|    Nov 23 Thu, 2017 4:47 pm
FLASH NEWS

നിര്‍മാണത്തിലെ പാകപ്പിഴ : 14 ലക്ഷത്തിന്റെ ചുറ്റുമതില്‍ ഉദ്ഘാടനത്തിന് മുമ്പെ തകര്‍ന്നു തുടങ്ങി

Published : 8th August 2017 | Posted By: fsq

 

മാനന്തവാടി: നിര്‍മാണം കഴിഞ്ഞ് ഉദ്ഘാടനം കാത്തിരിക്കുന്ന അപ്പപ്പാറ പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ മതില്‍ നിര്‍മാണത്തിലെ പാകപ്പിഴവ് മൂലം വിണ്ടുകീറിയും, ആടിയുലഞ്ഞും തകര്‍ച്ചയുടെ വക്കില്‍. ഉയരമുള്ള സ്ഥലത്ത് മണ്ണിട്ട് നികത്തി കാര്യമായ മുന്നൊരുക്കങ്ങള്‍ ഇല്ലാതെ മതില്‍ നിര്‍മിക്കുന്നതിനെതിരെ ആദ്യം മുതലേ പ്രദേശവാസികളുടെ എതിര്‍പ്പുയര്‍ന്നിരുന്നു. നിര്‍മാണം തീരും മുമ്പേ മതില്‍ വിണ്ട് കീറി. നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് കരാറുകാരന്‍ രഹസ്യമായി മതിലില്‍ അറ്റകുറ്റപണികള്‍ നടത്തിയിരുന്നു. എന്നാല്‍ സുരക്ഷാ ഭീഷണി മുന്‍നിര്‍ത്തി മതിലിന്റെ ഈ ഭാഗം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പൊളിക്കുകയും കൊടി നാട്ടുകയും ചെയ്തു. സ്‌കൂള്‍ വിദ്യാര്‍ഥികളും ആശുപത്രിയിലേക്ക് വരുന്ന രോഗികളും ജീവനക്കാരും നടന്നു വരുന്ന പൊതു വഴിക്കു സമീപമാണ് ജീവന് ഭീഷണി ഉയര്‍ത്തി കരിങ്കല്‍ മതില്‍ നിലകൊള്ളുന്നത്. ലോക ബാങ്കിന്റെ ധനസഹായത്തോടെ 14 ലക്ഷം രൂപ വകയിരുത്തിയാണ് തിരുനെല്ലി പഞ്ചായത്ത് 300 മീറ്ററോളം നീളത്തില്‍ ചുറ്റുമതില്‍ നിര്‍മിച്ചത്  നിര്‍മ്മാണത്തിലെ അപാകത മൂലം ആശുപത്രി മതിലിന്റെ ഭൂരി ഭാഗവും തകര്‍ച്ചയുടെ വക്കിലാണെന്നും മതില്‍ പൂര്‍ണമായും പൊളിച്ച് ശാസ്ത്രീയമാം വിധം നിര്‍മിക്കണമമെന്നും ആവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ രംഗത്തെത്തിയിട്ടുണ്ട്. നിര്‍മാണത്തിലെ അഴിമതി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് വിജിലന്‍സിന് പരാതി നല്‍കും. 15 അടി ഉയരത്തില്‍ ഒരുവിധ മുന്‍കരുതലുകളും ഇല്ലാതെയാണ് മതില്‍ നിര്‍മിച്ചിട്ടുള്ളത്. ഇത് തകര്‍ന്നു വീണാല്‍ വന്‍ദുരന്തങ്ങള്‍ക്ക് കാരണമാവും. മതില്‍ പൊളിച്ചു മാറ്റണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ തിരുനെല്ലി പഞ്ചായത്ത് അധികൃതരെ സമീപിച്ചിരുന്നു. തുടര്‍ന്ന് നടന്ന് ചര്‍ച്ചയുടെ ഫലമായി കരാറുകാരന്‍ തന്നെ മതില്‍ പൊളിച്ചു നീക്കാമെന്ന് സമ്മതിച്ചിരുന്നു. എന്നാല്‍ തീരുമാനത്തിന്റെ മറവില്‍ ചെറിയൊരു ഭാഗം മാത്രം പൊളിക്കുകയും മറ്റുളള ഭാഗം അറ്റകുറ്റ പണി ചെയ്ത് നിലനിര്‍ത്തുകയുമാണ് കരാറുകാരന്‍ ചെയ്തത്. അതിന്റെ ഭാഗമായി മതിലിന്റെ ചില ഭാഗത്ത് മാത്രം ബന്ധപ്പെട്ടവര്‍ അറ്റകുറ്റപണി നടത്തി തടിയൂരുകയായിരുന്നു. എന്നാല്‍, പ്രത്യക്ഷ അഴിമതി മറച്ചുവെക്കാന്‍ കരാറുകാരന്‍ ശ്രമിച്ചതായി ആരോപിച്ച് അറ്റകുറ്റപണി ചെയ്ത മതിലിന്റെ ഭാഗം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പൊളിച്ചു നീക്കുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക