|    Jan 22 Sun, 2017 3:25 am
FLASH NEWS

നിര്‍മാണമേഖലയില്‍ മാതൃകയായി ജില്ലാ നിര്‍മിതികേന്ദ്രം

Published : 5th March 2016 | Posted By: SMR

കല്‍പ്പറ്റ: ജില്ലയുടെ വികസനോന്മുഖമായ പദ്ധതികളില്‍ മാനന്തവാടി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജില്ലാ നിര്‍മിതി കേന്ദ്രം മാതൃകയാവുന്നു. കഴിഞ്ഞ 25 വര്‍ഷത്തോളമായി ജില്ലയില്‍ ആരോഗ്യ-വിദ്യാഭ്യാസ മേഖലകളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിന് ജില്ലാ നിര്‍മിതി കേന്ദ്രം പങ്കുവഹിക്കുന്നുണ്ട്. ഏറ്റെടുത്തിട്ടുള്ള പ്രവൃത്തികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തീകരിച്ച് നിര്‍മാണ മേഖലയില്‍ വികസനപാത തെളിയിച്ചു.
കേന്ദ്രസര്‍ക്കാര്‍ ന്യൂനപക്ഷ വകുപ്പിന് കീഴില്‍ നടപ്പാക്കിവരുന്ന എംഎസ്ഡിപി പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒന്നാം ഘട്ടത്തില്‍ 23 സ്‌കൂള്‍ കെട്ടിടങ്ങളുടെയും 10 സബ് സെന്ററുകളുടെയും നിര്‍മാണം ജില്ലാ നിര്‍മിതി കേന്ദ്രം പൂര്‍ത്തീകരിച്ചു. രാജ്യത്ത് ആദ്യമായി നല്ല രീതിയിലും സമയബന്ധിതമായും പദ്ധതി പൂര്‍ത്തീകരിച്ചതിന്റെ ഫലമായി ജില്ലയ്ക്ക് കേന്ദ്രവിഹിതമായി 10 കോടി രൂപ അധികം അനുവദിച്ചു. ഈ തുക സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രിയില്‍ വിനിയോഗിക്കുമെന്നു നിര്‍മിതി കേന്ദ്രം ജില്ലാ പ്രൊജക്റ്റ് മാനേജര്‍ ഒ കെ സജീത് അറിയിച്ചു.
രണ്ടാംഘട്ട നിര്‍മാണത്തില്‍ 29 സ്‌കൂള്‍ കെട്ടിടങ്ങളിലായി 162 ക്ലാസ് മുറികളും 19 ആശുപത്രി കെട്ടിടങ്ങളും അനുവദിക്കുകയും ഒരു വര്‍ഷം കൊണ്ട് മുഴുവന്‍ സ്‌കൂളുകളുടെയും നിര്‍മാണം പൂര്‍ത്തീകരിക്കുകയും ചെയ്തു.
കെട്ടിടങ്ങളുടെ അപര്യാപ്തതമൂലം ഞെരുങ്ങിക്കഴിഞ്ഞിരുന്ന സ്‌കൂളുകളുടെ നിര്‍മാണം കേവലം നാലു മാസം കൊണ്ടു പൂര്‍ത്തീകരിച്ചു നല്‍കി. ജിഎച്ച്എസ് പേര്യ, ജിഎച്ച്എസ് സര്‍വജന, ജിഎല്‍പിഎസ് കുഞ്ഞോം, ജിയുപിഎസ് മുണ്ടക്കൈ, ജിയുപിഎസ് കമ്പളക്കാട്, ജിയുപിഎസ് തേറ്റമല ഇത്തരത്തില്‍ പൂര്‍ത്തീകരിച്ചവയാണ്. ഫണ്ടിന്റെ ലഭ്യതക്കുറവ് മൂലം ആശുപത്രികളുടെ നിര്‍മാണം തുടങ്ങാന്‍ താമസം നേരിട്ടെങ്കിലും ഇപ്പോള്‍ ആരംഭിച്ചു കഴിഞ്ഞു.
അടുത്ത കാലത്ത് പൂര്‍ത്തീകരിച്ച എംആര്‍എസ് പൂക്കോട് ഡോര്‍മിറ്ററി കെട്ടിടം, ജവഹര്‍ ബാലവികാസ് ഭവന്‍ മീനങ്ങാടി, ടൂറിസം ഡോര്‍മിറ്ററി മീനങ്ങാടി, വയനാട്ടിലെ ആദ്യത്തെ സ്മാര്‍ട്ട് വില്ലേജ് ഓഫിസായ ചെറുകാട്ടൂര്‍ തുടങ്ങിയവയെല്ലാം തന്നെ ജില്ലയ്ക്ക് അഭിമാനിക്കാന്‍ കഴിയുന്ന തരത്തിലുള്ള പ്രവൃത്തികളാണ്.
സ്മാര്‍ട്ട് വില്ലേജ് ഓഫിസ് കെട്ടിടം എല്ലാവിധ ആധുനിക സൗകര്യങ്ങളോടെയും സംസ്ഥാനത്തിനു തന്നെ മാതൃകയാവുന്ന രീതിയില്‍ പൂര്‍ത്തീകരിച്ചതിന് റവന്യൂമന്ത്രിയുടെ പ്രത്യേക അഭിനന്ദനം ലഭിച്ചിരുന്നു.ടൂറിസവുമായി ബന്ധപ്പെട്ട് പ്രിയദര്‍ശിനി ഫാം ടൂറിസം പ്രവൃത്തികള്‍ പൂര്‍ത്തീകരണ ഘട്ടത്തിലാണ്.
