|    Jul 16 Mon, 2018 2:33 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

നിര്‍മല്‍ കൃഷ്ണ ചിട്ടിക്കമ്പനി തട്ടിപ്പിനെതിരേ നടപടി : സഹകരിക്കുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി

Published : 22nd September 2017 | Posted By: fsq

 

തിരുവനന്തപുരം: തമിഴ്‌നാട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന നിര്‍മല്‍ കൃഷ്ണ ചിട്ടിക്കമ്പനി തട്ടിപ്പിനെതിരേ അടിയന്തര നടപടിയെടുക്കുമെന്നു തമിഴ്‌നാട് മുഖ്യമന്ത്രി കെ പളനിസ്വാമി മുഖ്യമന്ത്രി പിണറായി വിജയന് ഉറപ്പുനല്‍കി. പോലിസിന് ഇതിനാവശ്യമായ നിര്‍ദേശം ഉടനെ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ചെന്നൈയില്‍ മുഖ്യമന്ത്രിയുടെ ഓഫിസിലായിരുന്നു പളനിസ്വാമിയുമായുള്ള കൂടിക്കാഴ്ച. ചിട്ടിക്കമ്പനി തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ലയിലാണെങ്കിലും കേരളത്തിന്റെ അതിര്‍ത്തി ഗ്രാമങ്ങളിലെ സാധാരണക്കാരാണു നിക്ഷേപകരില്‍ അധികവും. മക്കളുടെ വിവാഹം, പഠനം, ചികില്‍സ, വീട് നിര്‍മാണം മുതലായ ആവശ്യങ്ങള്‍ മുന്നില്‍ക്കണ്ടു ചെറിയ സമ്പാദ്യമുണ്ടാക്കാന്‍ ശ്രമിച്ച ആയിരക്കണക്കിന് ആളുകളാണ് വഞ്ചിക്കപ്പെട്ടതെന്ന് അദ്ദേഹത്തോടു പറഞ്ഞതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. 20000ത്തോളം നിക്ഷേപകരില്‍ നിന്നു 2000ത്തോളം കോടി രൂപ നിര്‍മല്‍ കൃഷ്ണ പിരിച്ചെടുത്തിട്ടുണ്ടെന്നാണു പരാതി. സംഭവം നടന്നതു കന്യാകുമാരി ജില്ലയിലായതിനാല്‍ കേരള പോലിസിന് പരിമിതിയുണ്ട്. അതിനാല്‍ കന്യാകുമാരിയില്‍ രജിസ്റ്റര്‍ ചെയ്ത കേസിന്റെ അടിസ്ഥാനത്തില്‍ സംയുക്ത അന്വേഷണം നടത്തണമെന്നു മുഖ്യമന്ത്രി ആവശ്യപ്പെട്ടു. കേരള പോലിസ് ശേഖരിച്ച  തെളിവുകള്‍ കന്യാകുമാരിയിലെ കേസിന്റെ ഭാഗമാക്കണം.അന്വേഷണത്തില്‍ തമിഴ്‌നാട് പോലിസിനെ സഹായിക്കാന്‍ കേരള പോലിസിന് കഴിയും. അന്വേഷണം കാര്യക്ഷമമാക്കുന്നതിന് ഇരു സംസ്ഥാനങ്ങളിലെയും ഉയര്‍ന്ന പോലിസ് അധികാരികള്‍ തമ്മിലുള്ള ഏകോപനം സര്‍ക്കാര്‍ തലത്തില്‍ നടത്തണമെന്നും നിര്‍ദേശിച്ചു. ഇക്കാര്യങ്ങളെല്ലാം പരിഗണിച്ച് തമിഴ്‌നാട് പോലിസിന്  നിര്‍ദേശം നല്‍കുമെന്ന് പളനിസ്വാമി ഉറപ്പുനല്‍കിയെന്നും പിണറായി വിജയന്‍ പറഞ്ഞു.കൂടിക്കാഴ്ചയില്‍ ഇരു സംസ്ഥാനങ്ങളും തമ്മില്‍ നദീജലം പങ്കിടുന്നതു സംബന്ധിച്ച പ്രശ്‌നങ്ങളും ഉന്നയിച്ചു. പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും സംസ്ഥാനങ്ങള്‍ തമ്മില്‍ നല്ലബന്ധം മുമ്പോട്ടു കൊണ്ടുപോവുന്നതിനും ചീഫ് സെക്രട്ടറിമാരുടെ തലത്തില്‍ ചര്‍ച്ച നടത്താമെന്നു ധാരണയായി. പിന്നീട് ആവശ്യമാണെങ്കില്‍ മുഖ്യമന്ത്രി തലത്തിലും ചര്‍ച്ച നടത്തും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss