|    Jul 19 Thu, 2018 11:11 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

നിര്‍മല്‍ കൃഷ്ണ തട്ടിപ്പ് : ഐജി എസ് ശ്രീജിത്ത് അന്വേഷിക്കും

Published : 18th September 2017 | Posted By: fsq

 

തിരുവനന്തപുരം:  നിര്‍മല്‍ കൃഷ്ണ ധനകാര്യ സ്ഥാപനത്തിലെ നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട പരാതികള്‍ ക്രൈംബ്രാഞ്ച് ഐജി എസ് ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷിക്കും.ഇതു സംബന്ധിച്ച് സംസ്ഥാന പോലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ഉത്തരവ് പുറപ്പെടുവിച്ചു. തലസ്ഥാനത്തെ അറിയപ്പെടുന്ന വ്യവസായിയായ നിര്‍മല്‍ കൃഷ്ണന്‍ മേധാവിയായ നിര്‍മല്‍ ചിട്ടിക്കമ്പനിവഴിയാണ് ആയിരംകോടിയുടെ തട്ടിപ്പ് നടന്നത്.  കേരള-തമിഴ്‌നാട് അതിര്‍ത്തിയില്‍ 50 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണിത്. നിര്‍മല്‍ കൃഷ്ണന്‍ ഇപ്പോള്‍ ഒളിവിലാണ്. കേസില്‍ രണ്ട് ഡയറക്ടര്‍മാരെ തമിഴ്‌നാട് ക്യൂ ബ്രാഞ്ച്  കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു. കമ്പനിയിലെ രണ്ട് ജീവനക്കാരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നിലവില്‍ തമിഴ്‌നാട് പോലിസ് ആണ് കേസ് അന്വേഷിക്കുന്നത്. കുഴിത്തുറ ഇടയ്കുളം സ്വദേശി അനില്‍കുമാര്‍ നായര്‍, മൂവോട്ടുകോണം പളുകല്‍ മത്തംപള്ളില്‍ സ്വദേശി അനില്‍കുമാര്‍ എന്നിവരാണ് അറസ്റ്റിലായത്.  അതേസമയം, നിക്ഷേപ തട്ടിപ്പ് കേസ് സംഭവം അര്‍ഹിക്കുന്ന അതീവ ഗൗരവത്തോടെ കൈകാര്യം ചെയ്യണമെന്ന് അഭ്യര്‍ഥിച്ച് വി എം സുധീരന്‍ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. കോടികളുടെ നിക്ഷേപ തട്ടിപ്പിന് ഇരയായവരില്‍ മഹാഭൂരിപക്ഷവും കേരളത്തിലുള്ളവരായിട്ടും വേണ്ടത്ര ഗൗരവത്തോടെ സര്‍ക്കാര്‍ ഈ പ്രശ്‌നം കൈകാര്യം ചെയ്യുന്നില്ലെന്ന പരാതിയുണ്ട്. തട്ടിപ്പിനുത്തരവാദികളായ സ്ഥാപന ഉടമകളെ മുഴുവനായി നിയമത്തിന്റെ പിടിയില്‍ കൊണ്ടുവരുന്നതിന് ഐജി റാങ്കിലുള്ള ഉയര്‍ന്ന ഉദ്യോഗസ്ഥന്റെ ചുമതലയില്‍ ഒരു പ്രത്യേക അന്വേഷണ സംഘത്തെ തന്നെ നിയോഗിക്കേണ്ടത് ആവശ്യമാണ്. തട്ടിപ്പുകാരായ ഉടമകളുടെ സ്വത്ത് കണ്ടുകെട്ടാനും വഞ്ചിക്കപ്പെട്ട നിക്ഷേപകര്‍ക്ക് യാതൊരു നഷ്ടവും വരാതെ നിക്ഷേപത്തുക പൂര്‍ണമായി ലഭ്യമാക്കാനും വേണ്ട നടപടികള്‍ ഉടനെ ഉണ്ടാവണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി തലത്തില്‍ തന്നെ തമിഴ്‌നാട് സര്‍ക്കാരുമായി ബന്ധപ്പെട്ട് ഇക്കാര്യത്തില്‍ ഉചിതമായ സര്‍വനടപടികളും ഊര്‍ജിതപ്പെടുത്തി മുന്നോട്ട് പോവണമെന്നും സുധീരന്‍ അഭ്യര്‍ഥിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss