|    Jan 17 Tue, 2017 10:31 am
FLASH NEWS

നിര്‍ബന്ധിത മതംമാറ്റവും മുസ്‌ലിംകളും

Published : 30th August 2016 | Posted By: SMR

റഹ്മാന്‍ മധുരക്കുഴി

മതപരിവര്‍ത്തനം ഒരിക്കല്‍ കൂടി വിവാദം സൃഷ്ടിക്കുകയാണല്ലോ. മുന്‍കാലങ്ങളില്‍ രാജ്യത്തിന്റെ മറ്റു ചില സംസ്ഥാനങ്ങളിലായിരുന്നുവെങ്കില്‍ ഇപ്പോള്‍ ഇതു കേരളത്തിലാണ് വാര്‍ത്തകള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. ഇവിടെ നിന്നു കാണാതായ ചിലര്‍ ചിലരെ മതം മാറ്റി അവരെ തീവ്രവാദ പ്രസ്ഥാനമായ ഐഎസിലേക്ക് റിക്രൂട്ട് ചെയ്തുകൊണ്ടിരിക്കുന്നുവെന്ന് പ്രചാരണം നടക്കുന്നു.
മതംമാറ്റത്തെ സംബന്ധിച്ചിടത്തോളം സ്വമേധയായുള്ള മാറ്റത്തെയാണ് നിര്‍ബന്ധിത മതംമാറ്റമായി ചിത്രീകരിക്കപ്പെടുന്നത് എന്നാണ് മനസ്സിലാവുന്നത്. അപര്‍ണ ആയിഷ എന്ന പെണ്‍കുട്ടി, തന്നെ ആരും നിര്‍ബന്ധിച്ചിട്ടല്ല മതം മാറിയതെന്ന് അസന്ദിഗ്ധമായി പ്രഖ്യാപിച്ച സംഭവം, നിര്‍ബന്ധിത മതംമാറ്റ ആരോപണത്തിലെ ഉള്ളുകള്ളിയാണ് അനാവരണം ചെയ്തിരിക്കുന്നത്. ഇനി ആരെങ്കിലും മതംമാറ്റത്തിന് വ്യക്തികളെ നിര്‍ബന്ധിച്ചിട്ടുണ്ടെങ്കില്‍ അത്തരം ചെയ്തികള്‍ മതം കര്‍ശനമായി വിലക്കിയതാണെന്നതാണ് യാഥാര്‍ഥ്യം.
‘മതത്തില്‍ യാതൊരു നിര്‍ബന്ധവുമില്ല. ഇഷ്ടമുള്ളവന്‍ സ്വീകരിക്കട്ടെ, അല്ലാത്തവന്‍ നിരാകരിച്ചുകൊള്ളട്ടെ’ എന്ന് വിശുദ്ധ ഖുര്‍ആനും ‘എനിക്ക് എന്റെ മതം, നിനക്ക് നിന്റെയും’ എന്നു പ്രവാചകനും അസന്ദിഗ്ധമായി പ്രഖ്യാപിച്ചിരിക്കുന്നു. ‘പ്രവാചകന്റെ അനുയായികളുടെ ഭരണത്തിനു കീഴില്‍ അവിശ്വാസികള്‍ക്കും വ്യത്യസ്ത ആചാരരീതികള്‍ പിന്തുടര്‍ന്നുപോന്നവര്‍ക്കും അന്യമതങ്ങള്‍ക്കും പ്രവര്‍ത്തനസ്വാതന്ത്ര്യം അനുവദിച്ചു’വെന്ന് ‘ഇസ്‌ലാമിന്റെ ചരിത്രപരമായ പങ്ക്’ എന്ന ഗ്രന്ഥത്തില്‍ എം എന്‍ റോയി വ്യക്തമാക്കിയിട്ടുണ്ട്.