കര്‍ളാട് തടാകക്കരയിലുള്ള നവീകരണ പ്രവൃത്തികള്‍, കാന്തന്‍പാറ വികസന പ്രവര്‍ത്തനങ്ങള്‍, പൂക്കോട് നവീകരണ പ്രവൃത്തികള്‍, കുറുവാദ്വീപില്‍ നിര്‍മിച്ച ചങ്ങാടങ്ങള്‍, പനമരത്തുള്ള തലക്കല്‍ ചന്തു സ്മാരകം, മാവിലാംതോട് പഴശ്ശി സ്മാരക ലൈബ്രറി തുടങ്ങിയവയെല്ലാം പൂര്‍ത്തീകരിച്ച പ്രവൃത്തികളാണ്. മാനന്തവാടി പഴശ്ശി പാര്‍ക്ക് നവീകരണം, കാരാപ്പുഴ നവീകരണം കൂടാതെ വള്ളിയൂര്‍ക്കാവ് നവീകരണ പ്രവൃത്തികള്‍ ഇവയെല്ലാം നല്ല രീതിയില്‍ നടന്നുകൊണ്ടിരിക്കുന്നു. ജില്ലയുടെ ടൂറിസം മേഖലയില്‍ തന്നെ വന്‍ മാറ്റംവരുത്താന്‍ കഴിവുള്ള ‘എന്‍ ഊരു’ പദ്ധതിയുടെ നിര്‍മാണവും നടന്നുകൊണ്ടിരിക്കുന്നു.
ജില്ലയിലെ ആദിവാസി മേഖലയിലെ സമ്പൂര്‍ണ വികസനം ഉറപ്പുവരുത്തുന്നതിനായി ട്രൈബല്‍ വകുപ്പ് നടപ്പാക്കുന്ന എടിഎസ്പി (അഡീഷനല്‍ ട്രൈബല്‍ സബ് പ്ലാന്‍) പദ്ധതിയില്‍ ഉള്‍പ്പെടുത്തി പനമരം, മേപ്പാടി ഗ്രാമപ്പഞ്ചായത്തുകളിലായി പുതിയ വീടുകളുടെ നിര്‍മാണം, പഴയ വീടുകളുടെ നവീകരണം, റോഡുകള്‍, കള്‍വര്‍ട്ട്, നടപ്പാത, സോളാര്‍ സ്ട്രീറ്റ് ലൈറ്റ്, കമ്മ്യൂണിറ്റി ഹാള്‍ തുടങ്ങിയവയുടെ പ്രവൃത്തികള്‍ നടന്നുവരുന്നു. കണ്ണൂര്‍ യൂനിവേഴ്‌സിറ്റിയുടെ മാനന്തവാടി കാംപസ് നവീകരണം മുതല്‍ മുഴുവന്‍ പ്രവൃത്തികളും തുടക്കം മുതല്‍ തന്നെ ജില്ലാ നിര്‍മിതി കേന്ദ്രമാണ് നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. ബിഎഡ് കോളജ്, ട്രൈബല്‍ സ്റ്റഡി സെന്റര്‍, ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയം, ലേഡീസ് ഹോസ്റ്റല്‍, ചുറ്റുമതില്‍ ഇവയെല്ലാം കാംപസില്‍ പൂര്‍ത്തീകരിച്ചവയുടെ നിരയില്‍ ഉള്‍പ്പെടുന്നു.
ജില്ലാ ആശുപത്രിയില്‍ വിവിധ ഏജന്‍സികള്‍ പാതിവഴിയില്‍ ഉപേക്ഷിച്ചുപോയ ട്രൈബല്‍ മെറ്റേണിറ്റി വാര്‍ഡ്, ട്രോമ കെയര്‍ യൂനിറ്റ്, സര്‍ജിക്കല്‍ വാര്‍ഡ് തുടങ്ങിയവയുടെ നിര്‍മാണവും ജില്ലാ നിര്‍മിതി കേന്ദ്രമാണ് പൂര്‍ത്തീകരിച്ചത്.
ജില്ലാ ആശുപത്രിയിലെ 80 ബെഡ് വാര്‍ഡ്, ഒബ്‌സര്‍വേഷന്‍ വാര്‍ഡ്, പോസ്റ്റ് ഓപറേറ്റീവ് വാര്‍ഡ്, ടിബി വാര്‍ഡ് തുടങ്ങിയവ ജില്ലാ നിര്‍മിതി കേന്ദ്രം പൂര്‍ത്തീകരിച്ച പ്രവൃത്തികളാണ്. ജില്ലയിലെ ആദ്യത്തെ കാന്‍സര്‍ സെന്ററിന്റെ പ്രവൃത്തി നല്ലൂര്‍നാട് ആശുപത്രിയില്‍ പൂര്‍ത്തീകരണ ഘട്ടത്തിലാണ്.
ജില്ലാ കലക്ടര്‍ ചെയര്‍മാനും മാനന്തവാടി സബ് കലക്ടര്‍ മെംബര്‍ സെക്രട്ടറിയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റും അടങ്ങിയ ഗവേണിങ് ബോഡിയാണ് ജില്ലാ നിര്‍മിതി കേന്ദ്രത്തിന്റെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 82 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക