|    May 29 Mon, 2017 6:08 am
FLASH NEWS

നിര്‍മാണം പൂര്‍ത്തിയായ കുടുംബക്ഷേമ കേന്ദ്രം കാടുപിടിച്ച് നശിക്കുന്നു

Published : 18th October 2016 | Posted By: Abbasali tf

നല്ലേപ്പിള്ളി: ജില്ലയുടെ കിഴക്കന്‍മേഖലയില്‍ നാടിന്റെ ആരോഗ്യ മേഖലയ്ക്കു മുതല്‍ കൂട്ടായേക്കാവുന്ന കുടുംബ ക്ഷേമ കേന്ദ്രം പ്രവര്‍ത്തന യോഗ്യമാക്കാത്തതില്‍ വ്യാപക പ്രതിഷേധം. നല്ലേപ്പിള്ളി പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ആലാംകടവില്‍ പണികഴിപ്പിച്ച കുടുംബ ക്ഷേമ കേന്ദ്രമാണ് ജനത്തിന് ഒരു ഉപകാരവുമില്ലാതെ നിലകൊള്ളുന്നത്. നിര്‍മാണം പൂര്‍ണമായി കഴിഞ്ഞിട്ടും ഉദ്ഘാടനം നടത്താത്തതാണ് ഈ ആരോഗ്യകേന്ദ്രത്തിന്റെ ദുര്‍ഗതി. ജനത്തിന്റെ കുടുംബ ക്ഷേമത്തിനായി പണിത കേന്ദ്രം ഇപ്പോള്‍ കാടുപിടിച്ച നിലയിലാണ്. ആലാംകടവ് മേഖലയിലെ ജന നന്‍മയ്ക്കായി പണിത കേന്ദ്രം ഒന്നരവര്‍ഷം മുമ്പാണ് പൂര്‍ത്തിയായത്. എല്ലാപണികളും കഴിഞ്ഞ ഈ കേന്ദ്രത്തിന് അന്ന് വൈദ്യുതി ലഭിച്ചില്ലായിരുന്നു. വൈദ്യുതി ഇല്ലാത്തതിന്റെ പേരിലായിരുന്നു പണി പൂര്‍ത്തിയായിട്ടും ഇത് തുറന്നുകൊടുക്കാതിരുന്നത്. കുടുംബ ക്ഷേമ കേന്ദ്രം തുറക്കാനായി നാട്ടുകാര്‍ പ്രതിഷേധം ഉയര്‍ത്തിയപ്പോഴും വൈദ്യുതിയുടെ കാര്യം തന്നെയായിരുന്നു അധികൃതര്‍ക്ക് പറയാനുണ്ടായിരുന്നത്. എന്നാല്‍ കഴിഞ്ഞ മൂനു മാസം മുമ്പ് കേന്ദ്രത്തില്‍ വൈദ്യുതിയെത്തി. ഇതേത്തുടര്‍ന്ന് കേന്ദ്രം പ്രവര്‍ത്തിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ വീണ്ടും അധികൃതരെ സമീപിച്ചു. അപ്പോള്‍ ഉടന്‍ പ്രവര്‍ത്തിക്കുമെന്ന് അധികൃതര്‍  ഉറപ്പു നല്‍കിയെങ്കിലും   വൈദ്യുതി ലഭിച്ച് മാസങ്ങള്‍ കഴിഞ്ഞിട്ടും പ്രവര്‍ത്തന കാര്യത്തില്‍ തുടര്‍നടപടികള്‍ ഉണ്ടായില്ല. ഈ കേന്ദ്രം പ്രവര്‍ത്തിപ്പിക്കാതിരിക്കാനുള്ള ശ്രമങ്ങളാണ് അണിയറയില്‍ നടന്നുവരുന്നതെന്നാണ് നാട്ടുകാരുടെ പരാതി.     ഇനി ഈ കേന്ദ്രം പ്രവര്‍ത്തിക്കില്ലെന്നതിന്റെ തെളിവുകളാണ് ആലാംകടവിലെ കുടുംബക്ഷേമ കേന്ദ്രം നല്‍കുന്നത്. ചുറ്റും കാടു വളര്‍ന്നു നില്‍ക്കുന്ന കെട്ടിടം ഇഴ ജന്തുക്കളുടെ വിഹാര കേന്ദ്രമായി മാറി കഴിഞ്ഞു.  സംസ്ഥാന സര്‍ക്കാരിന്റെ ഖജനാവില്‍ നിന്നും ലക്ഷങ്ങള്‍ ചിലവഴിച്ചു പണിതിട്ടുള്ള ഈ ആരോഗ്യ കേന്ദ്രം പ്രവര്‍ത്തനം തുടങ്ങിയിരുന്നുവെങ്കില്‍ ആലാംകടവ് മേഖലയിലെ ആയിര കണക്കിന് ജനങ്ങള്‍ക്ക് വലിയ ആശ്വാസമാകുമായിരുന്നു. ഇവിടുത്തുകാര്‍ നിലവില്‍ കിലോ മീറ്ററുകള്‍ അകലെയുള്ള  ചിറ്റൂര്‍ താലൂക്ക് ആശുപത്രിയെയാണ് ചികില്‍സയ്ക്കായി ആശ്രയിക്കുന്നത്്.  ഇവിടെയാണെങ്കില്‍ എന്നും തിരക്കാണ്്്. ഈ സാഹചര്യത്തില്‍ ജനത്തിന് ഉപകാരമാവുന്ന കേന്ദ്രം പ്രവര്‍ത്തിക്കാത്തതിനു പിന്നില്‍ നീതികരണമില്ലെന്നാണ് ആക്ഷേപം. ഇക്കാര്യത്തില്‍ രാഷ്്ട്രീയ നേതൃത്വത്തിന്റെയും സ്ഥലം എംഎല്‍എയുടെയും നിലപാട് അറിയാന്‍ കാത്തിരിക്കുകയാണ് ആലാംകടവിലെ ജനങ്ങള്‍.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day