|    Jan 21 Sat, 2017 9:02 pm
FLASH NEWS

നിര്‍ബന്ധിത വോട്ട് അപ്രായോഗികം: തിരഞ്ഞെടുപ്പ് കമ്മീഷന്‍

Published : 20th October 2016 | Posted By: SMR

ന്യൂഡല്‍ഹി: വോട്ട് ചെയ്യല്‍ നിര്‍ബന്ധമാക്കണമെന്ന ആവശ്യം നടപ്പാക്കുന്നത് പ്രായോഗികമല്ലെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ നസീം സെയ്ദി. വോട്ടര്‍മാര്‍ക്കുള്ള ബോധവല്‍ക്കരണ പരിപാടിയുടെ അന്താരാഷ്ട്ര സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചില രാഷ്ട്രങ്ങളിലുള്ളതുപോലെ വോട്ട് ചെയ്യുന്നത് നിര്‍ബന്ധമാക്കണമെന്ന് ചര്‍ച്ചകള്‍ നടന്നിരുന്നു. അത് പ്രായോഗികമല്ലെന്നാണ് കമ്മീഷന്‍ കണ്ടെത്തിയത്. എന്നാല്‍, ഇതുസംബന്ധിച്ച് വാദങ്ങള്‍ കേള്‍ക്കാന്‍ തയ്യാറാണ്-സെയ്ദി പറഞ്ഞു.
കഴിഞ്ഞ ഫെബ്രുവരിയില്‍ ഈ നിര്‍ദേശം ലോക്‌സഭയും തള്ളിയിരുന്നു. ഇത് സംബന്ധിച്ച് ലോക്‌സഭയില്‍ അവതരിപ്പിച്ച സ്വകാര്യ ബില്ലിനുള്ള മറുപടിയില്‍ കേന്ദ്ര നിയമമന്ത്രി സദാനന്ദ ഗൗഡ പറഞ്ഞത് ബില്ലവതരിപ്പിച്ച അംഗങ്ങളുടെ ഉദ്ദേശ്യം നല്ലതാണെങ്കിലും സര്‍ക്കാരിനത് നടപ്പിലാക്കാന്‍ കഴിയില്ലെന്നാണ്. വോട്ട് ചെയ്യാത്തവരെ ശിക്ഷിക്കാനും സാധിക്കില്ല. നിയമകമ്മീഷന്‍ സര്‍ക്കാരിന് സമര്‍പ്പിച്ച റിപോര്‍ട്ടിലും ഇത് പ്രായോഗികമല്ലെന്നാണ് സൂചിപ്പിച്ചത്.
ലോക്‌സഭാ-നിയമസഭാ തിരഞ്ഞെടുപ്പുകള്‍ ഒന്നിച്ച് നടത്തുന്നതുസംബന്ധിച്ച വിഷയം പാര്‍ലമെന്ററി സമിതിക്കും നിയമമന്ത്രാലയത്തിനും കൈമാറിയിട്ടുണ്ട്. എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളും ഐകകണ്‌ഠ്യേന അംഗീകരിച്ചാല്‍ ഇതിനായി ഭരണഘടന ഭേദഗതി ചെയ്യാവുന്നതാണ്. കൂടുതല്‍ വോട്ടിങ് യന്ത്രങ്ങള്‍ വാങ്ങണമെന്ന് സര്‍ക്കാരിനോടാവശ്യപ്പെട്ടിരുന്നെന്നും അദ്ദേഹം പറഞ്ഞു. നിയമമന്ത്രാലയം കഴിഞ്ഞ മെയില്‍ ഈ ആവശ്യം അംഗീകരിച്ചിരുന്നു. എന്നാല്‍, 9,000 കോടി രൂപയാണ് ഇതിനുള്ള ചെലവെന്നാണ് മന്ത്രാലയം അറിയിച്ചത്.
അഞ്ച് സംസ്ഥാനങ്ങളില്‍ അടുത്ത വര്‍ഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രഖ്യാപനം സുരക്ഷാ സംവിധാനവും ക്രമസമാധാന നിലയും പരിശോധിച്ച ശേഷം ഉണ്ടാവും. കാലാവസ്ഥയും പരീക്ഷാകാലവും തിയ്യതി നിശ്ചയിക്കുന്നതിനു മുമ്പ് പരിഗണിക്കുമെന്നും അദ്ദേഹം അറിയിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 7 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക