|    May 26 Fri, 2017 11:16 am
FLASH NEWS

നിര്‍മാണത്തിനിടെ ബോംബ് പൊട്ടി ബിജെപി പ്രവര്‍ത്തകന്‍ മരിച്ചു

Published : 21st August 2016 | Posted By: SMR

കൂത്തുപറമ്പ്: ബോംബ് നിര്‍മാണത്തിനിടെയുണ്ടായ സ്‌ഫോടനത്തില്‍ ബിജെപി പ്രവര്‍ത്തക ന്‍ മരിച്ചു. കതിരൂര്‍ പോലിസ് സ്‌റ്റേഷന്‍ പരിധിയില്‍ കോട്ടയംപൊയില്‍ ഓലക്കടവിനു സമീപം പൊന്നമ്പത്ത് ഹൗസില്‍ പ്രദീപന്റെ മകന്‍ ദീക്ഷിത് (23)ആണ് കൊല്ലപ്പെട്ടത്. ഇയാളുടെ വീട്ടില്‍ ബോംബ് നിര്‍മിക്കുന്നതിനിടെയായിരുന്നു സ്‌ഫോടനം. സ്‌ഫോടനത്തില്‍ വീടിന്റെ ഒന്നാംനില പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. സംഭവസ്ഥലത്തു വച്ച് തന്നെ ദീക്ഷിത് മരിച്ചിരുന്നു. ഇന്നലെ രാത്രി എട്ടോടെയാണ് സംഭവം. വീട്ടില്‍ ദീക്ഷിതും അച്ഛനും മാത്രമാണ് താമസം. അമ്മ മഞ്ജുള വര്‍ഷങ്ങള്‍ക്കു മുമ്പേ മരിച്ചിരുന്നു. സഹോദരന്‍ ദില്‍ജിത്ത് വേറെ വീട്ടിലാണു താമസം. മൃതദേഹം തലശ്ശേരി സഹകരണ ആശുപത്രിയില്‍.
ജില്ലാ പോലിസ് ചീഫ് കോറി സഞ്ജയ് കുമാര്‍ ഗുരുദിന്‍, തലശ്ശേരി ഡിവൈഎസ്പി പ്രിന്‍സ്, സിഐ പി കെ സുരേഷ് ബാബു, കൂത്തുപറമ്പ് എസ്‌ഐ ബിനോയ് എന്നിവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.
ഇന്നലെ പുലര്‍ച്ചെ കോടിയേരിയില്‍ സിപിഎം ഓഫിസിനും തുടര്‍ന്ന് ബിജെപി ഓഫിസിനു നേരെയും ബോംബ് ആക്രമണം നടന്നിരുന്നു. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് വീട്ടില്‍ ബോംബ് നിര്‍മാണം നടന്നതെന്നാണ് സംശയം. ജില്ലയില്‍ ഇരുവിഭാഗത്തിന്റെയും ശക്തികേന്ദ്രങ്ങളില്‍ തുടര്‍ച്ചയായി നടക്കുന്ന അക്രമസംഭവങ്ങളും ഇതിനോട് നേതാക്കളടക്കമുള്ളവരുടെ കൊലവിളി പ്രസംഗങ്ങളുമാണ് പ്രവര്‍ത്തകരെ ബോംബ് നിര്‍മാണമടക്കമുള്ള കൃത്യത്തിന് ധൈര്യം നല്‍കുന്നതെന്ന ആക്ഷേപമുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day