ആളുകള്‍ ഇസ്‌ലാമിലേക്കു മതം മാറിയത് നിര്‍ബന്ധത്തിനു വിധേയമായാണ് എന്ന പ്രചാരണം സ്വാമി വിവേകാനന്ദന്‍ നിഷേധിക്കുന്നത് നോക്കൂ: ‘മുഹമ്മദീയര്‍ ഭാരതീയരെ കീഴടക്കിയത് അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കും പാവങ്ങള്‍ക്കും ഒരു മോചനമായിട്ടാണ് അനുഭവപ്പെട്ടത്. അങ്ങനെയാണ് നമ്മുടെ ആളുകളില്‍ അഞ്ചിലൊന്ന് മുഹമ്മദീയരായത്. വെറും വാളല്ല അതു മുഴുവന്‍ നേടിയത്.’ (വിവേകാനന്ദ സാഹിത്യ സര്‍വസ്വം, ഭാഗം 3, പുറം 186, 187).
മലബാര്‍ കലാപവേളയില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നടന്നുവെന്ന പ്രചാരണം നടക്കുകയുണ്ടായി. സമര നായകനായിരുന്ന വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി പറയുന്നതിങ്ങനെ: ‘ഹിന്ദുക്കളെ എന്റെ ആളുകള്‍ ബലമായി മതപരിവര്‍ത്തനം ചെയ്യിച്ചുവെന്ന റിപോര്‍ട്ടുകള്‍ തീര്‍ത്തും അസത്യമാണെന്നു ഞാന്‍ സ്ഥിരീകരിക്കുന്നു. അത്തരം മതപരിവര്‍ത്തനങ്ങള്‍ ചെയ്യിച്ചത് കലാപകാരികള്‍ക്കിടയില്‍ നുഴഞ്ഞുകയറി കലാപകാരികളായി നടിച്ച സര്‍ക്കാരിന്റെ ആളുകളും മഫ്തിയിലുള്ള റിസര്‍വ് പോലിസുകാരുമാണ്. എന്നുതന്നെയല്ല, ചില ഹിന്ദു സഹോദരന്‍മാര്‍ പട്ടാളത്തെ സഹായിച്ചുകൊണ്ട്, പട്ടാളത്തില്‍ നിന്ന് ഒളിച്ചുകഴിയുകയായിരുന്ന നിരപരാധികളായ മാപ്പിളമാരെ സൈന്യത്തിനു പിടിച്ചുകൊടുത്തതുകൊണ്ട് കുറച്ചു ഹിന്ദുക്കള്‍ക്കു ചില പ്രയാസങ്ങള്‍ അനുഭവിക്കേണ്ടിവന്നിട്ടുണ്ട്’ (ദ ഹിന്ദു, 18-10-1921).
ഒരു മതം പുതുതായി സ്വീകരിക്കുന്നത് ഏതെങ്കിലും വൈകാരികമോ സാഹചര്യപരമോ ആയ സമ്മര്‍ദങ്ങള്‍ കൊണ്ടു മാത്രമാണെങ്കില്‍, പുതുവിശ്വാസത്തെക്കുറിച്ചുള്ള അറിവില്‍ നിന്നുണ്ടാവുന്ന ദൃഢനിശ്ചയം അതിനു പിന്നിലില്ലെങ്കില്‍, അത് യഥാര്‍ഥ പരിവര്‍ത്തനമായി കാണുന്നതില്‍ അര്‍ഥമില്ല. ഈ യാഥാര്‍ഥ്യം അക്ഷരാര്‍ഥത്തില്‍ ഉള്‍ക്കൊണ്ടും മതവിരുദ്ധമായ നിര്‍ബന്ധിത മതപരിവര്‍ത്തനത്തെ ശക്തമായി നിരാകരിച്ചുകൊണ്ടുമുള്ള നിലപാടായിരുന്നു 1921ലെ സ്വാതന്ത്ര്യസമര പോരാളി നായകനായിരുന്ന വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടേതെന്ന് താഴെ കുറിക്കുന്ന സംഭവം നമ്മെ തെര്യപ്പെടുത്തുന്നു:
‘1921ലെ മലബാര്‍ കലാപകാലം. കുഞ്ഞഹമ്മദ് ഹാജി അരീക്കോട്ടുള്ള ഒരു കലാപകേന്ദ്രത്തിലെത്തി. അവിടെ കുറച്ച് ഹിന്ദുക്കള്‍ ഇരിക്കുന്നതു കണ്ട് അവര്‍ എന്തു ചെയ്യുകയാണെന്ന് ഹാജി അന്വേഷിച്ചു. അവരൊക്കെ മതം മാറാന്‍ വന്നതാണെന്ന് ആ കേന്ദ്രത്തിലുള്ളവര്‍ പറഞ്ഞു. സ്വമനസ്സാലെ മതംമാറാന്‍ വന്നതാണോ എന്ന് ഹാജി അവരോട് ചോദിച്ചു. അതെ എന്നായിരുന്നു മറുപടി. പക്ഷേ, അവരതു പറഞ്ഞത് ഭയന്നുവിറച്ചുകൊണ്ടാണെന്നു തോന്നിയതുകൊണ്ടാവണം ഹാജി അവരോടെല്ലാം സ്ഥലം വിടാന്‍ പറഞ്ഞു. അതൊക്കെ നമുക്ക് സാവകാശത്തില്‍ ആലോചിക്കാം എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം’ (എ ഹിസ്റ്ററി ഓഫ് ദ മലബാര്‍ റെബലിയന്‍ 1921, മദിരാശി, 1925, പുറം 187).
ചരിത്രത്തില്‍ ഏറിയകൂറും മതംമാറ്റം നടന്നത് സാമ്പത്തിക കാരണങ്ങളാലായിരുന്നില്ല, മാനംമര്യാദയോടെ ജീവിക്കുക എന്ന മൗലികാവകാശത്തിനു വേണ്ടിയായിരുന്നു. ഡോ. അംബേദ്കര്‍ അനുയായികള്‍ക്കൊപ്പം ഹിന്ദുമതം ഉപേക്ഷിച്ചതിന്റെ പ്രേരകവും മറ്റൊന്നായിരുന്നില്ല. ലോകത്തും രാജ്യത്തിന്റെ പല ഭാഗത്തും നടന്നുകൊണ്ടിരിക്കുന്ന മതംമാറ്റത്തിന്റെ പ്രേരകവും സമൂഹത്തില്‍ നിന്ന് അനുഭവിക്കേണ്ടിവരുന്ന ജാതീയവും വംശീയവുമായ ക്രൂരവിവേചനമല്ലാതെ മറ്റൊന്നല്ല.
സിപിഐയുടെ ഉന്നത നേതാവായിരുന്ന എന്‍ ഇ ബാലറാം ഈ യാഥാര്‍ഥ്യത്തിലേക്കു വെളിച്ചം വീശുന്നതിങ്ങനെ: ‘ഹിന്ദു സമുദായത്തിലെ താണ ജാതിക്കാര്‍ എന്നു കരുതുന്നവരാണ് ലക്ഷക്കണക്കിനു മതം മാറിയത്. മുക്കുവരും നാടാര്‍മാരും പുലയരും മറ്റു താണവരായി കരുതപ്പെട്ടവരും കൂട്ടമായി മതംമാറിയത് യാതൊരു പ്രലോഭനമോ നിര്‍ബന്ധമോ കൊണ്ടല്ല. മാറു മറയ്ക്കാനും സ്വര്‍ണാഭരണം ധരിക്കാനും വിദ്യാലയത്തില്‍ ചേര്‍ന്നു പഠിക്കാനും റോഡിലൂടെ നടക്കാനും ചായപ്പീടികയിലിരുന്നു ചായ കുടിക്കാനും തമ്പ്രാന്‍, അടിയന്‍ എന്നു തുടങ്ങുന്ന നീചഭാഷ ഉപേക്ഷിക്കാനുമുള്ള സ്വാതന്ത്ര്യത്തിനു വേണ്ടിയാണ് കേരളത്തില്‍ മതംമാറ്റങ്ങള്‍ നടന്നത്’ (എന്‍ ഇ ബാലറാം, കലാകൗമുദി, ജൂണ്‍ 20, 1993).
രാജ്യത്ത് ഇന്ന് ഒരു വിഭാഗം ദലിതര്‍ മതം മാറുന്നത് പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സമൂഹത്തിന്റെ പ്രതീകാത്മകമായ പ്രവര്‍ത്തനമായോ പ്രതിഷേധമായോ ആണ്. കഴിഞ്ഞ നാലു ദശകമായി കറുത്ത വംശക്കാരായ രണ്ടു മില്യന്‍ അമേരിക്കന്‍ ക്രിസ്ത്യാനികള്‍ ഇസ്‌ലാം സ്വീകരിച്ചതും നീതിനിഷേധത്തിന്റെ ഫലമായാണ്. അമേരിക്കന്‍ സമൂഹത്തില്‍ കറുത്തവര്‍ അനുഭവിക്കുന്ന പീഡനങ്ങളോടും അനീതികളോടുമുള്ള പ്രതിഷേധമായിരുന്നു പ്രേരകം. ഇസ്‌ലാമോഫോബിയയുടെയും ഭീകരവിരുദ്ധ യുദ്ധത്തിന്റെയും കാലഘട്ടത്തിലും ഇസ്‌ലാമിലേക്കുള്ള മതംമാറ്റം നടന്നുകൊണ്ടിരിക്കുന്നു.
ദലിതര്‍ക്ക് ക്ഷേത്രപ്രവേശനം നിഷിദ്ധം. പൊതുശ്മശാനത്തില്‍ ശവസംസ്‌കാരം അസാധ്യം. പൊതുകിണറ്റില്‍ നിന്നു കുടിവെള്ളം എടുക്കാനാവില്ല. പൊതുനിരത്തിലൂടെ നടക്കാന്‍ പോലും പാടില്ല!  ഈ വിധത്തിലുള്ള മനുഷ്യത്വരഹിതവും ക്രൂരവുമായ സവര്‍ണചെയ്തികള്‍ മൂലം മനുഷ്യമക്കള്‍ക്ക് ജീവിതം ദുസ്സഹമായിത്തീരുന്ന ഒരു സാമൂഹിക പശ്ചാത്തലത്തില്‍ അവര്‍ വഴിമാറി സഞ്ചരിക്കാന്‍ നിര്‍ബന്ധിതരായില്ലെങ്കിലേ അതിശയമുള്ളൂ.
സ്വാഭാവിക മതംമാറ്റങ്ങളെ നിര്‍ബന്ധിത മാറ്റങ്ങളായി ചിത്രീകരിച്ച് ബഹളംവയ്ക്കുകയും മതംമാറ്റം നിരോധിക്കണമെന്നു ശഠിക്കുകയും ചെയ്യുന്നവര്‍ മൗലികാവകാശത്തിനു നേരെയാണ് ത്രിശൂലമേന്തുന്നത്. മതംമാറ്റത്തിന്റെ അടിസ്ഥാനപ്രേരകം എന്തെന്നു തിരിച്ചറിഞ്ഞു പ്രശ്‌നത്തിനു മൗലികമായ പരിഹാരം പ്രയോഗവല്‍ക്കരിക്കലാണ് വിവേകത്തിന്റെ വഴി. തങ്ങളെപ്പോലെ മജ്ജയും മാംസവും പ്രതീക്ഷയും സ്വപ്‌നങ്ങളുമുള്ള മനുഷ്യമക്കളെ മനുഷ്യരായി അംഗീകരിച്ച് അവരോട് മനുഷ്യത്വപരമായി പെരുമാറാന്‍ സന്നദ്ധമാവാത്ത കാലത്തോളം മനുഷ്യത്വം തേടിയുള്ള മനുഷ്യമക്കളുടെ കൂടുമാറ്റം തടയാന്‍ ഫാഷിസത്തിന്റെ ത്രിശൂലവാഹകര്‍ക്ക് സാധ്യമല്ലതന്നെ.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 141 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക