|    Oct 16 Tue, 2018 2:20 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

നിര്‍മല്‍ കൃഷ്ണ ചിട്ടി തട്ടിപ്പ് : റിസീവറെ ഇന്നു നിയമിക്കും

Published : 26th September 2017 | Posted By: fsq

 

തിരുവനന്തപുരം: നിര്‍മല്‍ കൃഷ്ണ ചിട്ടി തട്ടിപ്പു കേസുമായി ബന്ധപ്പെട്ടു കേസിന്റെ മേല്‍നോട്ടം നടത്താന്‍ റിസീവറെ നിയമിക്കണമെന്ന കമ്പനി ഉടമ കെ നിര്‍മലന്റെ ആവശ്യം കോടതി പരിഗണിച്ചു. തിരുവനന്തപുരം ബാര്‍ അസോസിയേഷന്‍ സെക്രട്ടറിയോട് നാലു മുതിര്‍ന്ന അഭിഭാഷകരുടെ ലിസ്റ്റ് നല്‍കാന്‍ കോടതി നിര്‍ദേശിച്ചു. തിരുവനന്തപുരം സബ് കോടതി ജഡ്ജി ടി ജി വര്‍ഗീസിന്റേതാണു നടപടി. ബാര്‍ അസോസിയേഷന്‍ സമര്‍പ്പിക്കുന്ന ലിസ്റ്റില്‍ നിന്ന് ഇന്നു കോടതി റിസീവറെ നിയമിക്കും. നിര്‍മലിനെ പോലെ സ്വാധീനമുള്ള ഒരു വ്യക്തിക്കു റിസീവറെ സ്വാധീനിക്കാന്‍ കഴിയുമെന്നു കാട്ടി എതിര്‍കക്ഷികള്‍ വാദിച്ചെങ്കിലും ബാര്‍ അസോസിയേഷനോട് ലിസ്റ്റ് നല്‍കാന്‍ കോടതി ആവശ്യപ്പെടുകയായിരുന്നു. നിര്‍മല്‍ കൃഷ്ണ കമ്പനി ഉടമ കെ നിര്‍മലനെ പാപ്പരാക്കണമെന്ന ഹരജി പരിഗണിക്കവേയാണു കോടതിയുടെ നിര്‍ദേശം. നേരത്തെ പാപ്പര്‍ ഹരജി നല്‍കിയ സമയത്ത് 16 പേരെ എതിര്‍കക്ഷികളാക്കിയിരുന്നു. ഇതിനു ശേഷം 20 പേരടങ്ങുന്ന നിക്ഷേപകരും ഹരജി നല്‍കിയിരുന്നു. ഇത്തരം കേസുകളില്‍ സാധാരണ കോടതി റിസീവറെ നിയമിക്കുകയാണു പതിവ്. എന്നാല്‍ റിസീവറെ വിശ്വസിക്കാന്‍ സാധിക്കുകയില്ല എന്ന എതിര്‍കക്ഷികളുടെ കാഴ്ചപ്പാടില്‍ കോടതി ഇന്നു സ്വീകരിക്കുന്ന നിലപാട് നിര്‍ണായകമാണ്. തനിക്ക് ആകെ 91.51 കോടി രൂപയുടെ ആസ്തി മാത്രമാണ് ഉള്ളതെന്നു കെ നിര്‍മല്‍ കോടതിയില്‍ ഹാജരാക്കിയ പാപ്പര്‍ ഹരജിയില്‍ പറഞ്ഞിരുന്നു. ഇതു കൂടാതെ 70 വസ്തുക്കളുടെ വിവരങ്ങളും ഹാജരാക്കിയിട്ടുണ്ട്. ഇവയ്ക്കു ബാധ്യതകളില്ലെന്നും നിര്‍മല്‍ കൃഷ്ണ ചിറ്റ്‌സില്‍ 800 ഓഹരികളിലായി എട്ടുലക്ഷം രൂപയുടെ നിക്ഷേപമുണ്ടെന്നും ഹരജിയില്‍ സൂചിപ്പിച്ചിരുന്നു. പള്ളക്കല്‍ കൃഷ്ണ ചിറ്റ്‌സില്‍ 1000 ഓഹരികളിലായി 10 ലക്ഷം രൂപയും കന്യാകുമാരി എക്‌സ്‌പോര്‍ട്ടില്‍ 34.4 ലക്ഷം ഓഹരികളും നിര്‍മല്‍ കൃഷ്ണ ബെനിഫിറ്റ് ഫണ്ടില്‍ 1.6 ലക്ഷം ഓഹരികളും സ്വന്തമായി ഉള്ളതായും ഹരജിയില്‍ പറയുന്നു. ഹരജി കോടതി ഇന്നു വീണ്ടും പരിഗണിക്കും. അതേസമയം, തട്ടിപ്പിന്റെ വ്യാപ്തി കേരളം, തമിഴ്‌നാട് സംസ്ഥാനങ്ങളിലായി വ്യാപിച്ചുകിടക്കുന്നതിനാല്‍ സിബിഐ അന്വേഷണത്തിനു നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമിക്ക് കത്തയച്ചു. നേരത്തെ കേരള മുഖ്യമന്ത്രിക്കും സിബിഐ അന്വേഷണമാവശ്യപ്പെട്ട് ചെന്നിത്തല കത്ത് നല്‍കിയിരുന്നു. കന്യാകുമാരി ജില്ലയിലെ പാലുക്കലില്‍ രജിസ്‌ട്രേഡ് ഓഫിസുള്ള നിര്‍മല്‍ കൃഷ്ണ ചിട്ടി ഫണ്ടുകാര്‍ തിരുവനന്തപുരം ജില്ലയിലെ അതിര്‍ത്തിപ്രദേശത്തെ 13000ത്തോളം ആളുകളെ തട്ടിപ്പിനിരയാക്കിയെന്നാണ് ഇതിനകം വ്യക്തമായിട്ടുള്ളതെന്നു തമിഴ്‌നാട് മുഖ്യമന്ത്രിക്കയച്ച കത്തില്‍ ചെന്നിത്തല ചൂണ്ടിക്കാട്ടി. കേരള പോലിസ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ 2000 കോടി രൂപയുടെ തട്ടിപ്പ് നടന്നുവെന്നാണു വ്യക്തമാവുന്നതെന്നും ചെന്നിത്തല കത്തില്‍ ചൂണ്ടിക്കാട്ടി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss