|    Oct 23 Tue, 2018 8:36 am
FLASH NEWS

നിര്‍ധന രോഗികള്‍ക്ക് സൗജന്യ ചികില്‍സ ഉറപ്പാക്കാന്‍ നടപടി

Published : 29th October 2017 | Posted By: fsq

 

ആലപ്പുഴ: ബിപിഎല്‍ റേഷന്‍ കാര്‍ഡുള്ളവര്‍ക്കും മാരക രോഗങ്ങള്‍ ബാധിച്ചവര്‍ക്കും പഞ്ചായത്ത്, നഗരസഭ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എന്നിവരുടെ സാക്ഷ്യപത്രം ഹാജരാക്കുന്ന നിര്‍ധനരോഗികള്‍ക്കും മുന്‍ഗണന വിഭാഗത്തില്‍ പെടുന്നവര്‍ക്കു നല്‍കുന്നതുപോലെ സൗജന്യ ചികില്‍സ ഉറപ്പാക്കുമെന്ന് വണ്ടാനം ഗവ. റ്റിഡി മെഡിക്കല്‍ കോളജ് സൂപ്രണ്ട്. ജില്ലാ കലക്ടര്‍ റ്റിവി അനുപമയുടെ അധ്യക്ഷതയില്‍ കലക്‌ട്രേറ്റില്‍ നടന്ന ജില്ലാ വികസന സമിതി യോഗത്തിലാണ് സൂപ്രണ്ട് ഇക്കാര്യം അറിയിച്ചത്. പുകയില ഉല്‍പന്നങ്ങളുടെ ഉല്‍പാദനവും വിപണനവും തടയുന്നതിനുള്ള കോട്പ നിയമപ്രകാരം പോലിസ് 44 കേസുകളും എക്‌സൈസ് 307 കേസുകളും രജിസ്റ്റര്‍ ചെയ്തതായി യോഗം വിലയിരുത്തി. എക്‌സൈസ് വകുപ്പ് 54,000 രൂപ പിഴ ഈടാക്കി. പുകയില ഉല്‍പന്നങ്ങള്‍ വിറ്റതിന് എക്‌സൈസ് മൂന്നു കേസുകളെടുത്തു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു സമീപം പുകയില ഉല്‍പന്നങ്ങള്‍ വിറ്റതിന് എക്‌സൈസ് 21 കേസെടുക്കുകയും 4200 രൂപ പിഴയീടാക്കുകയും ചെയ്തു. പോലിസ് 165 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. കാക്കാഴം റെയില്‍വേ മേല്‍പ്പാലത്തില്‍ അപകടങ്ങള്‍ തടയുന്നതിനായി നിരീക്ഷണ കാമറ സ്ഥാപിക്കണമെന്ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്റെ പ്രതിനിധി അരുണ്‍ കുമാര്‍ ആവശ്യപ്പെട്ടു. നഗരത്തിലടക്കം പൊട്ടിയ കുടിവെള്ള വിതരണ പൈപ്പുകള്‍ അടിയന്തരമായി നന്നാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കാമറ സ്ഥാപിക്കാന്‍ കെല്‍ട്രോണ്‍ തയ്യാറാക്കിയ എസ്റ്റിമേറ്റ് കെആര്‍എസ്എയ്ക്ക് സമര്‍പ്പിച്ചതായി ആര്‍ടിഒ പറഞ്ഞു. പാതിരപ്പള്ളി ജങ്ഷനില്‍ ഗതാഗതം നിയന്ത്രിക്കാന്‍ പോലിസിനെ നിയോഗിക്കണമെന്ന് ധനകാര്യമന്ത്രി ഡോ. റ്റിഎം തോമസ് ഐസക്കിന്റെ പ്രതിനിധി കെഡി മഹീന്ദ്രന്‍ ആവശ്യപ്പെട്ടു. ഡോറുകളില്ലാതെ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസ്സുകള്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്നും മല്‍സരയോട്ടം തടയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഹോംഗാര്‍ഡിനെ നിയമിച്ച് അടിയന്തരമായി ഇക്കാര്യം റിപോര്‍ട്ട് ചെയ്യാന്‍ പോലിസിന് കലക്ടര്‍ നിര്‍ദേശം നല്‍കി. സ്വകാര്യബസ്സുകള്‍ക്ക് ഡോറുകള്‍ സ്ഥാപിക്കാന്‍ നവംബര്‍ ആറുവരെ സമയം അനുവദിച്ചിട്ടുണ്ടെന്ന് ആര്‍ടിഒ യോഗത്തെ അറിയിച്ചു. ഹരിപ്പാട് കുടിവെള്ള പദ്ധതിക്കായി വെള്ളം എടുക്കുന്ന മാന്നാര്‍ മുല്ലശ്ശേരിക്കടവില്‍ ഉണ്ടായ തര്‍ക്കം ഉടന്‍ പരിഹരിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രതിനിധി ജില്ലാ പഞ്ചായത്തംഗമായ ജോണ്‍ തോമസ് ആവശ്യപ്പെട്ടു. വീയപുരംകോയില്‍ മുക്ക് റോഡ് ഉടന്‍ സഞ്ചാരയോഗ്യമാക്കണമെന്നും ഹരിപ്പാട് മാധവജങ്ഷനിലെ സിഗ്‌നല്‍ സംവിധാനം നന്നാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മാന്നാര്‍, ചെന്നിത്തല പഞ്ചായത്തുകള്‍ക്കായി തയ്യാറാക്കിയ കുടിവെള്ള വിതരണ പദ്ധതിക്കായി ഒരു കോടി രൂപയുടെ എസ്റ്റിമേറ്റ് നല്‍കിയിട്ടുണ്ടെന്നും മുല്ലശ്ശേരിക്കടവില്‍നിന്ന് വെള്ളം എടുക്കുന്നതിലുള്ള തര്‍ക്കം പരിഹരിച്ചതായും വാട്ടര്‍ അതോറിറ്റി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. മടവീണ് കൃഷി നശിച്ച കര്‍ഷകര്‍ക്ക് ബണ്ട് ബലപ്പെടുത്തിയതിനുള്ള നഷ്ടപരിഹാരം ഉടന്‍ വിതരണം ചെയ്യണമെന്നും കുട്ടനാട്ടില്‍ നെല്‍വിത്ത് വിതരണം ചെയ്യാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും കൊടിക്കുന്നില്‍ സുരേഷ് എംപിയുടെ പ്രതിനിധി എംഎന്‍ ചന്ദ്രപ്രകാശ് ആവശ്യപ്പെട്ടു. പുളിക്കീഴ് ഓരുമുട്ട് നിര്‍മിക്കാനുള്ള ടെണ്ടര്‍ കരാറായതായും ഉടന്‍ നിര്‍മാണം ആരംഭിക്കുമെന്നും ഇറിഗേഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ പറഞ്ഞു. സംസ്ഥാന, കേന്ദ്ര പദ്ധതികളുടെ പുരോഗതിയും എംപി. എംഎല്‍എ എഡിഎഫ് പദ്ധതികളുടെ പുരോഗതിയും യോഗം വിലയിരുത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി വേണുഗോപാല്‍, ജില്ലാ പ്ലാനിങ് ഓഫിസര്‍ എന്‍കെ രാജേന്ദ്രന്‍, ജില്ലാ വികസന സമിതിയംഗങ്ങള്‍, വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss