|    Mar 28 Tue, 2017 11:46 am
FLASH NEWS

നിര്‍ധന കുടുംബത്തോട് അവഗണന: നഗരസഭയ്‌ക്കെതിരേ പ്രതിഷേധം ശക്തമാവുന്നു

Published : 11th July 2016 | Posted By: SMR

ഷൊര്‍ണൂര്‍: അര്‍ബുദം ബാധിച്ചതും മാനസിക വളര്‍ച്ചയെത്താതുമായി രണ്ടുമക്കളുമായി ജീവിക്കുന്ന ശശീന്ദ്രന്റെ നിര്‍ധന കുടുംബത്തോട് ഷൊര്‍ണൂര്‍ നഗരസഭയുടെ അവഗണനക്കെതിരെ പ്രതിഷേധം ശക്തമാവുന്നു. നഗരസഭ 2009ല്‍ അനുവദിച്ച മൂന്നുസെന്റ് സ്ഥലത്ത് നിര്‍മിച്ച വീടിന് നമ്പര്‍ ലഭിക്കാത്തതിനാലാണ് ശശീന്ദ്രന് യാതൊരു ആനുകൂല്യങ്ങളും ലഭ്യമാവാത്തത്. നഗരസഭയുടെ അനുമതിയോടെ നിര്‍മിച്ച വീട് കൃഷി സ്ഥലത്താണെന്ന് ആരോപിച്ച് പാടശേഖരസമിതി പരാതി നല്‍കിയതോടെയാണ് വീടിന് നഗരസഭ നമ്പര്‍ നല്‍കാതിരുന്നത്.
ഇതോടെ റേഷന്‍ കാര്‍ഡും മക്കളായ ഷിജിത്തിനും ഷിബിനുമുള്ള ചികില്‍സാ ആനുകൂല്യങ്ങളൊന്നും തന്നെ ലഭിക്കാതായി. കൂലിപ്പണിയെടുത്ത് ജീവിക്കുന്ന ചുഡുവാലത്തൂര്‍ കുന്നത്തുതൊടി ശശീന്ദ്രന്റെ കുടുംബം ഇതോടെ കുടുതല്‍ ദുരിതത്തിലായി. വില്ലേജോഫിസും നഗരസഭയും മാറി മാറി കയറിയിറങ്ങിയിട്ടും ശശീന്ദ്രന് വീട്ടുനമ്പര്‍ നല്‍കിയിട്ടില്ല. അതേ സമയം വീട് നിര്‍മിക്കാനുള്ള സംഖ്യയും ഭവനനിര്‍മാണ പദ്ധതിയിലുള്‍പ്പെടുത്തിയാണ് നഗരസഭ നല്‍കിയത്. നിര്‍മാണം പൂര്‍ത്തിയായ വീടിന് നാലുവര്‍ഷമായിട്ടും യാതൊരു രേഖകളുമില്ലാത്തതാണ് ഈ കുടുംബത്തെ ദുരിതത്തിലാക്കുന്നത്. അതേസമയം നഗരസഭ പതിച്ചുനല്‍കിയത് കൃഷി സ്ഥലമാണെങ്കില്‍ എന്തുകാരണത്താലാണ് അവിടെ വീട് നിര്‍മിക്കാന്‍ അനുമതി നല്‍കിയതെന്നും വീട് നിര്‍മാണത്തിന് ഭവന നിര്‍മാണ പദ്ധതിയിലൂടെ സഹായം നല്‍കിയതെന്നും ശശീന്ദ്രന്‍ ചോദിക്കുന്നു. എന്നാല്‍ പരാതി ശ്രദ്ധയില്‍പ്പെട്ടതായും ജില്ലാ കലക്ടറുടെ അനുമതിക്കായി നല്‍കിയെന്നും നഗരസഭാ സെക്രട്ടറി സജി പറഞ്ഞു.
പാടശേഖര സമിതി നല്‍കിയ പരാതി പരിശോധിക്കാന്‍ സംഘം സ്ഥലം സന്ദര്‍ശിക്കുമെന്നും അദ്ദേഹം പറഞ്ഞു. റവന്യൂവകുപ്പ് ഇക്കാര്യത്തില്‍ നല്‍കിയ സ്റ്റേയാണ് നമ്പര്‍ നല്‍കാന്‍ തടസമെന്ന് ചെയര്‍പേഴ്‌സണ്‍ വി വിമലയും പറഞ്ഞു. നിര്‍ധന കുടുംബത്തിന് വീട്ടുനമ്പര്‍ ഉള്‍പ്പടെയുള്ള ആനുകൂല്യങ്ങള്‍ നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പട്ടികജാതി പട്ടികവര്‍ഗ പ്രവര്‍ത്തകന്‍ എം പരമേശ്വരന്‍ ഷൊര്‍ണൂര്‍ നഗരസഭയ്ക്ക് മുന്നില്‍ കുത്തിയിരുപ്പ് നടത്തി. സംസ്ഥാന മനുഷ്യാവകാശ കമ്മിഷനും പട്ടികജാതി കമ്മീഷനും ശശീന്ദ്രന്‍ പരാതി നല്‍കുകയും ചെയ്തിട്ടുണ്ട്.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day