹ: ഖത്തറിലെ നിര്‍മാണ മേഖല 2022വരെ വര്‍ഷം തോറും ശരാശരി 11.4 ശതമാനം വീതം വളര്‍ച്ച കൈവരിക്കുമെന്ന് റിപോര്‍ട്ട്. രാജ്യത്തെ വര്‍ധിച്ചു വരുന്ന ജനസംഖ്യ ഇതിന് പ്രോല്‍സാഹനം നല്‍കുമെന്നും റിപോര്‍ട്ടില്‍ പറയുന്നു. ആഗോള പ്രസാധക, ഗവേഷണ, കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ ഓക്‌സ്ഫഡ് ബിസിനസ് ഗ്രൂപ്പിന്റെ(ഒബിജി) വാര്‍ഷിക റിപോര്‍ട്ടിലാണ് വെല്ലുവിളികള്‍ക്കിടയിലും ഖത്തറിന് ശോഭനമായ ഭാവി പ്രവചിക്കുന്നത്.
22000 കോടി ഡോളറിന്റെ അടിസ്ഥാന സൗകര്യ വികസനം ഉള്‍പ്പെടെ വന്‍കിട മൂലധന പദ്ധതികളാണ് അടുത്ത ഒരു പതിറ്റാണ്ടിനുള്ളില്‍ രാജ്യത്ത് നടപ്പാക്കാന്‍ പോകുന്നതെന്ന് ഒബിജിയുടെ 12ാമത് വാര്‍ഷിക റിപോര്‍ട്ടില്‍ പറയുന്നു. പ്രധാനമന്ത്രി ശെയ്ഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ ആല്‍ഥാനിയുമായുള്ള വിശദമായ അഭിമുഖം, ഓരോ മേഖലയിലും നിക്ഷേപകര്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ എന്നിവ റിപോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഖത്തര്‍ ഫൗണ്ടേഷന്‍ സിഇഒ ശെയ്ഖ ഹിന്ദ് ബിന്ത് ഹമദ് ആല്‍ഥാനി, ധന-വാണിജ്യ മന്ത്രി ശെയ്ഖ് അഹ്മദ് ബിന്‍ ജാസിം ബിന്‍ മുഹമ്മദ് ആല്‍ഥാനി, ഊര്‍ജ-വ്യവസായ മന്ത്രിയും ഒപെക് പ്രസിഡന്റുമായ മുഹമ്മദ് ബിന്‍ സാലിഹ് അല്‍സാദ എന്നിവരുമായുള്ള അഭിമുഖങ്ങളും റിപോര്‍ട്ടിനെ സമ്പന്നമാക്കുന്നു.
2011 മുതല്‍ തുടര്‍ച്ചയായി നാല് വര്‍ഷം എണ്ണ ഇതര മേഖലയില്‍ രാജ്യം കൈവരിച്ച 10 ശതമാനം  വളര്‍ച്ച ഖത്തര്‍ ദേശീയ ദര്‍ശനരേഖ 2030 ന്റെ ലക്ഷ്യങ്ങള്‍ കൈവരിക്കാനുതകുന്നതാണെന്ന് ഒബിജി സിഇഒയും എഡിറ്റര്‍ ഇന്‍ ചീഫുമായ ആന്‍ഡ്രു ജെഫ്രി പറഞ്ഞു. രാജ്യം നേരിടുന്ന ആഭ്യന്തരവും വൈദേശികവുമായ വെല്ലുവിളികള്‍ പ്രതിഫലിപ്പിക്കുന്നതാണ് ഈ വര്‍ഷത്തെ ബജറ്റെങ്കിലും കരുത്തുറ്റ മാക്രോ എകണോമിക് അടിസ്ഥാനങ്ങളും ശക്തമായ സാമ്പത്തിക, ഹൈഡ്രോകാര്‍ബണ്‍ നിക്ഷേപങ്ങളും വളര്‍ച്ചയ്ക്ക് അനുഗുണമാണ്.
കൂടുതല്‍ വ്യാപാര സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കാനുള്ള ഖത്തറിന്റെ പുതിയ ശ്രമങ്ങള്‍ നിക്ഷേപകരെ ആകര്‍ഷിക്കുമെന്ന് ഒബിജി മിഡില്‍ ഈസ്റ്റ് മാനേജിങ് എഡിറ്റര്‍ ഒലിവര്‍ കോര്‍ണോക്ക് പറഞ്ഞു. സര്‍ക്കാര്‍ പിന്തുണയും പ്രൊജക്ട് ഫണ്ടിങ് ഡിമാന്റും രാജ്യത്തെ ഇസ്‌ലാമിക സാമ്പത്തിക മേഖലയ്ക്ക് വലിയ വളര്‍ച്ച നല്‍കും. 2022 ലോക കപ്പ് നടത്തിപ്പുമായി ബന്ധപ്പെട്ട അടിസ്ഥാന മേഖലയില്‍ സര്‍ക്കാര്‍ തുടര്‍ച്ചയായി നടത്തുന്ന നിക്ഷേപങ്ങള്‍ രാജ്യത്തെ സാമ്പത്തിക വളര്‍ച്ചയ്ക്ക് ദീര്‍ഘ കാലാടിസ്ഥാനത്തില്‍ പ്രോല്‍സാഹനമേകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss