|    Aug 21 Mon, 2017 5:42 pm
FLASH NEWS

നിര്‍മാണം പൂര്‍ത്തിയായിട്ടും നോക്കുകുത്തിയായി പ്രസവ വാര്‍ഡ്

Published : 5th August 2017 | Posted By: fsq

 

ആലത്തൂര്‍: ദേശീയ ആരോഗ്യ മിഷന്‍ഫണ്ടില്‍ 2.44 കോടി ചെലവഴിച്ച് നിര്‍മിച്ച താലൂക്കാശുപത്രിയിലെ അമ്മയും കുഞ്ഞും വാര്‍ഡ് പ്രവര്‍ത്തന സജ്ജമാക്കാതെ  നോക്കുകുത്തിയാവുന്നു. മെയ് 27ന് ആരോഗ്യമന്ത്രി  കെകെ ശൈലജ ഉദ്ഘാടനം ചെയ്തതാണ് വാര്‍ഡ്. കെട്ടിടത്തിന്റെ എല്ലാ പ്രവര്‍ത്തികളും പൂര്‍ത്തീകരിച്ചെങ്കിലും   വൈദ്യുതിയും മറ്റ് ഉപകരണങ്ങളും സജ്ജീകരിക്കാതെയാണ് മന്ത്രിയെ കൊണ്ട് ഉദ്ഘാടനം നടത്തിയത്. വൈദ്യുതിക്ക് അടയ്ക്കാന്‍ പണമില്ലെന്നും ബ്ലോക്ക് പഞ്ചായത്തിന്റെ ഫണ്ടിനായി കാത്തിരിക്കുകയാണെന്നുമാണ് ആശുപത്രി അധികൃതരുടെ വാദം. ആശുപത്രി മാനേജിങ് കമ്മിറ്റിയില്‍ ഇതിനാവശ്യമുള്ള സംഖ്യയുണ്ടെന്നിരിക്കെ കണക്ഷന് സംഖ്യ താല്‍കാലികമായി തരപ്പെടുത്തി വൈദ്യുതി ലഭ്യമാക്കാന്‍ സാധിക്കും. പ്രസവ വാര്‍ഡ് താലൂക്കാശുപത്രിയില്‍ ആദ്യമായി വരുന്നതല്ല. 1955 മുതല്‍ പ്രവര്‍ത്തിച്ചു വരുന്നതിനാല്‍ അതിനാവശ്യമായ എല്ലാ സംവിധാനവും നിലവില്‍ ആശുപത്രിയിലുണ്ട്. പുതിയ കെട്ടിടത്തിലേക്ക്  മാറുന്നതുവരെയും മാറ്റിയ ശേഷവും വാര്‍ഡ് പ്രവര്‍ത്തിച്ചു വരുന്നുണ്ട്. മാസത്തില്‍ 50 ഓളം പ്രസവങ്ങളും  നടക്കുന്നുണ്ട്.  നിലവിലെ കട്ടിലുകളും മറ്റു സംവിധാനങ്ങളും ഉപയോഗിച്ച് പുതിയ വാര്‍ഡ്  പ്രവര്‍ത്തിപ്പിക്കാവുന്നതാണ്. വയറിങ് ജോലികള്‍ പൂര്‍ത്തിയാക്കിയിട്ടുള്ളതിനാല്‍ വൈദ്യുതി കണക്ഷന്‍ മാത്രമാണ് ലഭ്യമാക്കേണ്ടത്. പനി ഉള്‍പ്പെടെയുള്ള രോഗങ്ങളാല്‍ നൂറ് കണക്കിന് ആളുകള്‍ ഇപ്പോഴും ചികില്‍സ തേടിയെത്തുന്ന സാഹചര്യത്തില്‍ മറ്റു വാര്‍ഡുകള്‍ പ്രസവവാര്‍ഡായി ഉപയോഗിച്ചു വരുന്നത് അത്തരം രോഗികള്‍ക്കും ദുരിതമായി മാറിയിരിക്കുകയാണ്. അതേ സമയം കെട്ടിടം തുറന്ന് പ്രവൃത്തിക്കാന്‍ വേണ്ട നടപടി സ്വീകരിക്കണമെന്നും അല്ലാത്ത പക്ഷം സമരപരിപാടികളുമായി മുന്നോട്ടു പോവാനും മണ്ഡലം കോണ്‍ഗ്രസ്് കമ്മിറ്റി യോഗം തീരുമാനിച്ചു. മണ്ഡലം പ്രസിഡന്റ് എം മുഹമ്മദ്കുട്ടി, കെ ഗോപിനാഥന്‍, എ അബ്ദുര്‍ റഹിമാന്‍,തൃപ്പാളൂര്‍ ശശി, എ ബഷീര്‍, എ അലാവുദ്ദീന്‍, കെ മധു, എ ചന്ദ്രന്‍, ആര്‍ രാധ , ജാഫര്‍  സംസാരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക